ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ അനുഗ്രഹീത ഫെഡറേഷനായ ഫോമായുടെ 2026-ലെ ഒമ്പതാമത് ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷന്റെ ചെയര്‍മാനായി മാത്യൂസ് മുണ്ടയ്ക്കലിനെയും ജനറല്‍ കണ്‍വീനറായി സുബിന്‍ കുമാരനെയും പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി നേമിനേറ്റ് ചെയ്തു. ഫോമായുടെ വിവിധ തലങ്ങളിലുള്ള പ്രതിനിധികളെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്.
ഫോമായുടെ സജീവ പ്രവര്‍ത്തകനായ മാത്യൂസ് മുണ്ടയ്ക്കല്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ തന്റെ നേതൃപാടവം തെളിയിച്ചിട്ടുള്ള സംഘാടകനാണ്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സ്ഥാനങ്ങള്‍ വഹിച്ച ഇദ്ദേഹം നിലവില്‍ മാഗ് ട്രസ്റ്റി ബോര്‍ഡ് മെമ്പറാണ്. ഹൂസ്റ്റണ്‍ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായ മാത്യൂസ് മുണ്ടയ്ക്കല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ഫോറം ചെയര്‍മാനായിരുന്നു. നാട്ടില്‍ ബാലജന സഖ്യത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. കലാലയ ജീവിതത്തില്‍ നേതൃസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യവുമുണ്ട് ഇദ്ദേഹത്തിന്.
യു.എസ്.എ, യു.കെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കിയാന്‍ ഇന്റര്‍നാഷണല്‍ എല്‍.എല്‍.സിയുടെ മാനേജിങ് ഡയറക്ടറായ സുബിന്‍ കുമാരന്‍ ഫോമായുടെ ഊര്‍ജസ്വലനായ പ്രവര്‍ത്തകനാണ്. സതേണ്‍ റീജിയന്റെ ബിസിനസ് ഫോറം ചെയര്‍മാന്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. ലോകകേരള സഭയുടെ അമേരിക്കയില്‍ നിന്നുള്ള പ്രതിനിധിയായ സുബിന്‍ എറണാകുളം മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. മാഗിന്റെ ജനറല്‍ സെക്രട്ടറിയായ സുബിന്‍ കുമാരന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. മൂന്നു വര്‍ഷമായി ഇടുക്കി ജില്ലയിലെ കുറത്തിക്കുടി, പെട്ടിമുടി ആദിവാസി മേഖലയിലെ 100-ലധികം വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്നു.
വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡിയത്തിന് തൊട്ട് എതിര്‍വശത്തുള്ള 'വിന്‍ഡം ഹൂസ്റ്റണ്‍' ഹോട്ടലില്‍ 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് 2026-ലെ ഫോമാ കണ്‍വന്‍ഷന്‍ നടക്കുന്നത്. ഹോട്ടല്‍ അധികൃതരുമായി ഫോമാ ഭാരവാഹികള്‍ കഴിഞ്ഞ ആഴ്ച കോണ്‍ട്രാക്ടില്‍ ഒപ്പുവച്ചിരുന്നു. കണ്‍വന്‍ഷന് 19 മാസം ശേഷിക്കെയാണ് വളരെ നേരത്തെ തന്നെ വേദി നിശ്ചയിച്ചതും മുറികളും മറ്റ് അനുബന്ധ സൗകര്യങ്ങളും മുന്‍കൂട്ടി ഉറപ്പാക്കിയിരിക്കുന്നതും.
വര്‍ണാഭമായ കലാ-സാംസ്‌കാരിക പരിപാടികള്‍ കോര്‍ത്തിണക്കി ഫോമയുടെ ചരിത്രത്തിലെ തന്നെ ഏറ്റം വലിയ ഫാമിലി കണ്‍വന്‍ഷനാണ് ഹൂസ്റ്റണില്‍ വിഭാവനം ചെയ്യുന്നതെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂസ് മുണ്ടയ്ക്കലും ജനറല്‍ കണ്‍വീനര്‍ സുബിന്‍ കുമാരനും പറഞ്ഞു. കണ്‍വന്‍ഷന് ഏവരുടെയും അകമഴിഞ്ഞ സഹകരണമുണ്ടാവണമെന്ന് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
മാത്യൂസ് മുണ്ടയ്ക്കല്‍ -ചെയര്‍മാന്‍
സുബിന്‍ കുമാരന്‍ ജനറല്‍ കണ്‍വീനര്‍