കൊച്ചി കലൂരിലെ നൃത്തപരിപാടിക്കിടെ ഉണ്ടായ അപകടത്തിൽ നിർണായകമാകുമായിരുന്ന മൊഴി നഷ്ടപ്പെടുത്തി പോലീസ് അന്വേഷണസംഘം. സംഘാടകരായിരുന്ന മൃദംഗവിഷൻ്റെ ഇടപാടുകൾ സംബന്ധിച്ച് കൃത്യം വിവരം നൽകാൻ കഴിയുമായിരുന്ന സാക്ഷിയാണ് നടിയും അപകടമുണ്ടായ പരിപാടിയിലെ നർത്തകിയുമായിരുന്ന ദിവ്യ ഉണ്ണി. മൊഴിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പോലീസ് ഒരു നോട്ടീസ് പോലും നൽകാത്ത സാഹചര്യത്തിൽ തിരികെ അമേരിക്കയിലേക്ക് പോയിക്കഴിഞ്ഞു ദിവ്യ.
വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാണ് ദിവ്യ ഉണ്ണി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിക്കായി മാത്രമാണ് ഏറെക്കാലത്തിന് ശേഷം നാട്ടിലെത്തിയത്. ഇത് മനസിലാക്കി മുൻകൂർ നോട്ടീസ് നൽകാനുള്ള ജാഗ്രത പോലും പോലീസിനുണ്ടായില്ല. ഇതോടെ ഇന്നലെ രാത്രി ദിവ്യ സിംഗപ്പൂര്‍ വഴി അമേരിക്കയിലേക്ക് പോയി. ആവശ്യമെങ്കില്‍ വിളിച്ചു വരുത്തുമെന്നാണ് ഇപ്പോൾ പോലീസിൻ്റെ ഭാഷ്യം. അങ്ങനെ പോലീസ് വിളിച്ചാൽ വരുമോയെന്ന് കണ്ടുതന്നെ അറിയണം. പ്രത്യേകിച്ച് അവർ വാദിയോ പ്രതിയോ അല്ലാത്ത കേസിൽ.
ഉമാ തോമസിന്റെ അപകടം കൂടാതെ പരിപാടിയുടെ പേരില്‍ മൃദംഗവിഷന്‍ കോടികള്‍ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തി എന്നും പരാതികൾ ഉയർന്നിട്ടുണ്ട്. ഓരോ കുട്ടിയില്‍ നിന്നും രജിസ്‌ട്രേഷന്‍, വസ്ത്രം എന്നിവയുടെ പേരില്‍ 5000 രൂപ വരെ പിരിച്ചു എന്നാണ് ആരോപണം. പരിപാടിക്ക് നേതൃത്വം നല്‍കിയ ആള്‍ എന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ ദിവ്യ ഉണ്ണിയുടെ മൊഴി നിര്‍ണ്ണായകമായിരുന്നു. കല്യാൺ സിൽക്സിൽ വെറും 390 രൂപക്ക് വാങ്ങിയ സാരി ഓരോന്നും ഡാൻസിനെത്തിയ കുട്ടികൾക്ക് നൽകിയത് 1600 രൂപക്കാണെന്നും വ്യക്തമായിരുന്നു.
ഗിന്നസ് റെക്കോര്‍ഡിനായുള്ള നൃത്ത പരിപാടിയിലെ സുരക്ഷാ പ്രശ്‌നങ്ങളിലെ അന്വേഷണത്തില്‍ പോലീസിന് വീഴ്ച. ഉമാ തോമസ് എംഎല്‍എക്ക് ഗുരുതര പരിക്കേറ്റ അപകടത്തില്‍ വിപുലമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറയുമ്പോഴും അത്ര കൃത്യമല്ല കാര്യങ്ങള്‍. പരിപാടിയടെ മുഖ്യ സംഘാടകരായ മൃദംഗ വിഷനില്‍ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്ന് മൃദംഗവിഷന്‍ ഉടമ നിഗോഷ് കുമാര്‍ പോലീസില്‍ കീഴടങ്ങി. അതും ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം ഉണ്ടായതിന് ശേഷം മാത്രമാണ്.