PRAVASI

2024-ലേയ്ക്ക് ഒരു തിരിഞ്ഞ് നോട്ടം

Blog Image

മാനവചരിത്രത്തില്‍ നിന്നു് ഒരു വര്‍ഷത്തെ കൂടി പിന്നിലാക്കി കൊണ്ട് ലോകം പുതിയൊരു വര്‍ഷത്തിന്‍റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ 2024 ലേയ്ക്ക് ഒരു തിരനോട്ടം നടത്തുകയാണ്. 

ഇന്‍റര്‍നെറ്റും, ടിക്ടോക്കും, സോഷ്യല്‍ മീഡിയകളും, എ.ഐയും മറ്റ് സാങ്കേതിക വിദ്യകളും അരങ്ങു വാഴുന്ന ഈ കാലഘട്ടത്തില്‍ വ്യക്തിയുടെയും സമൂഹത്തിന്‍റെയും ചിന്താധാരയില്‍ സമൂലമായ പരിവര്‍ത്തനം സംഭവിച്ചു കൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാകുന്ന വിജ്ഞാന വിസ്പ്പോടനങ്ങള്‍ മനുഷ്യജീവിതങ്ങളെ ആയാസകരമാക്കുന്നതിലുപരി അശ്ലാന്തിയും അസ്സമാധാനവും ഉണ്ടാക്കിയ വര്‍ഷമായിരുന്നു 2024, ഒന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ ലോകമന:സ്സാഷിയെ പിടിച്ചു കുലുക്കിയ നിരവധി സംഭവവികാസങ്ങള്‍ക്ക് 2024 സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്.

മതങ്ങള്‍ മനുഷ്യരെ സന്മാര്‍ഗ്ഗത്തിലേയ്ക്കും, സമാധാനത്തിലേയ്ക്കും നയിക്കാനായി രുപം കൊണ്ടതാണ്  എന്നാല്‍ ലോകത്തിലെ പ്രബല മതങ്ങളുടെ  ഉല്‍ഭവ സ്ഥാനങ്ങള്‍
 ഇന്നു് അസമാധാനങ്ങളുടെ പ്രഭവ കേന്ദ്രമായി തീര്‍ന്നിരിയ്ക്കുകയാണ്. മതത്തിന്‍റെയും ദൈവങ്ങളുടെയും പേരിലാണ് ലോകത്തിന്ന്   ഏറ്റവും കൂടുതല്‍ അതിക്രമങ്ങളും കൊലപാതകങ്ങളും യുദ്ധങ്ങളും നടക്കുന്നുന്നത്.  ഇത് തികച്ചും  വിരോധഭാസമായി തോന്നുന്നു. 

 ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അശ്ശാന്തിയ്ക്ക് ഹേതുവായ നിരവധി സംഭവങ്ങള്‍ അരങ്ങേറിയ വര്‍ഷമായിരുന്നു 2024. പല യുദ്ധങ്ങള്‍ ഒരേ സമയം നടന്നു കൊണ്ടിരിക്കുന്നു. മൂന്നാം വര്‍ഷത്തിലേയ്ക്ക് കടക്കുന്ന റഷ്യന്‍ അധിനിവേശത്തെ ചെറുക്കുന്നതിനായി യുദ്ധം ചെയ്യേണ്ടി വരുന്ന യുക്രയിന്‍കാരുടെ നിലനില്പിനായുള്ള യുദ്ധം. ഒരു വര്‍ഷം പിന്നിടുന്ന ഇസ്രയേല്‍ ഹമാസ് പോരാട്ടം, ഈ യുദ്ധത്തിനിടയില്‍ മദ്ധ്യപൂര്‍വ്വേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ആഭ്യന്തര യുദ്ധം കത്തിക്കാളുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യാനും തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും ശ്രമിക്കുന്ന ഇസ്രയേല്‍, സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച് ഭീകരപ്രവര്‍ത്തനങ്ങളിലൂടെ മതതീവ്രത വളര്‍ത്താന്‍ ശ്രമിക്കുന്ന ഹമാസ്, അതിന് ഹിസ്സ്ബുള്ള എന്ന തീവ്രസ്വഭാവമുള്ള സംഘടനയ്ക്ക് ഒത്താശ ചെയ്ത് ആ മേഖലകളില്‍ തങ്ങളുടെ ഷിയാ മതവിഭാഗത്തിന്‍റെ സ്വാധീനം നിലനിറുത്താന്‍ ശ്രമിക്കുന്ന ഇറാന്‍, ഹൂത്തി എന്ന വിഭാഗം ഭൂരിപക്ഷ സുന്നി വിഭാഗത്തിനെതിരായി യമനില്‍ തമ്മിലടിക്കുന്നു. ഇവരോടെല്ലാം പോരടിച്ച് നിലനില്‍ക്കാന്‍ യുദ്ധം ചെയ്യുന്ന ഇസ്രായേല്‍, ഇസ്രായേലിന് ഒരു യുദ്ധവും തോല്‍ക്കാനാവില്ല, തോറ്റാല്‍ ഇസ്രായേല്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യം അറിയാവുന്ന അവര്‍ തങ്ങള്‍ക്ക് ചുറ്റുമുള്ള ശത്രുക്കളെ നിര്‍വ്വീര്യമാക്കാനും കൊന്നൊടുക്കാനും തക്കം പാര്‍ത്തിരിയ്ക്കുന്നു. 

