പണ്ടെങ്ങോ കേട്ട ഒരു പേർഷ്യൻ നാടോടി കഥ മനസ്സിലൂടെ ഓടി എത്തി. ഒരിക്കൽ ദരിദ്രനും സത്യസന്ധനുമായ മരം വെട്ടുകാരൻ ആലിബാബ വനാന്തരത്തിൽ മരം വെട്ടി കൊണ്ടിരിക്കുമ്പോൾ ഇതാ കേൾക്കുന്നു ഒരുപാട് കുതിരകളുടെ കുളമ്പടി ശബ്ദം.. അല്പം ഭയന്നെങ്കിലും മരത്തിന് മറഞ്ഞു നിന്നുകൊണ്ട് നോക്കിയപ്പോൾ കണ്ട കാഴ്ച വല്ലാതെ ഭ്രമിപ്പിച്ചു. ആയുധധാരികളായ നാല്പത് പേർ ഭാണ്ഡകെട്ടുകളും കുതിരപ്പുറത്ത് വെച്ചുകൊണ്ട് പാഞ്ഞടുക്കുന്നു. ആലിബാബയ്ക്കു കണ്ണുകളെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല ഇതാ അവർ പെട്ടെന്ന് ഒരു വലിയ ഗുഹയുടെ മുമ്പിൽ വന്ന് നിൽക്കുന്നു. എല്ലാവരും നിൽക്കേ അവരുടെ നേതാവ് മുമ്പോട്ട് വന്ന് ഉറക്ക പറയുന്നു തുറക്ക് സിസേ. ആ വലിയ കല്ല് ഉരുണ്ടു മാറുന്നു കൈകളിൽ രത്നവും സ്വർണവും നിറഞ്ഞ
ഭാണ്ഡ കെട്ടുകളുമായി ആയുധധാരികളായ 40 പേർ ഗുഹയിലേക്ക് നടന്നു കയറുന്നു. അതിൻെ്് വാതിൽ അടയുന്നു. ആലിബാബ ചങ്കിടിപ്പോടെ നോക്കി നിൽക്കുമ്പോൾ അതാ വീണ്ടും ഗുഹയുടെ വാതിൽ തുറക്കുന്നു വെറും കയ്യായി 40 പേരും കുതിരപ്പുറത്ത് കയറി അതിവേഗം വനത്തിനുള്ളിലേക്ക് പായുന്നു. ഇതെല്ലാം കണ്ട് ആലിബാബ തന്നോട് തന്നെ പറഞ്ഞു നിശ്ചയമായും ഇവർ കള്ളന്മാർ തന്നെ അല്ലെങ്കിലെന്തിന് ഇവർ വാളും മഴുവും കോടാലിയും കൊണ്ട് നടക്കുന്നു. ആകാംക്ഷ പൂണ്ട് കള്ളന്മാർ പോയി കഴിഞ്ഞെന്ന് ഉറപ്പു വന്നപ്പോൾ വളരെ പതുക്കെ ആലിബാബ ഗുഹയുടെ വാതിലിൽ എത്തി വിളിച്ചു പറഞ്ഞു തുറക്ക് സിസേ. കണ്ണുകൾക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല ഗുഹയുടെ വാതിൽ ഉരുണ്ടു മാറി. അകത്തു പ്രവേശിച്ച താൻ വെട്ടി തിളങ്ങുന്ന രത്നങ്ങൾ വജ്രങ്ങൾ സ്വർണ്ണത്തിൻെ്് കൂമ്പാരങ്ങൾ കണ്ട് വിറച്ചു. ഇത് സാക്ഷാൽ നിധി ശേഖരം തന്നെ. അതിൽ കുറച്ച് സ്വർണ്ണ നാണയങ്ങളിൽ മാത്രം എടുത്തു കൊണ്ട് വളരെ പെട്ടെന്ന് വീട്ടിലെത്തിയ ആലിബാബയുടെ കയ്യിലുള്ള സ്വർണ നാണയങ്ങൾ കണ്ട് തൻെ്് സ്നേഹനിധിയായ ഭാര്യ ഞെട്ടിയെങ്കിലും ആലിബാബ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു പേടിക്കേണ്ട നമ്മൾ ഇനി ധനികരായി ജീവിക്കുവാൻ പോകുകയാണ്.
