ആറു കട്ട ടോർച്ചിൻ്റെ തീക്ഷ്ണമായ വെളിച്ചം മുഖത്തടിക്കും മുൻപേ അറിയാം കാനാട്ടച്ചൻ ഹോസ്റ്റലിൽ നിശാ പട്രോളിംഗിനിറങ്ങിയ കാര്യം. അന്തരീക്ഷത്തിൽ അതിനകം ഒഴുകി നിറഞ്ഞിരിക്കും ചാർമിനാറിൻ്റെ രൂക്ഷ ഗന്ധം. കയ്യിൽ നീണ്ട ചൂരലുമായാണ് റോന്ത് ചുറ്റൽ. പഠിക്കേണ്ട സമയത്ത് ആരുടെയെങ്കിലും തലവെട്ടം പുറത്തുകണ്ടാൽ ചൂരലിന് പണിയായി. അല്ലാത്തപ്പോൾ അച്ചൻ്റെ വിശാലമായ പുറം ചൊറിയുക എന്നൊരു ധർമ്മം മാത്രമേയുള്ളൂ അതിന്.
ആറു കട്ട ടോർച്ചിൻ്റെ തീക്ഷ്ണമായ വെളിച്ചം മുഖത്തടിക്കും മുൻപേ അറിയാം കാനാട്ടച്ചൻ ഹോസ്റ്റലിൽ നിശാ പട്രോളിംഗിനിറങ്ങിയ കാര്യം. അന്തരീക്ഷത്തിൽ അതിനകം ഒഴുകി നിറഞ്ഞിരിക്കും ചാർമിനാറിൻ്റെ രൂക്ഷ ഗന്ധം.
കയ്യിൽ നീണ്ട ചൂരലുമായാണ് റോന്ത് ചുറ്റൽ. പഠിക്കേണ്ട സമയത്ത് ആരുടെയെങ്കിലും തലവെട്ടം പുറത്തുകണ്ടാൽ ചൂരലിന് പണിയായി. അല്ലാത്തപ്പോൾ അച്ചൻ്റെ വിശാലമായ പുറം ചൊറിയുക എന്നൊരു ധർമ്മം മാത്രമേയുള്ളൂ അതിന്.
ഇത്രയും വർണ്ണ ശബളിമയാർന്ന ഒരു വാർഡനച്ചൻ മറ്റേതെങ്കിലും കോളേജ് ഹോസ്റ്റലിൽ കാണുമോ ആവോ. ഹോസ്റ്റലിൽ വന്നാൽ ളോഹ മാറ്റി കൈലിയുടുക്കുന്നതാണ് ശീലം. ദേഹത്ത് കുപ്പായമുണ്ടാവില്ല. രോമാവൃതമായ വിരിഞ്ഞ മാറിടം പ്രദർശിപ്പിച്ചു കൊണ്ട് ലുങ്കി മടക്കിക്കുത്തി ചുണ്ടിൽ ചാർമിനാറുമായി ഹോസ്റ്റൽ വരാന്തകളിലൂടെ കറങ്ങും കാനാട്ടച്ചൻ. ഇടക്ക് വല്ല അന്തേവാസികളും മുറിക്കകത്തിരിക്കാതെ അലഞ്ഞു നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ കണ്ണ് പൊട്ടിക്കുന്ന ശകാരം ഉറപ്പ്. അച്ചടക്ക ലംഘനത്തിൻ്റെ ഗൗരവത്തിന് അനുസരിച്ച് തെറിയുടെ "നിലവാര"വും കൂടും. ഓടി ഒളിക്കാൻ ശ്രമിക്കുന്ന പിള്ളേരുടെ പിറകെ എത്ര ദൂരവും ഓടി അവരെ ബേജാറാക്കിക്കളയും അച്ചൻ.
നാടൻ ഗുണ്ടകൾ കൈലി മാടിയുടുക്കും പോലെ ളോഹ വാരിക്കെട്ടി വയറിന്മേൽ അലസമായി ഉറപ്പിച്ചു നിർത്തിയും കാണാം കഥാപുരുഷനെ. ആൾ മഹാരസികൻ. അസമയത്ത് കണ്ണിൽ പെട്ടാൽ കുടുങ്ങുമെന്ന് പേടി ഉണ്ടായിരുന്നെങ്കിലും കുട്ടികൾക്കെല്ലാം പൊതുവെ സ്നേഹമായിരുന്നു വാർഡനോട്. ഒപ്പം പഠിക്കുകയും കളിക്കുകയും വികൃതി കാണിക്കുകയും ചെയ്യുന്ന ഒരു മുതിർന്ന കുട്ടിയോടെന്ന പോലെ.
അഞ്ചു വർഷം നീണ്ട ദേവഗിരി കോളേജ് കാലം അവിസ്മരണീയമാക്കിയത് കാനാട്ടച്ചനെ പോലുള്ള ബഹുവർണ്ണ വ്യക്തിത്വങ്ങളാണ്.
അച്ചന്മാർക്കിടയിലെ അഭ്യാസി എന്നും അഭ്യാസികൾക്കിടയിലെ അച്ചൻ എന്നും വിളിക്കാം അദ്ദേഹത്തെ. എല്ലാ അർത്ഥത്തിലും ഒറ്റയാൻ. ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് മാത്രമല്ല അതിനപ്പുറവും പറയാനുള്ള ചങ്കുറപ്പ് വേറെ.
ഓർമ്മയിൽ ഒരു സംഘർഷമുണ്ട്. ബി സോൺ കലോത്സവത്തിനിടെ ഉണ്ടായ കശപിശയെ തുടർന്ന് ദേവഗിരിയിലെയും ഗുരുവായൂരപ്പൻ കോളേജിലെയും കുട്ടികൾ പരസ്പരം ശത്രു പക്ഷത്ത് നിലയുറപ്പിച്ച സമയം. കിട്ടിയ അടിക്ക് പകരം വീട്ടാൻ ഗുരുവായൂരപ്പനിലെ കുട്ടികൾ സംഘമായി വന്ന് ദേവഗിരി ഹോസ്റ്റലുകൾ ആക്രമിച്ചേക്കും എന്നൊരു ശ്രുതിയുണ്ട് അന്തരീക്ഷത്തിൽ. അക്രമികളെ എങ്ങനെ നേരിടുമെന്ന വേവലാതിയുമായി ഹോസ്റ്റൽ മുറികളിൽ ടെൻഷനടിച്ചിരിക്കുന്നു ഞങ്ങൾ.
പൊടുന്നനെ മുറ്റത്ത് നിന്നൊരു ഗർജ്ജനം. "ഒരുത്തനും പുറത്തിറങ്ങേണ്ട. എൻ്റെ ഡെഡ് ബോഡിയിൽ ചവിട്ടിയല്ലാതെ ഒരു തെണ്ടിക്കും എൻ്റെ കുട്ടികളുടെ രോമം പോലും തൊടാൻ പറ്റില്ല." നോക്കുമ്പോൾ കൈലി മടക്കിക്കുത്തി കയ്യിലൊരു നീണ്ട മരക്കഷ്ണവുമായി നെഞ്ച് വിരിച്ചു നിൽക്കുന്നു പ്രിയപ്പെട്ട കാനാട്ടച്ചൻ; "ഇതാ ഇവിടെ വരെ"യിലെ പൈലി മാപ്ലയെപ്പോലെ.
ഗുരുവായൂരപ്പൻ ടീം ഭാഗ്യത്തിന് അന്ന് വന്നില്ല. കാനാട്ടച്ചന് കൈക്കരുത്ത് പുറത്തെടുക്കേണ്ടി വന്നതുമില്ല.
രാത്രി ചേവായൂർ ചന്ദ്ര ടാക്കീസിൽ സെക്കൻഡ് ഷോക്ക് പോയി പാത്തും പതുങ്ങിയും തിരിച്ചുവരുന്ന ഞങ്ങൾ ഹോസ്റ്റൽ വാസികളെ കൈയോടെ പിടികൂടാൻ പാതയോരത്ത് നിഴലിൽ മറഞ്ഞുനിൽക്കും കാനാട്ടച്ചൻ. ടോർച്ചിൻ്റെ തീക്ഷ്ണ വെളിച്ചം മുഖത്തേക്കടിച്ചാണ് കുട്ടിക്കുറ്റവാളികളെ അച്ചൻ അസ്തപ്രജ്ഞരാക്കുക.
മദ്യപാനം, പുകവലി,തെറിപ്പാട്ട് ഇത്യാദി "മൈനർ'' ദോഷങ്ങൾ അച്ചൻ കണ്ടില്ലെന്ന് നടിച്ചേക്കാം. വെള്ളമടിച്ചാൽ വയറ്റിൽ കിടക്കണം. അതാണ് പോളിസി. പക്ഷേ കൈയ്യൂക്ക് കാണിക്കാൻ ചെന്നാൽ വെറുതെ വിടില്ല. ഹോസ്റ്റൽ വാസിയായ ഇന്റർനാഷണൽ വോളിബാൾ താരവുമായി കോളേജ് ഗ്രൗണ്ടിലെ മണൽ പിറ്റിൽ കെട്ടിമറിഞ്ഞുകണ്ടിട്ടുണ്ട് കാനാട്ടച്ചനെ. പാതിരാ ഗുസ്തിയിൽ കീഴടങ്ങേണ്ടിവരുമെന്ന് ഉറപ്പായപ്പോൾ അരോഗദൃഢഗാത്രനായ പ്രതിയോഗിയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വെച്ച ശേഷം അച്ചൻ പറഞ്ഞു: "ഡേയ്, എന്റെ മോനാകേണ്ടവനാ നീ.''
മുറിയിൽ വിളിച്ചുകൊണ്ടുപോയി രണ്ടു പെഗ് ബ്രാണ്ടി കുടിപ്പിച്ചിട്ടേ ശിഷ്യനെ വിട്ടയച്ചുള്ളൂ ഗുരു.
അങ്ങനെ എത്രയെത്ര ഓർമ്മകൾ.
ഫാദർ കുര്യൻ കാനാട്ട് എന്ന ഞങ്ങളുടെ പ്രിയപ്പെട്ട കാനാട്ടച്ചൻ (92) ഇനിയില്ല എന്ന വാർത്ത വേദനാജനകം.
-- രവിമേനോൻ