PRAVASI

എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

Blog Image

ബെംഗളൂരു: മുതിർന്ന മാധ്യമ പ്രവർത്തകൻ  എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. ബെംഗളൂരുവിൽ മകളുടെ വസതിയിൽ ഇന്ന് വൈകിട്ട് ആയിരുന്നു അന്ത്യം. 85 വയസായിരുന്നു. മലയാളത്തിൽ വാർത്താ വാരികകൾക്ക് സവിശേഷമായ വ്യക്തിത്വം സമ്മാനിച്ച പത്രാധിപരാണ് ജയചന്ദ്രൻ നായർ. തിരക്കഥാകൃത്ത്, എഴുത്തുകാരൻ, നിരൂപകൻ എന്നിങ്ങനെ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദീർഘകാലം കലാകൗമുദി, സമകാലിക മലയാളം വാരികകളുടെ പത്രാധിപത്യം വഹിച്ചു.

കെ ബാലകൃഷ്ണന്‍റെ കൗമുദിയിൽ 1957 ൽ പത്രപ്രവർത്തനം തുടങ്ങിയ ജയചന്ദ്രൻ നായർ തുടർന്ന് മലയാള ശബ്ദത്തിലും കേരളകൗമുദിയിലും പ്രവർത്തിച്ചു. അന്വേഷണാത്മക പത്രപ്രവർത്തനത്തിൽ മികവ് തെളിയിച്ചു. 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് പത്രാധിപരുമായി. 1997ൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക ആരംഭിച്ചപ്പോൾ അതിന്‍റെ പത്രാധിപരായി.

എം കൃഷ്ണൻ നായരുടെ പ്രശസ്ത പംക്തി സാഹിത്യ വാരഫലം മുടങ്ങാതെ പ്രസിദ്ധീകരിച്ചത് ജയചന്ദ്രൻ നായരുടെ വാരികകളിൽ ആയിരുന്നു. എം ടിയുടെ രണ്ടാമൂഴം കലാകൗമുദി പ്രസിദ്ധീകരിച്ചത് അദ്ദേഹം പത്രാധിപർ ആയിരിക്കുമ്പോഴാണ്. കഥകൾക്കും നോവലുകൾക്കും മിഴിവേകാൻ നമ്പൂതിരിയുടെ വര മാധ്യമമാക്കിയ എഡിറ്ററും ജയചന്ദ്രൻ നായരാണ്. നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ ഷാജി എൻ കരുണിന്‍റെ പിറവിയുടെ തിരക്കഥാകൃത്തും നിർമാതാവും ജയചന്ദ്രൻ നായരായിരുന്നു.

ഷാജിക്ക് വേണ്ടി സ്വം എന്ന ചിത്രവും തിരക്കഥഎഴുതി നിർമിച്ചിട്ടുണ്ട്. എന്റെ പ്രദക്ഷിണവഴികള്‍, റോസാദളങ്ങള്‍, പുഴകളും കടലും എന്നീ കൃതികളുടെ രചയിതാവാണ്. എന്റെ പ്രദക്ഷിണവഴികള്‍ സാഹിത്യ അക്കാദമി പുരസ്‌കാരം നേടി. പത്രപ്രവര്‍ത്തന മികവിന് കെ ബാലകൃഷ്ണന്‍ അവാര്‍ഡ്, കെ സി സബാസ്റ്റ്യന്‍ അവാര്‍ഡ്, എം വി പൈലി ജേണലിസം അവാര്‍ഡ്, കെ വിജയരാഘവന്‍  സ്മാരക പുരസ്‌കാരം, സി.എച്ച്. മുഹമ്മദ് കോയ ജേണലിസം അവാര്‍ഡ്  എന്നിവ നേടിയിട്ടുണ്ട്.

2012 ൽ മലയാളം വാരികയുടെ പത്രാധിപത്യം ഒഴിഞ്ഞ ശേഷം ബംഗളൂരുവിൽ മകൾക്കും ഭാര്യക്കും ഒപ്പം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മികച്ച വായനക്കാരൻ കൂടിയായ ജയചന്ദ്രൻ നായർ വിശ്വ സാഹിത്യത്തിലെ പുതിയ രചനകളെ പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ അടുത്ത കാലം വരെ എഴുതിയിരുന്നു. സരസ്വതി അമ്മയാണ് ഭാര്യ. ഇംഗ്ലണ്ടിൽ ഡോക്ടറായ ഡോ. ജയ്ദീപും സോഫ്റ്റ്‌വെയർ എൻജിനീയറായ ദീപയും മക്കളാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.