ബലാത്സംഗ കേസില്‍ പരാതി നല്കാന് വൈകിയത് ചൂണ്ടിക്കാട്ടി നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്കിയ സുപ്രീം കോടതി വിധി ബാബുരാജിനും സഹായമായി. സുപ്രീം കോടതി വിധി ചൂണ്ടികാട്ടി ബലാത്സംഗ കേസില്‍ ബാബുരാജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ബലാത്സംഗ കേസില്‍ പരാതി നല്കാന് വൈകിയത് ചൂണ്ടിക്കാട്ടി നടന് സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്കിയ സുപ്രീം കോടതി വിധി ബാബുരാജിനും സഹായമായി. സുപ്രീം കോടതി വിധി ചൂണ്ടികാട്ടി ബലാത്സംഗ കേസില്‍ ബാബുരാജിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് സി.എസ്.ഡയസാണ് ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകാനും കോടതി നിര്‍ദേശം നല്കി.
അമ്മ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ബാബുരാജിന്റെ റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരി കൂടിയായ ജൂനിയര്‍ ആര്ടിസ്റ്റാണ് പരാതിയുമായി രംഗത്തെത്തിയത്. 2018 ജനുവരി 1 മുതല്‍ 2019 ഡിസംബര്‍ 31 വരെ പല സമയങ്ങളിലായി ബലാത്സംഗം ചെയ്തു എന്നായിരുന്നു പരാതി. റിസോര്‍ട്ടിലെ ജോലി രാജിവച്ച ശേഷം സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ബാബുരാജ് സമീപിച്ചത്. സിനിമയില്‍ അവസരം ലഭിച്ചതോടെ ബാബുരാജിന്റെ റിസോര്‍ട്ടില്‍ മാനേജറായി വീണ്ടും ചേര്‍ന്നു. ഇതിനിടെയാണ് ബാബുരാജ് പീഡിപ്പിക്കുന്നത്. ആലുവയിലെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് യുവതി പരാതി നല്കി. അടിമാലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ബാബുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്ന വാദമാണ് ബാബുരാജ് ഉന്നയിച്ചത്. 2023 വരെ പരാതിക്കാരിയുമായുള്ള സംഭാഷണങ്ങളും കോടതിയില്‍ ഹാജരാക്കി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.