എന്നാൽ ധനികനും പിശുക്കനുമായ ആലിബാബയുടെ സഹോദരൻ കസിം ആലിബാബയ്ക്ക് നിധി കിട്ടി എന്ന് എങ്ങനെയോ മണത്തറിഞ്ഞു. അങ്ങനെ ഒരുനാൾ അവനെ നിർബന്ധിച്ചു അതിൻെ്് ഉറവിടം കണ്ടെത്തി. ഗുഹ തുറക്കുവാനുള്ള മാന്ത്രിക വാക്കും കാപട്യത്തോടെ തട്ടിയെടുത്തു. അങ്ങനെ ഒരു രാത്രിയിൽ ആരുമറിയാതെ നിരവധി കഴുതകളും കാലിച്ചാക്കുകളുമായി ആയി കസിം നിധിയുള്ള ഗുഹയുടെ മുമ്പിൽ എത്തി തുറക്ക് സിസേ എന്ന് ഉറക്കെ പറഞ്ഞു. കണ്ണുകൾക്ക് മുമ്പിൽ തുറക്കപ്പെട്ട വാതിലിലൂടെ അകത്ത് കടന്ന കസിം കോരിത്തരിച്ചു. സ്വർണ്ണനാണയങ്ങളുടെയും രത്നങ്ങളുടെയും കൂമ്പാരം കണ്ട് ആധിയും ആർത്തിയും പൂണ്ട് ചാക്കുകളിൽ കുത്തി നിറച്ചു. ഇനി ഇവിടെ നിന്ന് പെട്ടെന്ന് പുറത്തിറങ്ങണം നാട്ടിലെ ഏറ്റവും വലിയ ധനികനായി ജീവിക്കണം. അഹന്തയുടെ കൊടുമുടിയിൽ നിന്നുകൊണ്ട് ഗുഹയുടെ വാതിലിൽ എത്തി. കൊല്ലം കണ്ടവൻ ഇല്ലം മറന്നതുപോലെ ഇപ്പോൾ കസീമിന് മാന്ത്രിക വാക്ക് ഓർക്കുവാൻ കഴിയുന്നില്ല. പലതും വിളിച്ചു പറഞ്ഞു ഗുഹയുടെ വാതിൽ തുറക്കപ്പെടുന്നില്ല. പരിഭ്രാന്തനായി പരവശനായി വാതിലിൽ
പിടിച്ചും തിരിച്ചും തള്ളിയും തുറക്കുവാൻ ശ്രമിക്കുമ്പോൾ ഇതാ കേൾക്കുന്നു കുതിരകളുടെ കുളമ്പടി ശബ്ദം ഗുഹയുടെ വാതിൽ തുറക്കുന്നു. വാളും കോടാലിയും ധരിച്ച ആയുധധാരികളായ കരുത്തന്മാരായ 40 കള്ളന്മാർ അകത്തേക്ക് പ്രവേശിക്കുന്നു. വിറങ്ങലിച്ച് വാരി കെട്ടിയ ചക്കുകെട്ടുകളുമായി നിൽക്കുന്ന കസിമിനെ അകത്തു കണ്ടപ്പോൾ ആ ക്രൂരന്മാരായ കാട്ടു കള്ളന്മാർ അനധികൃതമായി ഗുഹയിൽ കയറിയവനെ ഒറ്റ നിമിഷത്തിൽ തന്നെ വാളുകൊണ്ട് ക്രൂരമായികൊന്നു. പിന്നീടവർ തങ്ങളുടെ നിധിയുടെയും ഗുഹയുടെയും രഹസ്യം കണ്ടുപിടിച്ചവനെ കൊല്ലുവാൻ ഇറങ്ങിത്തിരിച്ചു. ആലിബാബ മകൾക്ക് തുല്യമായി സ്നേഹിച്ച ബുദ്ധിമതിയും കസീമിൻെ്് ഭവനത്തിലെ അടിമ പെണ്ണുമായിരുന്ന മർജിയാന ഇത് മണത്തറിഞ്ഞ് വളരെ വിവേകത്തോടും ബുദ്ധിയോടും കൂടെ അതിവിദഗ്ധമായി 40 കള്ളന്മാരെയും ഉൻമൂലനം ചെയ്യുകയും ആലിബാബയെയും കുടുംബത്തെയും അതിസാഹസികമായി മരണത്തിൽ നിന്ന് രക്ഷിച്ചു.
