ആലപ്പുഴ: ഗണ്‍മാന്മാരുടെ മര്‍ദ്ദനക്കേസില്‍ വാദിഭാഗത്തിനെതിരെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി. വാദിഭാഗം ഇപ്പോള്‍ തയ്യാറാക്കിയത് പൊലിപ്പിച്ച് എഴുതിയ പരാതിയാണെന്ന് കോടതി പറഞ്ഞു. അഭിഭാഷക സഹായത്തോടെ എഴുതിയ പരാതിയാണെന്നും കോടതി വിമര്‍ശിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം. ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കുന്ന രേഖകള്‍ കൂടി ഹാജരാക്കേണ്ടേ എന്ന് കോടതി ചോദിച്ചു.
കേസ് ജൂൺ ആറിന് വീണ്ടും പരിഗണിക്കാനായി കോടതി മാറ്റി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പരോക്ഷമായി പറഞ്ഞു. ഡിജിറ്റൽ തെളിവുകളിൽ വ്യക്തത വരുത്താമെന്ന് പ്രോസിക്യൂഷൻ പറഞ്ഞതിനെ തുടർന്നായിരുന്നു നടപടി.
വൈകാരികമായായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വാദിഭാഗം പ്രതികരിച്ചത്. കോടതി ഒന്നും കാണുന്നില്ലേ എന്ന് വാദിഭാഗത്തിന്റെ അഭിഭാഷകന്‍ പി റോയ് ചോദിച്ചു. മനസാക്ഷി മരവിക്കുന്ന അക്രമം അല്ലെ നടന്നത്. വിഷമം തോന്നുന്നുവെന്നും പി റോയ് പറഞ്ഞു. നിസാര പരിക്ക് അല്ലേ ഉള്ളു എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതില്‍ കൂടുതല്‍ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം.
എന്നാല്‍ സംഭവത്തിലെ വീഡിയോയെ സംശയനിഴലിലാക്കുന്നതായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വീഡിയോയുടെ ആധികാരികത എങ്ങനെ ഉറപ്പിക്കാനാവും എന്ന് കോടതിയും ചോദിച്ചു. സംഭവം മുഴുവനായി പൊലീസ് ചിത്രീകരിച്ച വീഡിയോ ഉണ്ടോയെന്നും വാദി ഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. 'സുരക്ഷാ ജീവനക്കാര്‍ പുറത്തിറങ്ങിയത് ജോലിയുടെ ഭാഗമായി. മര്‍ദിച്ചത് അവര്‍ക്ക് അനുവദിച്ചു നല്‍കിയ വസ്തു കൊണ്ട്. മരണം സംഭവിച്ചേക്കാവുന്ന മര്‍ദ്ദനം എന്ന് എന്ത് കൊണ്ട് ഡോക്ടര്‍ അന്ന് പറഞ്ഞില്ല? അത് മറച്ചു വെച്ചതാണെങ്കില്‍ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണ്ടേ?', കോടതി ചോദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം പരിക്കുകള്‍ നിസാരമെന്ന് കോടതി പറഞ്ഞു. ആദ്യത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഗുരുതര പരിക്കുകള്‍ ഉണ്ടെന്ന പരാമര്‍ശം ഇല്ലെന്നും പരിക്ക് റിപ്പോര്‍ട്ട് ആക്കിയ ഡോക്ടര്‍ക്ക് പറ്റിയ പിഴവാണോ എന്നും കോടതി ചോദിച്ചു.അതേസമയം പ്രത്യേക അന്വേഷണ സംഘത്തെ പ്രതിഭാഗം ചോദ്യം ചെയ്തു. മെയ് 30ന് രാവിലെയാണ് ഐപിസി 308 ചുമത്തിയെന്ന റിപ്പോര്‍ട്ട് നല്‍കിയത്. മര്‍ദ്ദനത്തിന് ഉപയോഗിച്ച ആയുധം പരിശോധിച്ചത് അന്ന് വൈകിട്ടാണ്. ആയുധം വൈകിട്ട് പരിശോധിച്ചെങ്കില്‍ എങ്ങനെ രാവിലെ റിപ്പോര്‍ട്ട് നല്‍കാനാകുമെന്ന് പ്രതിഭാഗം ചോദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചതും അന്ന് വൈകിട്ടാണെന്നും വൈകിട്ട് വന്ന റിപ്പോര്‍ട്ടുകള്‍ എങ്ങനെ രാവിലെ ഹാജരാക്കിയെന്നും പ്രതിഭാഗം ചോദിച്ചു. എസ്‌ഐടി റിപ്പോര്‍ട്ടിലെ വൈരുദ്ധ്യത്തെ പ്രതിഭാഗം ചോദ്യം ചെയ്യുകയായിരുന്നു. ആയുധം പരിശോധിക്കാതെ എങ്ങനെ 308 ചേര്‍ത്ത റിപ്പോര്‍ട്ട് നല്‍കാനാവുമെന്നും പ്രതിഭാഗം ചോദിച്ചു.
