PRAVASI

നടിയെ ആക്രമിച്ച കേസ് വിധി വരുന്നു;ഡിസംബർ 8 ദിലീപിന് നിർണായകം!!

Blog Image

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായകമായ വിധി പ്രസ്താവിക്കാനൊരുങ്ങി കോടതി. കേസിൻ്റെ വിധി ഡിസംബർ 8 ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി പ്രഖ്യാപിക്കും. ഒന്നാം പ്രതി സുനിൽ കുമാർ എന്ന പൾസർ സുനി ആണ്. നടൻ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിൽ കൊച്ചി നഗരത്തിലൂടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ യുവനടി ക്രൂര ലൈംഗികാതിക്രമത്തിന് ഇരയാവുകയും, അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ പ്രതികൾ പകർത്തിയതുമാണ് കേസിനാസ്പദമായ സംഭവം.

2017 ഫെബ്രുവരി 17-ന് അതിക്രമം നടന്നതിന് പിന്നാലെ ഡ്രൈവർ മാർട്ടിനെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് മുഖ്യപ്രതിയായ പൾസർ സുനിയെയും കൂട്ടുപ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 2017 ജൂലൈ 10ന് ഗൂഢാലോചന കുറ്റം ചുമത്തി നടൻ ദിലീപ് അറസ്റ്റിലായി. 2017 ഒക്ടോബർ 3ന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു.

പൾസർ സുനി ഒന്നാംപ്രതിയും ദിലീപ് എട്ടാം പ്രതിയുമായി വന്നെങ്കിലും പൾസ് സുധിയെ അറിയുകയേ ഇല്ല എന്നായിരുന്നു ദിലീപിന്റെ വാദം. അതിനിടെയാണ് 2021 ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാർ രംഗപ്രവേശം ചെയ്ത് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. ദിലീപിൻ്റെ വീട്ടിൽ വച്ച് പൾസർ സുനിയെ കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിൻ്റെ മൊഴി.

ഇതിനൊപ്പം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ദിലീപ് പദ്ധതിയിട്ടു എന്ന ഗുരുതര ആരോപണവും ബാലചന്ദ്രകുമാർ ഉയർത്തി. ഇതിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തത് ദിലീപിന് പുതിയ കുരുക്കായി. തുടർന്ന് കോടതിയുടെ അനുമതിയോടെ അതിലും ദിലീപിനെതിരെ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

പ്രതികൾ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിൻ്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചതും കേസിൽ വഴിത്തിരിവായിരുന്നു. വിചാരണക്കിടെ പല സാക്ഷികൾ കൂറുമാറിയതും പ്രോസിക്യൂട്ടർമാർ പിന്മാറിയതും കേസിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

ആറര വർഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കും നിരവധി തവണ വിചാരണ സമയം നീട്ടി നൽകിയതിനും ഒടുവിലാണ് കേസിൽ അന്തിമ വിധി വരുന്നത്. നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട് ദിലീപിൻ്റെ സുഹൃത്ത് ശരത്ത് തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തി പ്രതിപ്പട്ടികയിൽ ചേർത്തിരുന്നു. പ്രത്യേക കോടതി വിധി പ്രസ്താവിക്കുമ്പോൾ, നീതിക്കുവേണ്ടിയുള്ള അതിജീവിതയുടെ പോരാട്ടത്തിൽ ഈ വിധി നിർണായകമാകും.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.