ഇതൊരു പേർഷ്യൻ നാടോടി കഥയെങ്കിലും ചില യാഥാർത്ഥ്യങ്ങൾ ഇതിൽ ഒളിഞ്ഞിരിപ്പുണ്ട്. അമ്മേരിയ്ക്കയെന്ന ഈ മഹൽ രാജ്യം ഒരു വലിയ നിധിയാണ്. ഇറ്റാലിയൻ നാവികനും ഗവേഷകനുമായ ക്രിസ്റ്റഫർ കൊളംബസ് ഈ നിധിയുടെ ചെപ്പ് ലോകത്തിന് മുമ്പിൽ തുറന്നു കൊടുത്തു. ആ നാൾ മുതൽ യൂറോപ്പിൽ നിന്നും ഏഷ്യയിൽ നിന്നും ലോകത്തിൻെ്് എല്ലാ മുക്കിലും മൂലയിൽ നിന്നും ഈ നിധി ശേഖരത്തിൻെ്് പങ്കു പറ്റുവാൻ മനുഷ്യർ മരണത്തെ വെല്ലുവിളിച്ചുകൊണ്ട് അതിസാഹസികമായി തുഴഞ്ഞും പറന്നും ഇവിടെ വന്നിറങ്ങി. ഒരമ്മ കുഞ്ഞിനെ ആശ്ലേഷിക്കുന്നത് പോലെ ഇവിടെ വന്നിറങ്ങിയ എല്ലാവരെയും വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ ഇരുകരങ്ങളും നീട്ടി ഈ രാജ്യം ആശ്ലേഷിച്ചു. അങ്ങനെ നമുക്കും ഒരു ഇടം കൂട് കൂട്ടുവാൻ ലഭിച്ചു ആരും ദുഃഖിക്കേണ്ടി വന്നില്ല. ഇവിടുത്തെ സ്വാതന്ത്ര്യവും അവസരങ്ങളും സാധ്യതകളും നുണഞ്ഞുകൊണ്ട് എവറസ്റ്റിനേക്കാൾ ഉയരത്തിൽ മനുഷ്യർ കുതിച്ചു കയറി. അങ്ങനെ നേട്ടങ്ങളുടെയും ഉയർച്ചയുടെയും കോവണിയിൽ ചവിട്ടിക്കയറുന്ന മനുഷ്യൻ അറിഞ്ഞോ അറിയാതെയോ സത്യങ്ങൾ മറന്നു പോയി. നിധിയുടെ ചെപ്പു തുറന്ന രാജ്യം പലർക്കും പുച്ഛമായി എന്നാൽ കരുത്തുള്ള ഡോളറിനെ അവർ സ്നേഹിച്ചു. ദൈവത്തെ വിശ്വസിച്ചവരുടെയും അന്വേഷിച്ചവരുടെയും തലമുറകൾ ദൈവത്തെ മറന്നു. എത്ര വാരിക്കുട്ടിയാലും മതിയാകാതെ ആർത്തി പൂണ്ട് പലരും കുടുക്കിലും കെണിയിലും ചെന്ന് പതിച്ചു. അത്യാഗ്രഹം സ്വാർത്ഥത എന്ന ബോംബുകൾ മനുഷ്യബന്ധങ്ങളുടെ ഇടയിൽ പൊട്ടിത്തെറിച്ചപ്പോൾ മനുഷ്യത്വം മനുഷ്യനിൽ നിന്ന് നഷ്ടപ്പെട്ടു. കിരാതത്വവും തേർവാഴ്ചയും തല ഉയർത്തി. സ്ഥാനമാനങ്ങൾ വെട്ടിപ്പിടിക്കുവാൻ ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യൻ സത്യത്തിന് ചെവി കൊടുക്കാതെ സ്വയം പുകഴ്ത്തി സായൂജ്യമടയുവാൻ തുടങ്ങി. കൂടപ്പിറപ്പുകളെയും കൂട്ടു സഹോദരന്മാരെയും ചവിട്ടി താഴ്ത്തുന്നതിൽ മടി കാണിക്കാതെ അഹംതയുടെ അങ്കി ധരിച്ചുകൊണ്ട് മനുഷ്യൻ ഇന്ന് മലക്കം മറിയുകയാണ്. കയ്യടക്കുവാനും കരുത്തു തെളിയിക്കുവാനും മനുഷ്യർ പരാക്രമം ആരംഭിച്ചപ്പോൾ അവരുടെ നടുവിൽ നിന്നും ശാന്തിയും സമാധാനവും ഊഷ്മളമായ സ്നേഹവും എങ്ങോ നഷ്ടപ്പെട്ടുപോയി എന്നുള്ളതവർ മറന്നു പോയി. എല്ലാം ഉള്ളവനെങ്കിലും മനുഷ്യൻ ഇന്ന് അസ്വസ്ഥനാണ്. സഹ പ്രവർത്തകരോടും സഹജീവികളോടും കരുണ കൂടാതെ പ്രതികരിക്കുകയും എതിരാളിയെ നിഷ്കരുണം കൊല്ലുവാനും മടികാണിക്കാത്ത ജന്മങ്ങൾ പരിഷ്കൃത ലോകത്തിന് അപമാനമായി മാറി. വ്യക്തിത്വങ്ങളെ തകർക്കുന്ന കുടുംബങ്ങളെ ശിഥിലീപ്പെടുത്തി കരിതേച്ച് ചെളി വാരിയെറിയുന്ന പ്രവൃത്തികൾ ചെയ്യുവാൻ മനുഷ്യന് ഇന്ന് ഒട്ടുമേ ലജ്ജയില്ല. കടിച്ചു കീറുന്ന മൃഗങ്ങൾ പോലും തമ്മിൽ തമ്മിൽ അല്പമെങ്കിലും ദയ കാണിക്കുമ്പോൾ ദൈവത്തിൻെ്്സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദയ കരുണ എന്ന വാക്ക് മറന്നുകൊണ്ട് കിതച്ച് ഓടുകയാണ്. ചെപ്പടി വിദ്യകളും കുതന്ത്രങ്ങളും ഉപയോഗിച്ച് അർഹതയില്ലാത്തത് തട്ടിയെടുക്കുവാനും അവസരങ്ങൾക്കായി പതിയിരിക്കുകയും ചെയ്യുന്ന തിന്മയെ ആശ്ലേഷിച്ചപ്പോൾ നീതിയും ന്യായവും അവൻ മറന്നു.
പലതും കയ്യടക്കി ഒരുപക്ഷേ കരുത്ത് നമുക്കിവിടെ തെളിയിക്കുവാൻ കഴിഞ്ഞേക്കാം എന്നാൽ കാര്യം തീർക്കുന്ന നാളിൽ നമ്മുടെ കരങ്ങൾ ബലപ്പെട്ടിരിക്കുമോ എന്നുള്ളത് ചിന്തിക്കുന്നത് നന്നായിരിക്കും. ആവേശവും ആർത്തിയും പൂണ്ട മനുഷ്യൻ ബന്ധങ്ങളുടെ ആഴവും മഹിമയും മറന്നു. സംസ്കാരവും പൈതൃകമായി ലഭിച്ച മൂല്യങ്ങളും നഷ്ടപ്പെട്ടു. ലോകത്തെയും ലോകത്തിലുള്ളതിനെയും അധികമായി സ്നേഹിച്ച മനുഷ്യർ ദൈവത്തെ മറന്നു ഫലം എല്ലാം ഉണ്ടെങ്കിലും വല്ലാത്ത ശൂന്യത. യഹോവയായ ദൈവം തൻെ്് ജനത്തോട് എന്താണ് പറയുന്നത്? നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും സകല സമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും ഒത്തിരി നന്മകളും അനുഗ്രഹങ്ങളും നീ പ്രാപിക്കുമ്പോൾ നിന്നെ ഇതുവരെ നടത്തി കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക (ആവർ. 16.11-13) സമ്പത്തും സൗന്ദര്യവും വർധിച്ചപ്പോൾ അതിൽ മനസ്സുവെച്ച് ദൈവത്തെ മറന്നാൽ ഓർക്കുക നാം ഇടറി വീഴും. എല്ലാ വാതിലുകളും ഇന്ന് അടഞ്ഞു എന്ന് തോന്നിയാലും കൃപയുടെ വാതിൽ ഇപ്പോഴും തുറന്നിരിക്കുന്നു അതിൽ കൂടെ കടക്കുക രക്ഷ പ്രാപിക്കുക!
പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്


