PRAVASI

‘ദിവ്യകാരുണ്യ നാഥനേ എന്നിൽ നിറയണമേ’ ക്രിസ്തീയ ഭക്തിഗാനം പുറത്തിറങ്ങി

Blog Image

ചിക്കാഗോ: ക്രിസ്തീയ ഭക്തിഗാനരംഗത്ത് ശ്രദ്ധേയമായ സംഗീതസൃഷ്ടികളുമായി മുന്നേറുന്ന വോയ്സ് ഓഫ് ആഡത്തിന്റെ ബാനറിൽ, ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജേക്കബ് മീഡിയ ചിക്കാഗോ നിർമ്മിച്ച പുതിയ ദിവ്യകാരുണ്യ ഭക്തിഗാനം ‘ദിവ്യകാരുണ്യ നാഥനേ എന്നിൽ നിറയണമേ’ പുറത്തിറങ്ങി. വോയ്സ് ഓഫ് ആഡത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്.

അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ഭക്തിഗാനം പ്രശസ്ത പിന്നണിഗായകൻ വിൽസൺ പിറവവും സുനി ബിനുവും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അനിൽ മറ്റത്തിക്കുന്നേലിന്റെ സഹോദരിയായ സുനി ബിനുവിനൊപ്പം മക്കളായ മരിയ ബിനുവും മെൽവീന ബിനുവും കോറസ് ആലാപനത്തിലും പങ്കുചേർന്നിട്ടുണ്ട്.

പ്രദീപ് ടോം ഓർക്കസ്ട്രേഷൻ നിർവഹിച്ച ഗാനത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ജോബി ചെറുപച്ചിക്കരയാണ് നിർവഹിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ കല്ലറ സെന്റ് തോമസ് ഇടവക ദേവാലയത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ദിവ്യകാരുണ്യ ഭക്തിയുടെ ആത്മീയാന്തരീക്ഷം പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

അനിൽ മറ്റത്തിക്കുന്നേൽ രചനയും സംഗീതവും നിർവഹിച്ച് പുറത്തിറക്കുന്ന ഒമ്പതാമത്തെ ഗാനമാണ് ‘ദിവ്യകാരുണ്യ നാഥനേ എന്നിൽ നിറയണമേ’.

പരിശുദ്ധ കുർബാനയുടെ ആഘോഷവേളകളിലും ദിവ്യകാരുണ്യ സ്വീകരണസമയത്തും ദിവ്യകാരുണ്യ ആരാധനകളിലും ആലപിക്കാൻ അനുയോജ്യമായ രീതിയിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ദിവ്യകാരുണ്യനാഥനായ ഈശോയോടുള്ള സ്നേഹവും വിശ്വാസവും ആത്മസമർപ്പണവുമാണ് ഗാനത്തിന്റെ മുഖ്യപ്രമേയം.

പരിശുദ്ധ കുർബാനയിലൂടെ വിശ്വാസികളുടെ ഹൃദയങ്ങളിലേക്ക് എഴുന്നള്ളിവരുന്ന ഈശോയുടെ ദിവ്യസാന്നിധ്യവും ആ സാന്നിധ്യത്തിനായി ആത്മാർഥമായി ആഗ്രഹിക്കുന്ന വിശ്വാസിയുടെ പ്രാർത്ഥനാനുഭവവുമാണ് ഗാനത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ദിവ്യകാരുണ്യത്തിന്റെ ആത്മീയമഹത്വവും വിശ്വാസജീവിതത്തിൽ അതിനുള്ള പ്രാധാന്യവും ഓർമിപ്പിക്കുന്ന വരികൾക്ക് ഭക്തിസാന്ദ്രമായ സംഗീതമാണ് നൽകിയിരിക്കുന്നത്.

ഹൃദയസ്പർശിയായ വരികളും ശ്രുതിമധുരമായ ഈണവും വിൽസൺ പിറവത്തിന്റെയും സുനി ബിനുവിന്റെയും ഭാവസാന്ദ്രമായ ആലാപനവും സമന്വയിക്കുന്ന ഈ സംഗീതസൃഷ്ടി, ദിവ്യകാരുണ്യ ഭക്തിഗാനശാഖയ്ക്ക് ഒരു പുതിയ സംഭാവനയാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ.

വ്യക്തിപരമായ പ്രാർത്ഥനകളിലും കുടുംബപ്രാർത്ഥനകളിലും ദിവ്യകാരുണ്യ ആരാധനകളിലും ഉപയോഗിക്കാവുന്ന ഈ ഗാനം വിശ്വാസികളുടെ ആത്മീയജീവിതത്തിന് പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.

‘ദിവ്യകാരുണ്യ നാഥനേ എന്നിൽ നിറയണമേ’ എന്ന ഗാനം വോയ്സ് ഓഫ് ആഡത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ഗാനം കേൾക്കുകയും മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സംഗീതശുശ്രൂഷകൾക്ക് പിന്തുണ നൽകുകയും ചെയ്യണമെന്ന് അണിയറപ്രവർത്തകർ അഭ്യർഥിച്ചു.

https://youtu.be/Xk6pitF99mg?is=mi7mQAzzE4eRf2KF

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.