പണ്ട് ഈ നഗരത്തിലൂടെ ഞാൻ കുറെ അലഞ്ഞതാണ്. മൻഹാട്ടണിലും ലോങ് ഐലൻറിലും സ്റ്റാറ്റൻ ഐലന്റിലും വലിയ മ്യൂസിയങ്ങളിലും ആർട്ട് ഗാലറികളിലും നാടകശാലകളിലും ഹാർലം നദിയുടെയും ഹഡ്സൺ നദിയുടെയും കരകളിലും പാലങ്ങളിലുമെല്ലാം ഇവിടുത്തെ സുഹൃത്തുക്കൾ എന്നെ കൊണ്ടുപോയിട്ടുണ്ട്. മാത്രമല്ല, ഈ തണുപ്പിൽ പുറത്ത് അലയാൻ വാർദ്ധക്യം അനുവദിക്കുന്നില്ല. അതിനാൽ ഞാൻ പുറത്തു പോയില്ല.
കാൽ നൂറ്റാണ്ടിനു ശേഷം ഒരിക്കൽക്കൂടി അമേരിക്കയിൽ.മാരിയറ്റ് ഹോട്ടലിലെ 542 ആം നമ്പർ മുറിയുടെ ജാലകത്തിലൂടെ ന്യൂയോർക്കിലെ തണുത്ത പ്രഭാതത്തിലേക്കു നോക്കി ഞാൻ ഇരിക്കുന്നു. സുനിലും പ്രമോദും കാഴ്ചകൾ കാണാൻ പോയി. പണ്ട് ഈ നഗരത്തിലൂടെ ഞാൻ കുറെ അലഞ്ഞതാണ്. മൻഹാട്ടണിലും ലോങ് ഐലൻറിലും സ്റ്റാറ്റൻ ഐലന്റിലും വലിയ മ്യൂസിയങ്ങളിലും ആർട്ട് ഗാലറികളിലും നാടകശാലകളിലും ഹാർലം നദിയുടെയും ഹഡ്സൺ നദിയുടെയും കരകളിലും പാലങ്ങളിലുമെല്ലാം ഇവിടുത്തെ സുഹൃത്തുക്കൾ എന്നെ കൊണ്ടുപോയിട്ടുണ്ട്. മാത്രമല്ല, ഈ തണുപ്പിൽ പുറത്ത് അലയാൻ വാർദ്ധക്യം അനുവദിക്കുന്നില്ല. അതിനാൽ ഞാൻ പുറത്തു പോയില്ല.
ന്യൂയോർക്ക് നഗരത്തോട് എന്റെ ജീവിതം കടപ്പെട്ടിരിക്കുന്നു. ഈ നഗരത്തിൽവെച്ചാണ് 1998 ൽ ഞാൻ മദ്യപാനവും പുകവലിയും എന്നേക്കുമായി അവസാനിപ്പിച്ചത്. 1973ൽ മാല്യങ്കര കോളേജിലെ പ്രീഡിഗ്രി കാലത്ത് കോളേജിനടുത്തുള്ള കള്ളുഷാപ്പിൽ നിന്ന് ആരംഭിച്ച കുടിയും വലിയും 25 കൊല്ലത്തിനുശേഷം ന്യൂയോർക്കിലെ JFK വിമാനത്താവളത്തിൽ അവസാനിച്ചു. പിന്നീടിന്നോളം ഒരു തുള്ളി മദ്യമോ ഒരു കവിൾ പുകയോ ഞാനെടുത്തിട്ടില്ല. അതുകൊണ്ടാണ്, അതുകൊണ്ടു മാത്രമാണ് ഈ 67ആം വയസ്സുവരെ ഞാൻ ജീവിച്ചത്. അല്ലെങ്കിൽ അനേകം കൂട്ടുകാരെപ്പോലെ എന്നേ മണ്ണടിഞ്ഞേനെ.
