വയനാട്ടിൽ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികൾ അനന്തമായി നീണ്ടുപോകുന്നത് തിരഞ്ഞെടുപ്പുകൾ അടുത്തുവരുമ്പോൾ തിരിച്ചടിയാകുമെന്ന തിരിച്ചറിവിൽ മുന്നിട്ടിറങ്ങി മുസ്ലീംലീഗ്. മനപൂർവം നടപടികൾ സർക്കാർ നീട്ടിക്കൊണ്ടു പോകുകയാണെന്ന വികാരവും പ്രാദേശികമായി പലരും പങ്കുവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും വൈകുന്നത് എല്ലാവർക്കും മടുപ്പ് ഉണ്ടാക്കുമെന്നും ലീഗ് നേതൃത്വം തിരിച്ചറിഞ്ഞു.
ഉരുൾപൊട്ടൽ ദുരന്ത ബാധിതര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച 100 വീടുകള്‍ സ്വന്തം നിലയ്ക്ക് നിര്‍മിച്ചുനൽകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ തീരുമാനത്തിന് ഇതുവരെ കാത്തെന്നും ഇനി കഴിയില്ലെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു. റമദാന് ശേഷം വീടുകളുടെ നിര്‍മാണം തുടങ്ങുമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
“ജനങ്ങളോട് മറുപടി പറയേണ്ടതല്ലേ. ഇനിയൊട്ടും സമയം കളയാതെ പുനരധിവാസം ഉറപ്പുവരുത്തണം. ഇപ്പോൾ കണ്ടെത്തിയ സ്ഥലത്ത് നൂറുവീടുകൾക്കുള്ള നടപടി ഉടനടി തുടങ്ങും. ഈ സ്ഥലം ടൗണിനോടടുത്താണ്. ഏവർക്കും അനുയോജ്യമാണ്.” – സര്‍ക്കാരിന്റെ സഹായം എല്ലാവർക്കും കിട്ടുമല്ലോയെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.