ഫ്രീമോണ്ട് (കാലിഫോർണിയ): പ്രശസ്ത ഗായകനും കർണ്ണാടക സംഗീതജ്ഞനുമായ "പാടും പാതിരി" ഡോ. ഫാദർ പോൾ പൂവത്തിങ്കൽ നയിക്കുന്ന "സോൾഫുൾ മെലഡീസ്" (Soulful Melodies) സംഗീത വിരുന്ന്, ഒക്ടോബർ 25 ഞായറാഴ്ച, ഫ്രീമോണ്ട് സെൻ്റ് തോമസ് സീറോ-മലബാർ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.
ഗേറ്റ്‌വുഡ് സ്ട്രീറ്റിലുള്ള സെന്റ് തോമസ് ചർച്ച് ഹാളിൽ (42500 Gatewood St, Fremont, CA) ഉച്ചയ്ക്ക് 1.30-നാണ് സോൾഫുൾ മെലഡീസ് എന്ന സംഗീത വിരുന്ന് ആരംഭിക്കുന്നത്.
'പാടും പാതിരി' എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യ വോക്കോളജിസ്റ്റായ ഫാ. പോൾ പൂവത്തിങ്കൽ, കാലത്തിനു മായ്ച്ചു കളയാനാകാത്ത മലയാള ചലച്ചിത്ര ഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ്, "സോൾഫുൾ മെലഡീസ്" സംഗീത സന്ധ്യ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അനുപമമായ പുരുഷ ശബ്ദമാധുര്യം കൊണ്ടും കർണ്ണാടക സംഗീതത്തിലെ പ്രവീണ്യം കൊണ്ടും ശ്രദ്ധേയനായ ഫാ. പോൾ പൂവത്തിങ്കലിന്റെ ഗാനങ്ങൾ നേരിട്ട് ആസ്വദിക്കാൻ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഏവരും എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
അമേരിക്കയിലെ കാലിഫോർണിയയിലുള്ള ലോസ് ഏഞ്ചലസിലും സാൻ ഫ്രാൻസിസ്കോയ്ക്കടുത്തുള്ള സാൻ ഹൊസെയിലും ഡോ. ഫാ. പോൾ പൂവത്തിങ്കലിന്റെ നേതൃത്വത്തിൽ പ്രത്യേക സംഗീത പരിപാടികൾ സംഘടിപ്പിച്ചു വരികയാണ്. അമേരിക്കയിലെ ഈ സംഗീത പര്യടനത്തിന്റെ വിജയത്തിനും തൃശ്ശൂരിൽ തുടക്കം കുറിക്കുന്ന ചേതന ഗാനാശ്രമത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്കുമായി എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണമെന്ന് ഫാ. പോൾ പൂവത്തിങ്കൽ അഭ്യർത്ഥിച്ചു.
തൃശൂർ മണ്ണുത്തിക്കടുത്ത് നടത്തറയിൽ, 10 ഏക്കർ വ്യാപ്തിയിൽ നിർമ്മിക്കുന്ന, ചേതന ഗാനാശ്രമം പദ്ധതിയുടെ തറക്കല്ലിടൽ കർമ്മം, 2026 മാർച്ച് 1-ന് ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഔദ്യോഗികമായി നിർവഹിച്ചിരുന്നു.
മതസൗഹാർദ്ദത്തോടെ എല്ലാ ജനങ്ങൾക്കും, ആത്മീയ ഉണർവും, രോഗശാന്തിയും പകരുന്ന, സവിശേഷമായ സാംസ്കാരിക-സംഗീത കാമ്പസായിരിക്കും, ചേതന ഗാനാശ്രമം എന്നാണ് ഉപരാഷ്ട്രപതി പ്രശംസിച്ചത്.
ഭാരതീയ സംഗീതം ഒരു ആത്മീയ യാത്രയും ധ്യാനവുമാണെന്നും, സംഗീത സ്വരങ്ങൾ ചേരുമ്പോൾ ഈണമുണ്ടാകുന്നതുപോലെ, വൈവിധ്യമാർന്ന മനുഷ്യർക്ക് ഒരുമിച്ചുചേർന്ന്, സമൂഹത്തിൽ ഐക്യം സൃഷ്ടിക്കാൻ കഴിയുമെന്നുമാണ്, ഉപരാഷ്ട്രപതി പ്രസ്താവിച്ചത്.
.jpeg)




