ചിക്കാഗോ: 2023 ഒക്ടോബര്‍ ഏഴിന് ഒരപ്രതീക്ഷിത ആക്രമണത്തിലൂടെ 1200 ഇസ്രയേലി പൗരരെ വധിക്കുകയും അമേരിക്കന്‍ പൗരര്‍ ഉള്‍പ്പെടെ 250-ല്‍ പരം വ്യക്തികളെ ബന്ദികളാക്കുകയും ചെയ്ത ഹമാസിന്‍റെയും ഇതര ഇസ്ലാമിക ഭീകരസംഘടനകളുടെയും ക്രൂരത ആഗോളതലത്തില്‍ അപലപിക്കപ്പെടുകയുണ്ടായി. അമേരിക്കന്‍ ഭരണകൂടവും ജനതയും ഏതാണ്ട് ഒറ്റക്കെട്ടായി ഈ ദുരന്തം നേരിടുന്നതില്‍ ഇസ്രയേലി ഭരണാധികാരികള്‍ക്കും ജനതയ്ക്കും ഐക്യദാര്‍ഢ്യവും പിന്തുണയുമായി നിലപാട് സ്വീകരിക്കുകയും ചെയ്തു. അത്യാധുനിക യുദ്ധോപകരണങ്ങളും സാമ്പത്തിക സഹായങ്ങളും നിര്‍ലോഭമായി അമേരിക്കയില്‍ നിന്ന് ഇസ്രയേലിന് നല്‍കുന്നുമുണ്ട്. ആറ് മാസത്തിലധികമായി തുടരുന്ന യുദ്ധത്തില്‍ 34000-ത്തിലധികം പലസ്തീനികളെ വധിക്കുകയും പലസ്തീന്‍ ജനതയെ സ്വന്തം ദേശത്ത് അഭയാര്‍ത്ഥികളായി കഴിയേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്തിട്ടും ഹമാസിനെ പൂര്‍ണമായും കീഴടക്കുന്നതില്‍ ഇസ്രയേലി സേന വിജയിച്ചില്ല. ഹമാസ് പൂര്‍ണമായും കീഴടങ്ങുംവരെ യുദ്ധം തുടരുമെന്ന കടുത്ത നിലപാടാണ് ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചിട്ടുള്ളത്.
ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം അവസാനിപ്പിക്കുവാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങള്‍ എല്ലാം വിഫലമായിരിക്കുകയാണ്. അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്‍റണി ബ്ലിങ്കന്‍ തുടര്‍ച്ചയായി ഇസ്രയേലി നേതൃത്വവും വിവിധ ഇസ്ലാമിക ഭരണകൂടങ്ങളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിട്ടും വെടിനിര്‍ത്തല്‍ ലക്ഷ്യം കാണാതെ നീളുന്നു. മരണ നിരക്ക് ഓരോ ദിനവും ഉയരുന്നു. ഗാസയിലെ ജനതയുടെ ദുരിതം നമുക്ക് അനുമാനിക്കാവുന്നതിലധികമായി തുടരുകയും ചെയ്യുന്നു.
വാരാന്ത്യങ്ങളില്‍ മാത്രമായി പ്രധാന നഗരങ്ങളില്‍ നടന്നിരുന്ന യുദ്ധവിരുദ്ധ പ്രകടനങ്ങള്‍ ഇപ്പോള്‍ അമേരിക്കയുടെ ഒട്ടുമിക്ക യൂണിവേഴ്സിറ്റികളിലേയ്ക്കും ആളിപടര്‍ന്നിരിക്കുകയാണ്. യൂണിവേഴ്സിറ്റി കാമ്പസുകളില്‍ ടെന്‍റ് സ്ഥാപിച്ച് കിടന്നുറങ്ങിയും ക്ലാസ്മുറികള്‍ കയ്യേറിയും പ്രതിഷേധം വ്യാപിക്കുന്നു. കമ്യൂണിറ്റി കോളജുകളിലേക്കും ഏതാനും ഹൈസ്കൂളുകളിലേയ്ക്കു കൂടിയും യുദ്ധവിരുദ്ധ പ്രക്ഷോഭം പടര്‍ന്നിട്ടുണ്ട്. പലയിടങ്ങളിലും പ്രക്ഷോപകാരികളെ കാമ്പസുകളില്‍നിന്ന് നീക്കംചെയ്യുവാന്‍ പോലീസിന് ഇടപെടേണ്ടിവന്നിട്ടുമുണ്ട്.
കാമ്പസ് പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പം സാമൂഹ്യവിരുദ്ധരും കടന്നുകൂടിയിട്ടുണ്ടെന്നത് ആശങ്കാജനകമാണ്. ഇസ്രയേലി ഭരണകൂടത്തിന് എതിരെ മാത്രമല്ല ഇവരുടെ പ്രതിഷേധം, യഹൂദ ജനതയ്ക്കെതിരെ കൂടിയാണ്. ഇസ്രയേലിനും യഹൂദജനതയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുള്ള കൗണ്ടര്‍ പ്രകടനങ്ങള്‍ കാമ്പസുകളില്‍ ചിലയിടങ്ങളിലെങ്കിലും സ്ഫോടനാത്മകമായൊരു സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. കൊളംബിയാ യൂണിവേഴ്സിറ്റി ഈ വര്‍ഷത്തെ ഗ്രാജ്വേഷന്‍ ചടങ്ങുകള്‍ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായി. മറ്റ് പല യൂണിവേഴ്സിറ്റികളും അതേ പാത സ്വീകരിക്കുവാനും നിര്‍ബന്ധിതരാകും. ഗ്രാജ്വേഷന്‍ ചടങ്ങുകള്‍ നടക്കുന്ന യൂണിവേഴ്സിറ്റികളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുവാനോ ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുവാനോ ഉള്ള സാധ്യത തള്ളിക്കളയുവാനോ കഴിയില്ല ഇപ്പോഴത്തെ സാഹചര്യത്തില്‍. അത്തരം നടപടികള്‍ തികച്ചും അപലപനീയവും വിദ്യാര്‍ത്ഥിസമൂഹത്തോടുള്ള ക്രൂരതയുമാകും.
അക്രമാസക്തമായി കാമ്പസുകളില്‍ പടരുന്ന പ്രക്ഷോഭങ്ങളോട് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും പൂര്‍ണമായ വിയോജിപ്പാണുള്ളത്. പൊതുസമൂഹത്തില്‍ പരക്കെ ആശങ്കയും പരന്നിട്ടുണ്ട്. പ്രക്ഷോപക്കാരെ ശക്തമായി നേരിടണമെന്ന അഭിപ്രായമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വത്തിന്. പ്രക്ഷോഭത്തെ നേരിടുവാന്‍ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കണമെന്ന് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പ്രസിഡണ്ട് ജോ ബൈഡനോട് പരസ്യമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. സര്‍വ്വകലാശാലകളിലെ സംഘര്‍ഷത്തോട് പ്രസിഡണ്ട് ജോ ബൈഡന്‍, വൈസ് പ്രസിഡണ്ട് കമലാ ഹാരിസ്സ്, യഹൂദവംശജന്‍ കൂടിയായ സെനറ്റ് മജോറിട്ടി ലീഡര്‍ ചക്ക് ഷൂമര്‍ എന്നിവര്‍ പുലര്‍ത്തുന്ന മൃദു സമീപനം നിരുത്തരവാദപരമാണെന്ന് അദ്ദേഹം ആരോപിക്കുകയുമുണ്ടായി.
ഭരണഘടന പൗരര്‍ക്ക് നല്കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ് പ്രതിഷേധിക്കുവാനുള്ള അവകാശം എന്ന നിലപാടാണ് കാമ്പസ് പ്രതിഷേധ വിഷയത്തില്‍ പ്രസിഡണ്ട് ജോ ബൈഡനുള്ളത്. എന്നാല്‍ പ്രതിഷേധങ്ങള്‍ പൂര്‍ണമായും നിയമപരവും സമാധാനപരവുമായിരിക്കണമെന്ന് അദ്ദേഹം താക്കീത് നല്കുകയുമുണ്ടായി. പ്രക്ഷോപകരെ പ്രതിരോധിക്കുവാന്‍ കാമ്പസുകളില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിപ്പിക്കണമെന്ന റിപ്പബ്ലിക്കന്‍ നിര്‍ദേശം പ്രസിഡണ്ട് ജോ ബൈഡന്‍ തള്ളുകയും ചെയ്തു. വിയറ്റ്നാം യുദ്ധകാലത്തെ കാമ്പസ് പ്രക്ഷോഭങ്ങള്‍ നേരിടുവാന്‍ നാഷണല്‍ ഗാര്‍ഡിനെ ചുമതലപ്പെടുത്തിയ നടപടി സൃഷ്ടിച്ച ദുരന്തവും അതിനെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധങ്ങളും ജോ ബൈഡന്‍റെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ടാകും. എങ്കിലും പലസ്തീന്‍ യുദ്ധത്തില്‍ ഇസ്രയേലിനോടുള്ള അമേരിക്കയുടെ സമീപനത്തിലും ഇസ്രയേലിനു നല്‍കുന്ന സാമ്പത്തിക-ആയുധ സഹായങ്ങളിലും യാതൊരു മാറ്റത്തിനും തന്‍റെ ഭരണകൂടം തയ്യാറാകില്ലെന്ന് അമേരിക്കന്‍ ജനതയ്ക്ക് അദ്ദേഹം ഉറപ്പും നല്‍കി.