സാൻ ഫ്രാൻസിസ്കോയിൽ എനിക്ക് ഒരു സ്നേഹിതയുണ്ട്. റീന. ഐ.ടി.പ്രൊഫഷണൽ. ചിത്രകാരി. നർത്തകി. കവിതാസ്നേഹി. റീന ALA എന്ന സംഘടനയുടെ സെക്രട്ടറിയാണ്. റീനയുടെ ക്ഷണമനുസരിച്ച് അലയുടെ സാഹിത്യ പരിപാടിയിൽ ന്യൂജർസിയിലും സിയാറ്റിലും കവിത വായിക്കാനാണ് ഇത്തവണ ഞാൻ വന്നത്. കൂടെ പ്രഭാഷണങ്ങൾക്കായി സുനിൽ.പി. ഇളയിടവും നാടകാവതരണത്തിനായി പ്രമോദ് പയ്യന്നൂരും ഉണ്ടെന്നത് വലിയൊരു സന്തോഷമായി.നവംബർ 16 ന് ന്യൂജർസിയിൽ കവിത വായിക്കുമ്പോൾ എന്റെ ശബ്ദത്തിന് പ്രശ്നമില്ലായിരുന്നു. പക്ഷേ 26ന് സിയാറ്റിലിൽ എത്തുമ്പോഴേക്ക് എന്റെ ശബ്ദം തണുപ്പടിച്ച് പാടേ തകർന്നിരുന്നു.ആ തകർന്ന ശബ്ദത്തിൽ 'സഹശയനം' 'എവിടെ ജോൺ'
'ബാധ' എന്നീ മൂന്നൂ കവിതകൾ വായിച്ചു.
തകർന്ന മനുഷ്യർ. തകർന്ന ജീവിതങ്ങൾ. തകർന്ന കവിത. തകർന്ന ശബ്ദം.
സദസ്സ് നിശ്ശബ്ദം അതു കേട്ടിരുന്നു. ആ ഔദാര്യത്തിനു നന്ദി.1978 ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച എന്റെ ഒരു കവിതയിൽ ഒരു തെറ്റുണ്ടായിരുന്നു. അതു ചൂണ്ടിക്കാണിച്ച് ഒരു വിദ്യാർത്ഥി എനിക്ക് ഒരു കത്തയച്ചിരുന്നു. ഞാനതിനു നന്ദി പറഞ്ഞു മറുപടിയും അയച്ചിരുന്നു.
ന്യൂജർസിയിൽ വെച്ച് ഒരാൾ എന്റെ അടുത്തു വന്നു. എന്റെ ആ മറുപടിക്കത്തും കവറും കാണിച്ചുതന്നു. അതൊക്കെ പൊടിഞ്ഞുതുടങ്ങിയിരുന്നു.
നാല്പത്താറു കൊല്ലം മുമ്പ് ഞാൻ എഴുതിയ ഒരു കത്ത് ഇത്രകാലം സൂക്ഷിച്ചു വെക്കുകയും, ഭൂമിയുടെ മറുപുറത്തുവെച്ച് അതെന്നെ കാണിച്ചു വിസ്മയിപ്പിക്കുകയും ചെയ്ത അജ്ഞാതനായ സുഹൃത്തേ, എനിക്കും നിനക്കും തമ്മിലെന്ത്!
