PRAVASI

കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകയിൽ 25 കുട്ടികൾ അൾത്താര ശുശ്രൂഷയിലേക്ക്; ചിക്കാഗോ രൂപതയുടെ രജതജൂബിലി ദിനത്തിൽ സമുചിതമായ ആഘോഷം

Blog Image

ഡാളസ് / കൊപ്പേൽ :  ടെക്സസിലെ കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയിൽ ആത്മീയ ചൈതന്യം തുളുമ്പുന്ന വേളയിൽ 25 ബാലന്മാർ പുതുതായി അൾത്താര ശുശ്രൂഷയിലേക്ക് പ്രവേശിച്ചു.

2001 മാർച്ച് 13-ന് പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപത ഔദ്യോഗികമായി സ്ഥാപിച്ചതിന്റെ കൃത്യം 25-ാം വാർഷിക ദിനത്തിലാണ് ഈ ശുശ്രൂഷാ സ്വീകരണം നടന്നത് എന്നത് ഏറെ സവിശേഷമായി. രൂപതയുടെ രജതജൂബിലി ദിനത്തിൽ ഒരു ഇടവകയിൽ നിന്ന് തന്നെ 25 കുട്ടികൾ ഒരേസമയം ശുശ്രൂഷാ പദവിയിലേക്ക് ഉയർത്തപ്പെട്ടത് ചരിത്രമുഹൂർത്തമായി മാറി.

മാർച്ച് 13 വെള്ളിയാഴ്ച ഇടവക ദേവാലയത്തിൽ നടന്ന പ്രത്യേക തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

വിശുദ്ധ കുർബാനയ്ക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ വൈദികർ കുട്ടികളെ ആശീർവദിക്കുകയും കൊത്തീനയും തിരുവസ്ത്രങ്ങളും നൽകി മദ്ബഹായിലേക്ക് ആനയിക്കുകയും ചെയ്തു. മദ്ബഹാ ശുശ്രൂഷകരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ  ബെർക്കുമാൻസിന്റെ  ജന്മദിനം കൂടിയായ മാർച്ച് 13-ന് തന്നെ ഈ ശുശ്രൂഷാ സ്വീകരണം നടന്നത് കുട്ടികളിലും മാതാപിതാക്കളിലും വലിയ ആവേശം പകർന്നു.

രൂപതയുടെ സ്ഥാപന ദിനത്തിൽ തന്നെ 25 കുട്ടികൾ അൾത്താര സേവനത്തിനായി സമർപ്പിതരായത് ഇടവകയ്ക്ക് ഇരട്ടി മധുരമായി. വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിലുള്ള വെള്ള വസ്ത്രങ്ങൾ അണിഞ്ഞ്, ശുഭ്രധാരികളായി 25 ബാലന്മാരും പുരോഹിതരോടൊപ്പം ബലിപീഠത്തിലേക്ക് ചുവടുവെച്ചപ്പോൾ വിശ്വാസസമൂഹം പ്രാർത്ഥനയോടെ ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

വരുംതലമുറയിൽ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈദികരുടെ നേതൃത്വത്തിൽ കുട്ടികളെ പ്രത്യേകമായി ഒരുക്കിയെടുത്താണ് ഈ ശുശ്രൂഷാ പദവിയിലേക്ക് എത്തിച്ചത്. ക്രിസ്തുവിന്റെ പ്രതിപുരുഷനായ വൈദികനെ ബലിപീഠത്തിൽ സഹായിക്കുന്നതിലൂടെ ഈ കുട്ടികൾ യേശുക്രിസ്‌തുവിനോടും അവിടുത്തെ പരിശുദ്ധ സിംഹാസനത്തോടും കൂടുതൽ അടുക്കുവാനുള്ള ഭാഗ്യമാണ് നേടിയതെന്ന് വികാരി അനുസ്മരിച്ചു.

ജോർജ് ജോസഫ്, ലിയോൺ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകിയത്. സഭയുടെയും രൂപതയുടെയും വളർച്ചയിൽ പങ്കുചേരാൻ സന്നദ്ധരായ ഈ കൊച്ചു ശുശ്രൂഷകരെ ഇടവക സമൂഹം അഭിനന്ദിച്ചു


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.