ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ് പി എം സി ) ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി
ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ് പി എം സി ) ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി.
ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ .ഏപ്രിൽ 27 നു ശനിയാഴ്ച വൈകുന്നേരം 5.30 നു പരിപാടികൾ ആരംഭിച്ചു.
പെയർലാൻഡിലും പരിസരപ്രദേശത്തുമായി താമസിക്കുന്ന മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി 16 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച എഫ് പി എം സി നിരവധി കർമ്മപരിപാടികളാണ് വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. 2024 ലെ കുടുംബസംഗമം വൻ വിജയമാക്കി തീർത്ത എല്ലാ അംഗങ്ങളോടും ഭാരവാഹികൾ നന്ദി അറിയിച്ചു.
സെക്രട്ടറി റോയ് മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡണ്ട് സന്തോഷ് ഐപ്പ് അധ്യക്ഷത വഹിച്ചു. പ്രവാസികളായ നമ്മുടെ കൂട്ടായ്‍മയുടെ പ്രസക്തിയെക്കുറിച്ചും വരും തലമുറയ്ക്ക് നമുക്ക് നൽകാൻ അല്ലെങ്കിൽ കൈമാറിക്കൊടുക്കാൻ കഴിയുന്ന നമ്മുടെ സ്വന്തം കേരളത്തിന്റെ മലയാളി തനിമയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും സന്തോഷ് പ്രസംഗത്തിൽ സൂചിപ്പിച്ചു.
തുടർന്ന് നടന്ന കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും ഒന്നിനൊന്നു മെച്ചപ്പെട്ട പരിപാടികൾ നടത്തി വേദിയെ സമ്പന്നമാക്കി. താളലയങ്ങളോടെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾ നയന മനോഹര കാഴ്ചകളൊരുക്കി. കർണ്ണാനന്ദകരമായ ശ്രുതിമധുരമായ ഗാനങ്ങൾ പാടി പെയലാൻഡിലെ മലയാളി സുഹൃത്തുക്കൾ താരങ്ങളായി മാറി.
മൂന്ന് മണിക്കൂർ നീണ്ടു നിന്ന കലാവിരുന്ന് ഏവർക്കും ആസ്വദിക്കുവാൻ കഴിഞ്ഞുവെന്നും തുടർന്നുള്ള വർഷങ്ങളിലും ഇതുപോലെയുള്ള കുടുംബസംഗമങ്ങൾ സംഘടിപ്പിക്കാൻ സംഘാടകർ ശ്രമിക്കണമെന്നും സംഗമത്തിൽ പങ്കെടുത്തവർ ഒന്നടങ്കം പറഞ്ഞു.
ട്രഷറർ ഷാജിമോൻ ഇടിക്കുള നന്ദി പ്രകാശിപ്പിച്ചു.
വൻ വിജയമായി തീർന്ന കുടുംബ സംഗമത്തിന്റെ കലാപരിപാടികൾക്ക് ജോഷി മാത്യു
(വൈസ് പ്രസിഡണ്ട്) ബ്രൂണെ കൊറായ്യ (അസിസ്റ്റന്റ് സെക്രട്ടറി) എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു (റോജോ) നിത മാത്യു ജോസഫ്, ജോഷി മാത്യു , രാജൻ യോഹന്നാൻ , ജോർജ് കൊച്ചുമ്മൻ , ജയശ്രീ സജി , ബൈജു ജോർജ് (അനിൽ) തുടങ്ങിയവർ നേതൃത്വം നൽകി
മാത്യു ആന്റണി, നിതാ ജോസഫ് മാത്യു എന്നിവർ ഈ ഫാമിലി നൈറ്റിന്റെ സ്റ്റേജ് കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.അതൊടൊപ്പം എംസിമാരായി ഈ പരിപാടിയെ മികവുറ്റതാക്കി, പരിപാടികൾക്ക് ശേഷം വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടായിരുന്നു.