PRAVASI

“സത്യപ്രതിജ്ഞയിൽ വി.ഡി സതീശൻ മേനോൻ സതീശനായി, പിന്നീട് പൂക്കി സതീശനായി, ഇപ്പോൾ ബക്കാർഡി സതീശനായി”..! വിമർശനവുമായി വി.വസീഫ്

Blog Image

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിലൂടെ മുഖ്യമന്ത്രി വി.ഡി സതീശന്റെ കള്ളത്തരം പുറത്തുവന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷൻ വി. വസീഫ്. ധനകാര്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തപ്പോൾത്തന്നെ ചില സംശയങ്ങൾ വന്നിരുന്നു. വി.ഡി സതീശന് ചില താൽപര്യങ്ങളുണ്ട്. എക്‌സൈസ് മന്ത്രിയോട് പോലും കൂടിയാലോചനയില്ലാതെയാണ് മദ്യനികുതിയിലെ തീരുമാനം. എല്ലാം ഒറ്റയ്ക്ക് ഭരിക്കാമെന്നാണ് വിചാരം. വി.ഡി സതീശനേക്കൊണ്ട് മുഖ്യമന്ത്രിസ്ഥാനം രാജിവെപ്പിക്കണമെന്നും വസീഫ് പറഞ്ഞു. പൂക്കി സതീശൻ ഇപ്പോൾ ബക്കാർഡി സതീശനായെന്നും വസീഫ് പരിഹസിച്ചു. മദ്യനികുതിയിളവിനെതിരേ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംസാരിക്കുകയായിരുന്നു വസീഫ്.

കോർപ്പറേറ്റുകൾക്കും മദ്യമാഫിയകൾക്കും സൗകര്യമൊരുക്കിക്കൊടുക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. അഭിപ്രായ ഐക്യമില്ലാതെ മുന്നോട്ടുപോവുകയാണ് കേരളത്തിൽ ഭരണംനടത്തുന്ന യുഡിഎഫ്. തുറമുഖങ്ങളും ധാതുഖനികളുമെല്ലാം അദാനിക്ക് കൊടുക്കുന്നു, വിദ്യാഭ്യാസ മേഖലയാകെ ആർഎസ്എസിന് തീറെഴുതികൊടുക്കുന്നു. ഇന്ന് എല്ലാം തെളിഞ്ഞിരിക്കുന്നു. എക്‌സൈസ് മന്ത്രിയോ മുതിർന്ന നേതാവ് വിഎം സുധീരനോ ഒന്നും അറിയാതെയാണ് മദ്യനികുതിയിളവ്. കോൺഗ്രസിന്റെ എഐസിസി പിന്തുണയൊന്നും വേണ്ടെന്ന് പറയുന്നതിലേക്ക് വി.ഡി സതീശൻ എത്തി. ആ ധൈര്യം കൊടുത്തത് പ്രധാനമന്ത്രി മോദിയും അദാനിയുമാണ്. ഇവരുടെ ധൈര്യത്തിലാണ് വി.ഡി സതീശൻ കേരളം ഭരിക്കുന്നത്. കേരളത്തെ വിൽക്കാനുള്ള നീക്കത്തിന് യുഡിഎഫ് കൂട്ടുനിൽക്കരുത്, രക്ഷപ്പെടണമെങ്കിൽ സതീശനെ കൊണ്ട് രാജിവെപ്പിക്കണമെന്നും വസീഫ് പറഞ്ഞു.

സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് പ്രമുഖ അന്താരാഷ്ട്ര മദ്യക്കമ്പനിയായ ‘ബക്കാർഡി’യെ സഹായിക്കാനാണെന്നും ഇതിന് പിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മുൻപ് ഇടതുപക്ഷ സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ബക്കാർഡി കമ്പനി രണ്ടുതവണ സമീപിച്ചിരുന്നെന്നും സർക്കാരിന്റെ ഈ നടപടി അഴിമതി ലക്ഷ്യമിട്ടുള്ളതാണെന്നും പ്രതിപക്ഷ നേതാവ് ഇന്ന് നിയമസഭയിൽ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയിൽ വി.ഡി സതീശൻ മേനോൻ സതീശനായി, പിന്നീട് പൂക്കി സതീശനായി, ഇപ്പോൾ ബക്കാർഡി സതീശനായി കേരളത്തിന്റെ മുഖ്യമന്ത്രി മാറി. നിങ്ങളിനി ദയവുചെയ്ത് മുന്നോട്ടുപോകരുതെന്നാണ് അദ്ദേഹത്തോട് പറയാനുള്ളത്. യൂത്ത് കോൺഗ്രസ്സും യൂത്ത് ലീഗും ഇതിൽ അഭിപ്രായം പറയണം. ഇടതുപക്ഷത്തിന്റെ മദ്യനയങ്ങളെ വിമർശിച്ചവരൊക്കെ ഇപ്പോൾ എവിടെയാണെന്നും വസീഫ് ചോദിച്ചു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.