PRAVASI

68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് തുടക്കം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

Blog Image

മുക്കം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് എൻ.ഐ.ടി മൈതാനത്ത് പ്രൗഢഗംഭീരമായ തുടക്കം. മുഖ്യമന്ത്രി വി.ഡി. സതീശൻ കായിക മാമാങ്കം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റും മേളയുടെ ബ്രാൻഡ് അംബാസഡറുമായ ഒളിമ്പ്യൻ പി.ടി. ഉഷ എം.പി ദീപശിഖ തെളിയിച്ചു. പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കായിക മേഖലയ്ക്ക് സർക്കാർ വലിയ മുൻഗണനയാണ് നൽകുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സംസ്ഥാനത്ത് നിന്ന് പുറത്ത് മത്സരങ്ങൾക്ക് പോകുന്ന കായികതാരങ്ങൾക്ക് ടി.എയും ഡി.എയും ഉറപ്പായും നൽകുമെന്നും എല്ലാ ജില്ലകളിലും പുതിയ കളിക്കളങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കെതിരെയുള്ള ഏറ്റവും ശക്തമായ പ്രതിരോധമാണ് സ്‌പോർട്‌സെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാലായിരത്തോളം കായികതാരങ്ങൾ അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റും വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉദ്ഘാടനച്ചടങ്ങിന് മാറ്റുകൂട്ടി.
ഒക്ടോബർ 25 മുതൽ 31 വരെ ഒളിമ്പിക്‌സ് മാതൃകയിലാണ് മേള സംഘടിപ്പിക്കുന്നത്. ഒക്ടോബർ 26-ന് രണ്ടായിരത്തിലധികം ഭിന്നശേഷി താരങ്ങൾ പങ്കെടുക്കുന്ന ഇൻക്ലൂസീവ് കായികമത്സരങ്ങൾക്ക് എൻ.ഐ.ടി മൈതാനം വേദിയാകും. ജില്ലയിലെ 10 വേദികളിലായി പതിനായിരത്തോളം കായികപ്രതിഭകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ഗൾഫ് മേഖലയിലെ സ്കൂളുകളിൽ നിന്നുള്ള കായികപ്രതിഭകളും മേളയിൽ പങ്കെടുക്കുന്നുണ്ട്. താരങ്ങൾക്കും ഒഫീഷ്യൽസിനുമായി 50-ലധികം സ്‌കൂളുകളിൽ താമസസൗകര്യവും പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്. ഒക്ടോബർ 31-ന് നടക്കുന്ന സമാപന സമ്മേളനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.