PRAVASI

മൂന്ന് ജീവനുകൾ കവർന്ന ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കം; ഡ്രൈവർക്കെതിരെ നരഹത്യയ്ക്ക് കേസ്

Blog Image

കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്നുപേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഡ്രൈവറുടെ അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ വാഹനം വേഗത കുറച്ചില്ലെന്നും, അലക്ഷ്യമായി വാഹനമോടിച്ചതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അപകടമുണ്ടാക്കിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ഒരു മാസം മുൻപ് ഗൾഫിൽ നിന്നെത്തിയ ഇയാൾ ലൈസൻസില്ലാതെയാണ് വാഹനം ഓടിച്ചിരുന്നത്. അപകടസമയത്ത് വാഹനത്തിന്റെ ജി.പി.എസ് സംവിധാനം മനഃപൂർവ്വം ഓഫാക്കിയിരുന്നുവെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി.

പഴക്കം ചെന്ന വാഹനമാണ് അപകടം വരുത്തിയത്. ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും നിയമലംഘനങ്ങളുടെ പേരിൽ ഈ വാഹനം പലതവണ പിടിയിലായിട്ടുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. മണ്ണ് കയറ്റി അമിതവേഗതയിൽ വന്ന വാഹനം ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞാണ് ദുരന്തമുണ്ടായത്.

അപകടത്തിൽ കുടവട്ടൂർ സ്വദേശി ഹരിലാൽ (54), പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം സ്വദേശി അജയകുമാർ എന്നിവർ മരണപ്പെട്ടു. വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാമിനും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.