പന്ത്രണ്‍ടു വര്‍ഷം കിരാതഭരണം നടത്തി ഇറാന്‍റെയും റഷ്യയുടെയും തണലില്‍ കഴിഞ്ഞിരുന്ന സിറിയന്‍ എകാധിപതി  അസദിന്‍റെ പതനം മദ്ധ്യപുര്‍വ്വേഷ്യയുടെ സമവാക്യങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നു. തീവ്രസ്വഭാവമുള്ള അല്‍ക്വയ്ത സുന്നി വിഭാഗം സിറിയായുടെ നല്ലൊരു ഭാഗവും കൈവശമാക്കി ഭരിയ്ക്കാന്‍ ഒരുങ്ങുന്നു. വറച്ചട്ടിയില്‍ നിന്ന് എരിതീയിലേയ്ക്ക് സിറിയ എന്ന പുണ്യപുരാതന ദേശം നീങ്ങുന്ന എന്ന വാര്‍ത്ത 2024-ന്‍റെ അവസാനത്തില്‍ ഭീതിയോടെ മാത്രമെ ശ്രവിയ്ക്കാന്‍ സാധിക്കുന്നുള്ളു. 

തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ അധികാരത്തിലേറ്റിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സുക് യോല്‍ തന്‍റെ താത്പര്യങ്ങള്‍ സംരക്ഷിയ്ക്കാന്‍ പട്ടാള ഭരണം കൊണ്ടുവരികയെന്നത് സാധാരണഗതിയില്‍ ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ,്  ഇത് 2024-ലെ വേറിട്ട സംഭവമായിരുന്നു. ഇനി രാജ്യത്തിന്‍റെ ഭാവി എന്തെന്ന് കോടതി ീരുമാനിക്കും.

2024-ല്‍ യുറോപ്പിലും, ഇന്ത്യയിലും,അമേരിയ്ക്കയിലും ഇലക്ഷനും, നേതൃമാറ്റവും ഉണ്ടായത് ശ്രദ്ധേയമാണ്. 

ഇംഗ്ലണ്‍ണ്ടില്‍ ഇന്ത്യന്‍ വംശജന്‍ ഋഷി സുനിക്  പ്രധാമന്ത്രിയായിരുന്ന യാഥാസ്ഥിതിക പാര്‍ട്ടിയെ വലിയ മാര്‍ജ്ജിനില്‍ തോല്പിച്ചുകൊണ്ട് കീര്‍ സ്റ്റ്റീമര്‍ നേതൃത്വം നല്‍കിയ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നത് സാമ്പത്തിക മാന്ദ്യത്തില്‍ കഴിയുന്ന ഇംഗ്ലണ്ടിന് ആശ്വാസമാകുമെന്ന് കരുതാം.

സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുന്ന അമേരിയ്ക്കയില്‍  തീവ്ര സോഷ്യലിസ്റ്റ് ചിന്താഗതിയും, അഭയാര്‍ത്ഥികളെ യാതൊരു രേഖകളുമില്ലാതെ സ്വീകരിയ്ക്കണമെന്ന അയഞ്ഞ സമീപനവും, വോട്ടു ബാങ്കുകള്‍ ശക്തമാക്കാന്‍ തീവ്രവാദികളായ ഹമാസിനോട് മൃദു സമീപനം സ്വീകരിച്ചതും, അമേരിയ്ക്കയിലെ യൂണിവേഴ്സിറ്റി കാമ്പസ്സുകളിലും നഗരങ്ങളിലും അരങ്ങേറിയ അക്രമാസക്ത പ്രകടനങ്ങളെ ന്യായീകരിച്ചതന്‍റെയെല്ലാം പ്രതിഫലനമാണ് ഭരണ പാര്‍ട്ടിയായ ഡൊമോക്രാറ്റിന് ലഭിച്ച വന്‍ തിരിച്ചടി. 2024-ലെ ഏറ്റവും വലിയ സംഭവമായി രേഖപ്പെടുത്തേണ്ടത്
ചരിത്രം സൃഷ്ടിച്ച്കൊണ്ട് ട്രമ്പെന്ന ഒറ്റയാള്‍ പട്ടാളത്തിന്‍റെ നേതൃത്വത്തിലുള്ള റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ വന്‍ തിരിച്ചു വരവാണ്. ഇത് ആഗോളതലത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും.

