ടൊറന്റോ: കാനഡയിലെ ഏറ്റവും തിരക്കേറിയ സ്ഥലം വീണ്ടും മലയാളിത്തിരക്കിന്റെ ചരിത്രമെഴുതാൻ ഒരുങ്ങുന്നു. കഴിഞ്ഞവർഷം മുപ്പതിനായിരത്തിലേറെ കാണികളെ ആകർഷിച്ച ലെവിറ്റേറ്റിന്റെ മഹാഓണം ഇക്കുറിയും സെപ്റ്റംബർ ഏഴിന് അരങ്ങേറും, ഞായറാഴ്ച, യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ…കേരളത്തിന്റെ വിളവെടുപ്പ് ഉൽസവവുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികളും ആഘോഷങ്ങളുമെല്ലാമായി… ഇക്കുറി കൂടുതൽ പുതുമകളോടെയാകും തിരുവോണത്തിനു പിന്നാലെ മഹാഓണം ആഘോഷിക്കുകയെന്ന് മുഖ്യസംഘാടകൻ ജെറിൻ രാജ് അറിയിച്ചു.
മഹാഒരുമയുടെ പെരുമയുമായി വടക്കൻ അമേരിക്കയിലെതന്നെ ഏറ്റവും വലിയ മലയാളിക്കൂട്ടായ്മയായി മാറിയിരുന്നു മഹാഓണം. കനേഡിയൻ ജനതയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ടൊറന്റോയുടെ തിരുമുറ്റത്ത് തിരുവോണത്തിന്റെ മഹാആഘോഷം ഒരുക്കിയത്. കാനഡയിലെ ഏറ്റവും വലിയ നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികൾ നടക്കുന്ന ഇത്തരത്തിലൊരു വേദിയിൽ മലയാളികളുടേതായ പരിപാടി ഇതാദ്യമായിരുന്നു.
മഹാചെണ്ടമേളത്തോടെയാകും സാങ്കോഫ സ്ക്വയർ എന്ന യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ മഹാഓണത്തിന് കൊടിയേറുക. നൂറോളം കലാകാരന്മാരെ അണിനിരത്താനാണ് ശ്രമം. ആഘോഷത്തിന് മാറ്റുകൂട്ടാൻ കേരളീയ കലാരൂപങ്ങൾ വേറെയുമുണ്ടാകും. അണിയറയിൽ പരിപാടികളുടെ ഒരുക്കങ്ങളുടെ ചർച്ചയിലാണ് സംഘാടകർ. സംഗീത-നൃത്ത പരിപാടികളും ഗാനമേളയും ഡിജെയുമെല്ലാമായി ഒരുദിവസം മുഴുവൻ ആഘോഷത്തിന്റെ പുതുപ്പെരുമ ഒരുക്കുകയാണ് ലക്ഷ്യം.
രാജ്യാന്തര വിദ്യാർഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവർക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റിന് തുടക്കംകുറിച്ചത്. കഴിഞ്ഞതവണ മഹാഓണം പരിപാടിയോടനുബന്ധിച്ച് മാത്രം ആയിരത്തോളം കലാകാരന്മാർക്കാണ് അവസരം ഒരുക്കിയത്. നൂറോളം കലാകാരന്മാരെ പങ്കെടുപ്പിച്ച് മൂന്നു ഭാഗങ്ങളിലായി ലൈവ് ആയി അവതരിപ്പിച്ച ‘അപ്പാപ്പനും മകനും’ ശ്രദ്ധേയമായിരുന്നു.
മഹാഓണത്തിന്റെ തീയതി പ്രഖ്യാപിച്ച കൂട്ടായ്മയിൽ പൊതുപ്രവർത്തകരും സംരംഭകരും മാധ്യമപ്രവർത്തകരും മറ്റും സന്നിഹിതരായിരുന്നു. കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥി ബെലന്റ് മാത്യു, ലെവിറ്റേറ്റിന്റെ മുൻകാല സ്പോൺസർമാരായ ഡിനി ജോസ് (ലൈംഫൈ), സജി മംഗലത്ത് (റോയൽ കേരള), റിയൽറ്റർമാരായ ജെഫിൻ വാലയിൽ ജോസഫ്, സന്തോഷ് ജേക്കബ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അജീഷ് രാജേന്ദ്രൻ, തെരേസ, ബിജു, അഭിലാഷ്, റിയൽറ്റർമാരായ ജോബിഷ് ബേബി, അലക്സ് അലക്സാണ്ടർ, സിജി ആന്റണി, കലാകാരന്മാരെ പ്രതിനിധീകരിച്ച് ഋക്ഥ, ജയറാണി, ജോസിയോൺ, ബിജു മുണ്ടയ്ക്കൽ, അനുപമ വർമ എന്നിവരും ആഷ റെജി, വിനോദ് ജോൺ, ജിത്തു ദാമോദർ, തോമസ് വാഴയിൽ തുടങ്ങിയവരും പ്രസംഗിച്ചു. അഞ്ജലി ആൻ ജോൺ, അമൽ പ്രമോദ് എന്നിവരുടെ ഗാനങ്ങളും ഫറാസ് ഒരുക്കിയ ഡിജെയുമുണ്ടായിരുന്നു.
മരിയ നികിത, ഫറാസ് മുഹമ്മദ്, ആൻസി ഏബ്രഹാം, അലീന തോമസ്, ജോർജുകുട്ടി തോമസ്, ജെഫി ജോൺസൺ, റെൽക രതീഷ്, സന്ദീപ് രാജ്കുമാർ, ആദർശ്, വെൽമ ഡോൺസൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മഹാഓണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.
വിവിധ തലങ്ങളിലുള്ള സ്പോൺസർഷിപ്പിനും അവസരമുണ്ട്. ഡിജിറ്റൽ ഡിസ്പ്ളേകളാൽ സമ്പന്നമായ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ നടക്കുന്ന മഹാഓണം പരിപാടിക്കു പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും കലാപരിപാടികളുടെ റജിസ്ട്രേഷനും മറ്റും ലെവിറ്റേറ്റിന്റെയും മഹാഓണത്തിന്റെയും വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്: levitatateinc.ca
ഫോൺ: 647-781-4743
ഇമെയിൽ: contact@levitateinc.ca