2011ലെ സര്‍ക്കുലറും പ്രതിഭാഗം ഹാജരാക്കി. മുഖ്യമന്ത്രിക്ക് സുരക്ഷാ ഭീഷണി ഉണ്ടായാല്‍ വാഹനത്തില്‍ നിന്ന് ഇറങ്ങാമെന്നും അക്രമികളെ നേരിടാമെന്നും സര്‍ക്കുലറില്‍ ഉണ്ടെന്ന് പ്രതിഭാഗം പറഞ്ഞു. 'പ്രതിഷേധക്കാര്‍ നവകേരള ബസിനെ പിന്തുടര്‍ന്നു. പലയിടങ്ങളില്‍ പ്രതിഷേധം ഉണ്ടായി. വാഹനത്തിന് തൊട്ട് അടുത്ത് വരെയെത്തി. മുഖ്യമന്ത്രിയുടെ സുരക്ഷയായിരുന്നു പ്രധാനം. മുഖ്യമന്ത്രി ആ സമയം വലിയ സുരക്ഷാഭീഷണി നേരിട്ടു. ഔദ്യോഗിക കൃത്യനിര്‍വഹണമാണ് നടത്തിയത്', പ്രതിഭാഗം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറത്തിറങ്ങാമായിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിനായിരുന്നു പ്രതിഭാഗം സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയത്. 'ഇവര്‍ക്ക് ഡ്യൂട്ടി പ്രത്യേകം തിരിച്ചു നല്‍കിയിട്ടുണ്ടായിരുന്നോ? ലോക്കല്‍ പൊലീസിന്റെ കസ്റ്റഡിയില്‍ ഇരുന്ന പ്രതികളെ ആണോ ആക്രമിച്ചത്? സാഹചര്യം ലോക്കല്‍ പൊലീസ് കണ്‍ട്രോളില്‍ ആക്കിയ ശേഷമാണോ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങിയത്?', തുടങ്ങിയ ചോദ്യങ്ങള്‍ കോടതി പ്രതിഭാഗത്തോട് ചോദിച്ചിരുന്നു.
'പ്രത്യേക ഭാഗം മാത്രം കണ്ട് എങ്ങനെ മുഴുവന്‍ സംഭവത്തെയും മനസ്സിലാക്കാന്‍ കഴിയും. പരാതിക്കാര്‍ പല ഭാഗത്തും ഒളിച്ചു നിന്നു. അവസരം കിട്ടിയാല്‍ അക്രമിക്കുക ആയിരുന്നു ലക്ഷ്യം. ആ ദൃശ്യങ്ങള്‍ ഹാജരാക്കിയിട്ടില്ല. അടിക്കു മുന്‍പ് തലയില്‍ കൈ വെച്ചില്ലാരുന്നെങ്കില്‍ മരണം സംഭവിച്ചേനെ എന്നത് ഭാവന മാത്രം. ഇങ്ങനെയാണോ വകുപ്പുകള്‍ ചുമത്തുന്നത്. പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് മുന്‍പത്തെ അന്വേഷണസംഘം റഫര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അന്നില്ലാത്ത പല ആരോപണങ്ങളും പരാതിക്കാര്‍ ഇപ്പോള്‍ ഉന്നയിക്കുന്നു. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പൂര്‍ണ്ണമല്ല. മര്‍ദ്ദനത്തിന് തൊട്ടു മുന്‍പുള്ള കാര്യങ്ങള്‍ ദൃശ്യങ്ങളില്‍ ഇല്ല. കരിങ്കൊടി ഉയര്‍ത്തി വാഹനത്തിന് മുന്നിലേക്ക് ചാടി. അവരെ പ്രതിരോധിക്കാന്‍ ഗണ്‍മാന്‍ മാര്‍ക്ക് സാവകാശം നോക്കാന്‍ സാധ്യമല്ലല്ലോ. മുഴുവന്‍ ദൃശ്യങ്ങളും ചിത്രങ്ങളും അന്വേഷണസംഘം ഹാജരാക്കുന്നില്ലല്ലോ?', പ്രതിഭാഗം പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിക്ക് നവകേരളയാത്രയ്ക്കിടെ സുരക്ഷാ ഭീഷണി ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് അന്നത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. ഗണ്‍മാന്മാരുടെ നടപടിക്ക് തൊട്ടുമുന്‍പും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായി. ഇതിനാല്‍ തന്നെ ഗണ്‍മാന്മാര്‍ ജാഗരൂകരായിരുന്നു. അടിക്കാന്‍ ഉപയോഗിച്ചത് മാരകായുധം അല്ല. പൊലീസ് സേനയില്‍ ഉള്ള ലാത്തി മാത്രമാണ് ഉപയോഗിച്ചത്. തലയില്‍ നെറ്റി ഭാഗത്താണ് പരിക്കേറ്റത്. തലയിലെ മര്‍മ്മഭാഗത്തല്ല അടി ഏറ്റതെന്നും പ്രതിഭാഗം പറഞ്ഞു.