 ഇന്ത്യയിലെ സര്‍വ്വാധിപനായിരുന്ന മോഡി നയിച്ചിരുന്ന ബി.ജെ.പി സര്‍ക്കാര്‍ ഭൂരിപക്ഷ ഭീകരതയിലൂടെ തിരിച്ചുവരുമെന്ന് കരുതിയവരെ അമ്പരിപ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മഹാസഖ്യം ശക്തമായ പ്രതിപക്ഷമായി മാറി മോഡിസ്സത്തിന് കൂച്ചൂവിലങ്ങിടാന്‍ കഴിഞ്ഞു എന്നത് എകാധിപത്യ  പ്രവണതയിലേയ്ക്ക് പോകാമായിരുന്ന ഇന്ത്യന്‍ ജനതയ്ക്കൊരശ്വാസമായി.

ഇലക്ഷനില്‍ ജയിയ്ക്കാനും അധികാരം ഉറപ്പിക്കാനും യാതൊരു തത്വദീഷയുമില്ലാതെ വര്‍ഗ്ഗീയ ധ്രുവികരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുള്ള നാടായിരിക്കുന്നു ഇന്ത്യ. ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജനാധിപത്യ രാജ്യമാണല്ലോ ഇന്ത്യ, ജനാധിപത്യം തത്വത്തില്‍ സുന്ദരമായ ഒരു ഭരണ സംവിധാനമാണ് എന്നാല്‍ ഏറ്റവും മികച്ചത് എന്ന അഭിപ്രായമില്ല. ഒരു പാര്‍ട്ടിയ്ക്ക് മൃഗീയ ഭൂരിപക്ഷം
ലഭിക്കുമ്പോള്‍ അത് ഭൂരിപക്ഷ ഭീകരതയിലേയ്ക്ക് പോകുവാന്‍ സാദ്ധ്യതയുണ്ട് ഇത്
എകാധിപത്യത്തേക്കാള്‍ ഭീകരമാകും കാരണം എകാധിപതി തന്‍റെയും തന്‍റെ അടുത്ത കൂട്ടാളികളുടെ കാര്യം മാത്രം നോക്കുമ്പോള്‍, വന്‍ഭൂരിപക്ഷത്തോടെ ജയിക്കുന്ന പാര്‍ട്ടിയിലുള്ളവര്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തുന്നു, അത് പൊതുസമൂഹത്തിന് കൂടുതല്‍  ദോഷമായിത്തീരുന്നു. എപ്പോഴും കൂട്ടുകക്ഷി ഭരണമാണ് ഉത്തമമെന്ന അഭിപ്രായമാണുള്ളത്.

ലോകത്ത് പല രാജ്യങ്ങളിലും പരീക്ഷിച്ചു പരാജയപ്പെട്ട സോഷ്യലിസവും, കമ്മ്യൂണിസ്സവും നിലനിറുത്താന്‍ പാടുപെടുന്ന നമ്മുടെ നാടായ കേരളത്തിലെ ഭരണകൂടം അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്‍റെയും, ഗുണ്ടായിസത്തിന്‍റെയും കൂത്തരങ്ങായി  മാറിയിരിക്കുന്നു. സര്‍വ്വാധികാര പ്രവണതയുള്ള മുഖ്യമന്ത്രിയും പരിവാരങ്ങളും സംസ്ഥാനത്തെ കടക്കണിയിലാക്കിയ വര്‍ഷം കൂടിയായിരുന്നു 2024. വയനാടിലുണ്ടായ ഉരുള്‍പെപ്പാട്ടലിന്‍റെ മറവില്‍ പണം പിരിക്കാനുള്ള ഗൂഡോദ്ദേശം നടക്കാത്തതില്‍ ഭരണസമിതി കുണ്ടിതരായിരിക്കയാണ്. 2019-ലെ പ്രളയത്തില്‍ വിദേശ മലയാളികളും, കേരളത്തിലുള്ളവരും നല്‍കിയ സഹായം അര്‍ഹതപ്പെട്ടവരില്‍ എത്താത്തതിന്‍റെ പ്രതിഷേധം അറിയിക്കുന്നത് അര്‍ഹതപ്പെട്ടവരെ കണ്ടെത്തി സഹായം നേരിട്ട് എത്തിയ്ക്കുന്നതിലൂടെയാണ്. ഇത് ഭരണവര്‍ഗ്ഗത്തിമ്മേലുള്ള വിശ്വാസ്യത
 നഷ്ടപ്പെട്ടതിന് തെളിവാണ്. 

