കാൽഗറി : കാൽഗറിയിൽ 14 വർഷമായി തുടർന്നു വരുന്ന മലയാള സാഹിത്യത്തിന്റെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ ശൈത്യകാലത്തിന്റെ കവിതാ സായാഹ്നം പൂർവാധികം ജനപങ്കാളിത്തത്തോടെ പനോരമ ഹിൽസിലെ RCCG ചർച്ചിൽ ആഘോഷിച്ചു. മഞ്ഞു പെയ്യുന്ന രാത്രിയിൽ തണുപ്പിനെയും വെറുപ്പിനെയും തോൽപ്പിച്ചു കൊണ്ട് 27 കുട്ടികളും 18 മുതിർന്നവരും ആവേശത്തോടെ, അക്ഷര സ്ഫുടതയോടെ, സന്തോഷത്തോടെ കവിതകൾ ചൊല്ലി. ചൊല്ലുന്നവരുടെയും കേൾക്കുന്നവരുടെയും മനസ്സ് നിറഞ്ഞു. ചിലപ്പോൾകണ്ണും നിറഞ്ഞിരിയ്ക്കാം. ജാതി മത വർണ ലിംഗ ഭേദമെന്യേ ഏവർക്കും സൗജന്യമായി പങ്കെടുക്കാനുള്ള വേദിയായാണ് കാവ്യസന്ധ്യ കാൽഗറി ഇക്കാലമത്രയും പ്രവർത്തിച്ചു വരുന്നത്. ആദ്യ കാലങ്ങളിൽ കവിതകൾ ചൊല്ലിയിരുന്ന കുട്ടികൾ ഇന്ന് മുതിർന്നവർ ആയെങ്കിലും അവരുടെ ഉള്ളിലെ ആർദ്രത ആണ് കാവ്യസന്ധ്യയുടെ സമ്പത് എന്ന് സംഘാടകർ അഭിമാനിയ്ക്കുമ്പോൾ വീണ്ടും പുതു നാമ്പുകൾ പുതിയ ഈണങ്ങളുമായി മലയാള കവിതയ്ക്ക് ഗോളത്തിന്റെ മറുപുറത്തു പുതിയ ഭാഷ്യങ്ങൾ ചമയ്ക്കുന്നു. നാം മലയാളികൾ കാല ദേശങ്ങൾ മറന്ന് ആത്മ നിർവൃതി പൂകുന്നു.