സംഗീതസംവിധായകൻ കെ ജെ ജോയിയുടെ വാക്കുകളാണ് ഓർമ്മയിൽ.
ചെന്നൈയിലെ വിശാലമായ വസതിയുടെ ഒരു കോണിലെ കിടപ്പുമുറിയിൽ നിശ്ചലനായി മലർന്നു കിടന്നുകൊണ്ട് ജോയ് പറയുന്നു: തളർച്ച ബാധിക്കാത്ത ശബ്ദത്തിൽ...
"അനുപല്ലവി എന്ന സിനിമയിലെ എൻ സ്വരം പൂവിടും എന്ന പാട്ട് കേട്ടുനോക്കൂ. എന്റെ പാട്ടാണ്. പഴയതാണെന്ന് ആരെങ്കിലും പറയുമോ? ഇറ്റ്സ് എ ടൈംലെസ്സ് സോംഗ്....ഏത് കാലത്തിനും യോജിച്ചത്."
കാലാതിവർത്തിയായ ആ പാട്ടിന് വെള്ളിത്തിരയിൽ ജീവൻ പകർന്ന നടൻ ഇനി ഓർമ്മ. 1970 കളുടെയും 80 കളുടെയും സ്വപ്നനായകനായിരുന്ന രവികുമാർ വിടവാങ്ങുമ്പോൾ തിരശ്ശീല വീഴുന്നത് അനശ്വര പ്രണയഗാനങ്ങളുടെ ഒരു യുഗത്തിനാണ്. ആയിരം മാതളപ്പൂക്കൾ (അനുപല്ലവി), മിഴിയിലെന്നും നീ ചൂടും നാണം (ശക്തി), ഇണക്കമോ പിണക്കമോ (ലിസ), സന്ധ്യ തൻ അമ്പലത്തിൽ (അഭിനിവേശം)....
ഐ വി ശശിയുടെ "പകലിൽ ഒരു ഇരവ്" എന്ന തമിഴ് ചിത്രത്തിൽ ഇളയരാജയുടെ എക്കാലത്തേയും മികച്ച പ്രണയഗാനരംഗങ്ങളിലൊന്നിലും കാണാം രവികുമാറിനെ: എസ് പി ബി പാടിയ "ഇളമൈ എനും പൂങ്കാറ്റ്.." ഗാനരംഗത്ത് ഒപ്പം അഭിനയിച്ചത് ശ്രീദേവി.
മലയാളസിനിമയിൽ ജോയിയും ശ്യാമുമൊക്കെ ചേർന്ന് നിറം പകർന്ന സംഗീതകാലത്തിന്റെ കാമുകരൂപമായിരുന്നു രവികുമാർ. സുധീർ, വിൻസന്റ്, മോഹൻ, ജോസ്, രാഘവൻ എന്നിവരുൾപ്പെട്ട കാലഘട്ടത്തിന്റെ പ്രതിനിധി.
അഭിനയിച്ച ഗാനരംഗങ്ങളിൽ ഏറ്റവും വിഷാദസാന്ദ്രമായ ഓർമ്മ "പ്രണയസരോവര തീരം" (ഇന്നലെ ഇന്ന്) ആണെന്ന് പറഞ്ഞിട്ടുണ്ട് വിധുബാല. കാൽ നഷ്ടപ്പെട്ട രവികുമാറിന്റെ കഥാപാത്രം വയലിൻ മീട്ടി പാടുന്ന പാട്ട്. അഭിനിവേശത്തിലെ മരീചികേ മരീചികേ ആണ് രവികുമാർ സ്‌ക്രീനിൽ അവതരിപ്പിച്ച മറക്കാനാവാത്ത മറ്റൊരു വിഷാദഗാനം. "അവളുടെ രാവുകളി"ലെ അന്തരിന്ദ്രിയ ദാഹങ്ങൾ വ്യത്യസ്തമായ വേറൊരു ദൃശ്യ - ശ്രവ്യാനുഭവം.
ഏറ്റവും വലിയ ഹിറ്റ് ഇതൊന്നുമല്ല. "സർപ്പ"ത്തിലെ വിഖ്യാതമായ ആ ഖവാലി: സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ...
പ്രേംനസീറിനും വിധുബാലക്കും ഭവാനിക്കുമൊപ്പം രവികുമാർ സ്‌ക്രീനിൽ പാടിത്തകർത്ത പാട്ട്. യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, പി സുശീല, വാണിജയറാം എന്നീ ഗായകരുടെ അപൂർവ സ്വരസംഗമം. പാട്ടെഴുതിയത് ബിച്ചു തിരുമല. ഈണമിട്ടത് കെ ജെ ജോയ്. ഫറോക്കിലെ പഴയ പൂതേരി പാലസിൽ വെച്ചായിരുന്നു ഗാനചിത്രീകരണം. വിധുബാലയുടെയും ഭവാനിയുടെയും ജീവിത പങ്കാളികളായ മുരളിയുടേയും രഘുകുമാറിന്റെയും കുടുംബവീട് എന്ന പ്രത്യേകത കൂടിയുണ്ട് കൊട്ടാര സദൃശമായ പൂതേരി "ഇല്ല"ത്തിന്.
ഓർമ്മകളിൽ രവികുമാറിലെ കാമുകൻ പാടിക്കൊണ്ടിരിക്കുന്നു:
"ഇനിയൊരുശിശിരം തളിരിടുമോ
അതിലൊരു ഹൃദയം കതിരിടുമോ
കരളുകളുരുകും സംഗീതമേ
വരൂ വീണയിൽ നീ അനുപല്ലവി..."