പറയത്തക്ക വിദ്യാഭ്യാസമൊന്നും എനിക്കില്ല. എങ്കിലും ചരിത്രപ്രസിദ്ധമായ സർവ്വകലാശാലകളുടെ വൈജ്ഞാനിക ജീവിതം എന്നെ എന്നും വിസ്മയിപ്പിച്ചിരുന്നു. ഇനി ഒരു ജന്മമുണ്ടാവുകയാണെങ്കിൽ പഠിക്കാനാവശ്യമായ ബുദ്ധിശക്തി ഉണ്ടാകണമെന്നും വലിയ ഒരു സർവ്വകലാശാലയിൽ ശാസ്ത്രം പഠിക്കണമെന്നുമൊക്കെ ആഗ്രഹിച്ചിട്ടുണ്ട്.അതിനാൽ ഈ യാത്രയിൽ ന്യൂയോർക്കിലെ പ്രിൻസ്റ്റൺ സർവ്വകലാശാലയും സാൻ ഫ്രാൻസിസ്കോയിലെ ബെർക്കിലി സർവ്വകലാശാലയും സന്ദർശിച്ചത് അവിസ്മരണീയമായ അനുഭവമായി. ഇനി ഒരിക്കലും ഇതുപോലൊരു കവി ആകരുത്.കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ ഒരുതരത്തിലും അറിയപ്പെടരുത്. ബുദ്ധിയുള്ള മനുഷ്യനായി തമിഴ്നാട്ടിൽ ജനിക്കണം. ബർക്കിലിയിലോ പ്രിൻസ്റ്റണിലോ വന്ന് ശാസ്ത്രം പഠിക്കണം. ഇങ്ങനെയൊക്കെ ആഗ്രഹിക്കാൻ ആരുടെയും അനുവാദം വേണ്ടല്ലൊ.
ന്യൂയോർക്കിലെയും സാൻ ഫ്രാൻസിസ്കോയിലെയും മ്യൂസിയങ്ങൾ ഈ യാത്രയിലെ വലിയ അനുഭവമായി. റോഡിൻ ന്റെ ഗംഭീര ശിൽപ്പങ്ങൾ, പിക്കാസോ, സാൽവദോർ ദാലി, ബ്രാഖ്, മോനെ, പോള്ളോക്ക് എന്നിവരുടെ ചരിത്രപ്രസിദ്ധമായ ചിത്രങ്ങൾ- ഒറ്റനോക്കെങ്കിലും കാണാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്ത ഈ മഹത്വങ്ങളുടെ മുന്നിൽ നിന്നപ്പോൾ ജീവിത്തിൽ സഹിക്കേണ്ടിവന്ന നിന്ദകളും അപമാനങ്ങളും അവഹേളനങ്ങളുമൊക്കെ തൽക്കാലത്തേക്കു മറന്നുപോയി.
ജീവിതത്തോടുള്ള കഠിനമായ പരാതികൾ മറന്നുപോയി.സുനിലിന്റെ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങൾ കേൾക്കാൻ കഴിഞ്ഞതും, ബഷീറിന്റെ മതിലുകൾക്ക് പ്രമോദ് പയ്യന്നൂർ നൽകിയ മികച്ച രംഗഭാഷ്യം കാണാൻ കഴിഞ്ഞതും മറക്കാനാവാത്ത മറ്റൊരനുഭവമായി.
ബഷീറിനോട് ഒരു വാക്ക് -ഭൂമിയുടെ മറുപുറത്തുവെച്ചും നാരായണിയുടെ തേങ്ങലിൽ എന്റെ കണ്ണീരു പൊട്ടി. പ്രിയപ്പെട്ട റീന,
നിന്റെയും ബിജുവിന്റെയും ഉദാരമായ സ്നേഹത്തിനു നന്ദി.സാൻ ഫ്രാൻ സിസ്കോയിൽ വന്ന്, നിന്റെ മനോഹരമായ വീട്ടിൽ, നിന്റെ ചിത്രങ്ങളും ചായങ്ങളും ബ്രഷുകളും നിറഞ്ഞ ആ മുറിയിൽ ഉറങ്ങുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല.
അവസാനകാലത്ത് നിങ്ങളെല്ലാം എനിക്കനുവദിച്ച ആഹ്ലാദങ്ങൾക്ക് നന്ദി. നാട്ടിലേക്കു തിരിച്ചുപോവുകയാണ്. കീറിപ്പറിഞ്ഞ ജീവിതം അവിടെ എന്നെ കാത്തിരിക്കുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാട്