സിപിഎം നേതാവും ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു. ബിജെപി അഖിലേന്ത്യ ജനറൽ സെക്രട്ടറി തരുൺ ചൂഗാണ് ബിപിന് അംഗത്വം നൽകി സ്വീകരിച്ചത്.
ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗമായ ഇദ്ദേഹം സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി അംഗമായിരുന്നു. കായംകുളത്തെ പാർട്ടിക്കകത്തുണ്ടായ വിഭാഗീയതയെ തുടർന്നാണ് ബിപിൻ സി.ബാബു സിപിഎം വിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് കൂടുതൽ പേർ സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക് വരുന്നതെന്ന് ബിപിൻ പറഞ്ഞു.
സംഘടനാ പർവം എന്ന പേരിൽ ബിജെപിയുടെ സംഘടനാകാര്യങ്ങൾ ചർച്ചചെയ്യാനുള്ള യോഗം തിരുവനന്തപുരത്ത് നടക്കുകയാണ്. ഈ പരിപാടിയിൽ വച്ചാണ് ബിപിൻ സി.ബാബു അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, സി കൃഷ്ണകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആലപ്പുഴയിലെ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് വർഗീയ സ്വഭാവമുള്ളവരാണ്. മതനിരപേക്ഷതയില്ലാത്ത പാർട്ടിയായി സിപിഎം മാറിയെന്നും ബിപിൻ സി.ബാബു പറഞ്ഞു. മോദി സർക്കാർ രാജ്യത്തെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ധാരാളം പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ നിരവധി കാര്യങ്ങളാണ് കേന്ദ്രസർക്കാർ ചെയ്തത്.
പദവികളൊന്നും ഞാൻ നോക്കുന്നില്ല. അതിനോട് താത്പര്യമൊന്നുമില്ല. ആയിരക്കണക്കിന് പ്രവർത്തർ പാർട്ടി വിട്ട് പോകുന്നുണ്ട്. വർഗീയവാദികളും തീവ്രവാദികളും സിപിഎമ്മിനകത്തുണ്ടെന്നും ബിപിൻ സി ബാബു കൂട്ടിച്ചേർത്തു.