കാമ്പസ് പ്രക്ഷോപകരുടെ മുഖ്യ ആവശ്യം ഇസ്രയേലിന് ആയുധങ്ങളോ ഇതര സൈനിക സഹായങ്ങളോ നല്‍കുന്ന ബിസിനസ് സ്ഥാപനങ്ങളിലും കോര്‍പറേഷനുകളിലും തങ്ങളുടെ യൂണിവേഴ്സിറ്റിയ്ക്കുള്ള നിക്ഷേപങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്നുള്ളതാണ്. ഒട്ടുമിക്ക യൂണിവേഴ്സിറ്റികളും വിദ്യാര്‍ത്ഥികളുടെ ഈ ആവശ്യം നിരസിച്ചു. എങ്കിലും ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി വിഷയം പരിശോധിക്കാമെന്നും പ്രക്ഷോപകരെ അനുനയിപ്പിക്കുവാന്‍ പലസ്തീനില്‍നിന്നുള്ള ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനായി സ്കോളര്‍ഷിപ് ഏര്‍പ്പെടുത്താമെന്ന് വാഗ്ദാനവും നല്‍കി.
പ്രതിഷേധങ്ങളും വിയോജിക്കുവാനുള്ള അവകാശവും പൗരാവകാശങ്ങളും ജനാധിപത്യ സംസ്കാരത്തിലെ കാതലായ ഘടകങ്ങളാണ്. പൗരാവകാശങ്ങള്‍ക്കായി, വര്‍ണവിവേചനം നടപ്പാക്കിയ 'ജിം ക്രോ' നിയമങ്ങള്‍ക്കെതിരെ, 65000-ത്തോളം അമേരിക്കന്‍ ജീവനുകള്‍ കുരുതികൊടുത്ത വിയറ്റ്നാം യുദ്ധത്തിനെതിരെ, കറുത്ത വംശജര്‍ അനുഭവിക്കുന്ന നീതിനിഷേധവും അക്രമങ്ങള്‍ക്കുമെതിരെയെല്ലാം അമേരിക്കയില്‍ പൊട്ടിപുറപ്പെട്ട ദീര്‍ഘമായ പ്രതിഷേധങ്ങളും പോരാട്ടങ്ങളും അമേരിക്കന്‍ ജനാധിപത്യത്തെ ബലവത്താക്കുവാനും അര്‍ത്ഥവത്താക്കുവാനും സഹായിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കം ലേശംപോലുമില്ല. ഏഷ്യന്‍ വംശജരായ നാമും പ്രസ്തുത സമരങ്ങളുടെ ഗുണഭോക്താക്കളാണ്. പ്രതികരണശേഷിയില്ലാത്തൊരു സമൂഹം നിരന്തരം പീഡനത്തിനും അവഗണനകള്‍ക്കും ഇരയാവുകയും ചെയ്യുമെന്ന് ഓര്‍മിക്കുക.
പലസ്തീന്‍യുദ്ധം വിട്ടുവീഴ്ചകൂടാതെ തുടരും എന്നുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നിലപാട് പ്രസിഡണ്ട് ജോ ബൈഡനും അമേരിക്കയ്ക്കും ഒരു വിഷമസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പലസ്തീന്‍ ജനതയുടെ യാതനകളും മുറവിളികളും കണ്ടില്ലെന്ന് നടിക്കുവാന്‍ നമുക്കിനിയും ആവില്ല. 50 ശതമാനത്തിലധികം അമേരിക്കന്‍ ജനത യുദ്ധം തുടരുമെന്നുള്ള ഇസ്രയേലിന്‍റെ ധാര്‍ഷ്ഠ്യത്തെ തള്ളിക്കളഞ്ഞു കഴിഞ്ഞു. അപ്പോഴും ഹമാസിന്‍റെ ക്രൂരതകള്‍ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സമാധാനകാംക്ഷികളായ ലോകജനത തയ്യാറായിട്ടുമില്ല. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഹമാസിന്‍റെ നിയന്ത്രണത്തില്‍നിന്ന് പൂര്‍ണമായും മോചിതരാകുവാന്‍ പലസ്തീന്‍ ജനത തയ്യാറായാല്‍ മാത്രമെ പലസ്തീന്‍ ഉള്‍പ്പെടെയുള്ള മദ്ധ്യപൂര്‍വദേശത്ത് ശാശ്വത സമാധാനം സ്ഥാപിതമാകൂ.
ജോസ് കല്ലിടിക്കില്‍