ശാസ്ത്ര സാങ്കേതിക രംഗത്ത് എ.ഐ യുടെ വരവും, നാസയുടെ ഗോളാന്തര പരീക്ഷണങ്ങളിലൂടെ അന്യഗ്രഹങ്ങളെ മനുഷ്യവാസയോഗ്യമാക്കാനുള്ള ശ്രമങ്ങളും, ഇലോണ്‍ മസ്കിന്‍റെ സ്പെയിസ് എക്സ് പ്രോഗ്രാംമുകളിലൂടെ 
നാസയുടെ ശ്രമങ്ങള്‍ക്ക് വേഗത നല്‍കുവാനും അതിലൂടെ അതിവിദൂരല്ലാത്ത നാളില്‍ അന്യഗ്രഹങ്ങളില്‍ എത്തിച്ചേരുവാനും അവിടെ വാസമുറപ്പിയ്ക്കുവാനുമുള്ള ശ്രമങ്ങള്‍ കൊണട്   ശ്രദ്ധേയമായ വര്‍ഷം കൂടിയായിരുന്നു 2024. ഗൂഗിള്‍ രുപകല്‍പ്പന ചെയ്യുന്ന ക്വാണ്ടം ചിപ്പുകളിലൂടെ അതിസങ്കീര്‍ണ്ണമായ കണക്കുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിര്‍വ്വഹിക്കാന്‍ പറ്റും, ഇത് ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയൊരു കുതിച്ചുച്ചാട്ടത്തിന് വഴിതെളിക്കും.  ഇതിന്നിടയില്‍ ഗവേഷണ പരീക്ഷണങ്ങള്‍ക്കായി ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസ്  സാങ്കേതിക കാരണങ്ങളാല്‍ തിരിച്ചുവരാന്‍ വൈകുന്നത് ആശങ്കയുളവാക്കുന്നു.

മാനവരാശി 22ാം നൂറ്റാണ്ടിലേയ്ക്ക് കുതിയ്ക്കുമ്പോള്‍ മതവും, മത സാഹിത്യവും പ്രാകൃത കാലത്ത് രുപം കൊണ്ട തത്വസംഹിതയിലേയ്ക്ക് തിരിച്ചു നടക്കാന്‍ പ്രേരിപ്പിക്കുന്നത് വിരോധാഭാസമായി തോന്നുന്നു. ഇതില്‍ നിന്ന് മുക്തിനേടിയാല്‍ മാത്രമെ ലോകത്ത് ശാന്തിയും സമാധാനവും കൈവരുകയുള്ളു.

2024-ലെ എടുത്തു പറയത്തക്ക സംഭവമായി തോന്നിയത് ആഗോളതലത്തില്‍ കാലവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി പഠിക്കുവാനും കാലവസ്ഥ വ്യതിയാനത്തിന് കാണമാകുന്നു എന്നു കരുതപ്പെടുന്ന കാര്‍ബണ്‍ പുറത്ത് വിടുന്നത് നിയന്ത്രിക്കുവാനുള്ള മുന്‍കരുതലുകള്‍ക്ക് ലോക രാഷ്ട്രങ്ങള്‍ തയ്യാറാകുന്നത് ആശ്വാസത്തിന് വക നല്‍കുന്ന കാര്യമാണ്.

യുഗപുരുഷനായി മാറിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ തുറന്ന സമീപനവും കാഴ്ചപ്പാടുകളും കത്തോലിക്ക സഭയില്‍ മാത്രമല്ല ലോക സമാധാനത്തിനും മുതല്‍ക്കുട്ടായിരിക്കും.

യുദ്ധവും സമാധാനവും സമ്പത്തും ദാരിദ്ര്യവും ആരോഗ്യവും അനാരോഗ്യവും നടമാടിയ 2024-നെ പിന്നില്‍ ഉപേക്ഷിച്ചുകൊണ്ട് ലോകം 2025-ന്‍റെ പടിവാതിക്കല്‍ എത്തി നില്‍ക്കുകയാണല്ലോ,2025 ഏവര്‍ക്കും പ്രത്യാശനിര്‍ഭരമായ ഒരു വര്‍ഷമാകട്ടെ. പുതുവത്സരാശംസകള്‍ ഹൃദയപൂര്‍വ്വം നേരുന്നു. 

ജോര്‍ജ്ജ് ഓലിക്കല്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.