PRAVASI

യൂറോപ്പിലെ ക്നാനായ യുവജനങ്ങൾ "Thekkans Aura"-യ്ക്കായി ഫ്രാങ്ക്ഫർട്ടിൽ ഒത്തുചേരുന്നു

Blog Image

ഫ്രാങ്ക്ഫർട്ട് : യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ക്നാനായ സമുദായത്തിലെ യുവജനങ്ങൾ ഈ വേനൽക്കാലത്ത് Thekkans Aura എന്ന മൂന്നു ദിവസത്തെ കൺവെൻഷനായി ഒത്തുചേരുന്നു. ജൂലൈ 10 മുതൽ 12 വരെ ഫ്രാങ്ക്ഫർട്ടിലാണ് പരിപാടി നടക്കുന്നത്.

സമുദായത്തിന്റെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന ഈ പരിപാടി, കേരളത്തിൽ നിന്ന് ജർമനിയിലേക്ക് ജീവിതം പടുത്തുയർത്താൻ എത്തിയ വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ഒന്നിച്ചു ചേർക്കുന്നു — ഇവരിൽ ഏറെയും നഴ്സിങ് വിദ്യാർത്ഥികളും ബിരുദാനന്തര കോഴ്സുകൾ പഠിക്കുന്നവരുമാണ്.

ആഘോഷവും ഒരുമയും ഇഴചേർന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്: ഒരുമിച്ചുള്ള ഭക്ഷണം, സംഗീതവും ഡിജെ സന്ധ്യയും, പരസ്പരം പരിചയപ്പെടാനുള്ള ആക്ടിവിറ്റീസും കൂട്ടായ പ്രവർത്തനങ്ങളും, സമുദായത്തിന്റെ ആത്മീയ വേരുകൾ പ്രതിഫലിപ്പിക്കുന്ന വിശുദ്ധ കുർബാനയും. എന്നാൽ ഈ പട്ടികയ്ക്കപ്പുറം, ഒരു പോസ്റ്ററിൽ ഒതുക്കാനാവാത്ത ഒന്ന് ഈ വാരാന്ത്യം നൽകുന്നു — വീട്ടിൽ നിന്ന് ദൂരെ കഴിയുന്നവർക്ക് തങ്ങളുടെ കൂട്ടായ്മയുടെ അനുഭവവും, പരിചയക്കാരെ ആജീവനാന്ത സുഹൃത്തുക്കളാക്കി മാറ്റാനുള്ള അവസരവും.

"ഞങ്ങളിൽ പലർക്കും ഇവിടത്തെ ജീവിതം എന്നാൽ നീണ്ട ഡ്യൂട്ടികളും തിരക്കേറിയ പഠന ആഴ്ചകളും, പലപ്പോഴും കുടുംബത്തിൽ നിന്ന് ഏറെ അകലെയും ആണ്," എന്ന് തോബിയാസ്, GKCYL പ്രസിഡന്റ് പറഞ്ഞു. "നാട്ടിൽനിന്നു എത്ര അകലെയാണെങ്കിലും, എത്ര ഒറ്റപ്പെട്ട നഗരത്തിലാണെങ്കിലും, അവർക്ക് സ്വന്തമെന്ന് തോന്നുന്ന ഒരിടമുണ്ടെന്ന് — ഓർമിപ്പിക്കുകയാണ് Thekkans Aura." കൊളോൺ മുതൽ ബെർലിൻ വരെ, സ്റ്റുട്ട്ഗാർട്ട് മുതൽ ബ്രെമൻ, വരെ പല നഗരങ്ങളിലായി ചിതറിക്കിടക്കുന്ന ഈ യുവജനങ്ങൾക്ക് ഒരുമിച്ച് കാണാനുള്ള അവസരം അപൂർവമാണ്. ആ കുറവ് നികത്താനാണ് Thekkans Aura ഒരുങ്ങുന്നത്.

ജർമനിയിൽ നിന്ന് മാത്രമല്ല, KCYL ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ക്നാനായ യുവജനങ്ങളും ഇതിനോടകം തന്നെ പരിപാടിക്ക് റജിസ്റ്റർ ചെയ്തു കഴിഞ്ഞു.

നാല് വർഷം മുമ്പ് നിറഞ്ഞ സദസ്സോടെ നടന്ന SERVUS എന്ന കൂട്ടായ്മയുടെ പാരമ്പര്യമാണ് Thekkans Aura മുന്നോട്ടു കൊണ്ടുപോകുന്നത്; അന്ന് ഉടലെടുത്ത സൗഹൃദങ്ങളെക്കുറിച്ച് പങ്കെടുത്തവർ ഇന്നും പറയാറുണ്ട്. ഇത്തവണത്തേത് ഏറ്റവും വലിയ പതിപ്പാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

കൺവെൻഷനിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് www.kcylgermany.com/ThekkansAura.html എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.