അമേരിക്കൻ മലയാളി എഴുത്തുകാരി ഉഷാ നായരുടെ കവിതാ സമാഹാരം ഹൃദയത്തിൻ്റെ കൈയ്യൊപ്പുകൾ പ്രകാശനം ചെയ്തു . വായനാ വാരാചരണത്തിൻ്റെ ഭാഗമായി മാവേലിക്കര വായന സാഹിത്യ ആസ്വാദന സമിതി സംഘടിപ്പിച്ച മാവേലിക്കര ശാരദാ മന്ദിരത്തിൽ സംഘടിപ്പിച്ച സാഹിത്യ സംഗമത്തിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ. രഘുപ്രസാദ് എഴുത്തുകാരനും അദ്ധ്യാപകനുമായ ഡോ. ആർ . ഹരീഷ് ചന്ദ്രന് നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. സാംസ്കാരിക പ്രവർത്തകയും , വിവർത്തകയുമായ പ്രൊഫ. വി. രാധാമണി കുഞ്ഞമ്മ അദ്ധ്യക്ഷത വഹിച്ചു.

എഴുത്തുകാരൻ ഡോ. ഹരീഷ് ആർ ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സാങ്കേതിക വിദ്യ എ ഐ ,ചാറ്റ് ജി പിറ്റി വരെ വളർന്ന സാഹചര്യത്തിൽ എഴുത്തും വായനയുമൊക്കെ വലിയ രീതിയിൽ മാറിയെന്നും വായന ഭാവിയിൽ ഇല്ലാതാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. വിവിധ ഉദാഹരങ്ങൾ നിരത്തിയാണ് പ്രസ്തുത വിഷയത്തെ അദ്ദേഹം അവതരിപിച്ചത്.
പ്രസാധകനും അമേരിക്കൻ മലയാളി മാധ്യമ പ്രവർത്തകനുമായ അനിൽ പെണ്ണുക്കര ആമുഖ പ്രഭാഷണം നടത്തി. പ്രവാസ ഭൂമിയിൽ മലയാള സാഹിത്യത്തിന് പ്രവാസി എഴുത്തുകാർ നൽകുന്ന പ്രാധാന്യം പോലെ പ്രവാസി എഴുത്തുകൾക്കും , രചയിതാക്കൾക്കും കേരളത്തിൽ വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലന്നും അതിന് പരിഹാരമായി പ്രവാസി എഴുത്തുകാരെ മലയാളത്തിന് പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഉഷാ നായരുടെ കവിതകൾ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ജീവിതത്തിൻ്റെ തിരക്കുകൾക്കിടയിൽ മലയാളത്തെ മറക്കാതെ , മലയാളം മറക്കാതെ താൻ കടന്നുവന്ന വഴികൾ എല്ലാം കവിതയായി മാറ്റാൻ സാധിച്ച പുസ്തകമാണ് ഹൃദയത്തിൻ്റെ കൈയ്യൊപ്പുകൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാഹിത്യകാരനും പ്രഭാഷകനുമായ ഡോ. പ്രദീപ് ഇറവങ്കര പുസ്തക പരിചയം നടത്തി. പുസ്കത്തിലെ 24 കവിതകളെയും വിശദമായി പഠിച്ച് അവതരിപ്പിച്ച പുസ്തക പരിചയം അതീവ ഹൃദ്യമായിരുന്നു. മലയാള കാവ്യ ലോകത്തിന് ധൈര്യപൂർവ്വം ലോകത്തിന് പരിചയപ്പെടുത്താവുന്ന കവിയാണ് ഉഷാ നായരെന്ന് അദ്ദേഹം പറഞ്ഞു. ഏത് അനുഭവവും ആഴത്തിൽ സ്പർശിക്കപ്പെടുമ്പോഴാണ് എഴുതാനുള്ള ആഗ്രഹം ഉണ്ടാകുന്നത് . ഈ കവിതാ ഗ്രന്ഥത്തിലെ എല്ലാ കവിതകളും അത്രമേൽ ആഴത്തിൽ സ്പർശിക്കുന്നവയാണ്. അമേരിക്കൻ ജീവിതത്തിരക്കുകൾക്കിടയിൽ കാവ്യാത്മകമായി എഴുതുവാൻ ഉഷാ നായർക്ക് സാധിച്ചത് അവർ നല്ലൊരു വായനക്കാരി കൂടി ആയതു കൊണ്ടാണെന്നും എ ആർ രാജ രാജവർമ്മയുടെ സ്മൃതി കുടീരത്തിൽ വെച്ച് പുസ്തക പ്രകാശനം നടത്താൻ സാധിച്ചതും വലിയ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രൊഫ. ജി ചന്ദ്രശേഖരൻ നായർ , നല്ലമുട്ടം പ്രസാദ് എന്നിവർ ആശംസകൾ നേർന്നു.
ഉഷാ നായർ മറുമൊഴി പ്രസംഗം നടത്തി. താനൊരു എഴുത്തുകാരി മാത്രമല്ല മികച്ച ഒരു പ്രഭാഷക കൂടിയാണെന്ന് തെളിയിക്കുന്ന പ്രസംഗമായിരുന്നു ഉഷാ നായരുടേത്. തൻ്റെ എഴുത്തിൻ്റെ വഴികളുടെ തുടക്കം മുതൽ ഹൃദയത്തിൻ്റെ കൈയ്യൊപ്പുകൾ വരെയുള്ള യാത്രയുടെ വിശകലനത്തിൽ തനിക്കൊപ്പം നിന്ന എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നതായും ഒരു പുസ്തകമെന്ന മോഹത്തിന് ഒപ്പം നിന്ന കുടുംബാംഗങ്ങൾക്ക് നന്ദി പറയുന്നതായും പ്രത്യേകിച്ച് ഭർത്താവ് രാജേന്ദ്രൻ നായരോട് വലിയ കടപ്പാട് ഉണ്ടെന്നും ഉഷാനായർ പറഞ്ഞു. അദ്ദേഹം ഈ പുസ്തകത്തിനായി എടുത്ത അധ്വാനം വളരെ വലുതാണെന്നും അവർ കൂട്ടിച്ചേർത്തു.
ബിന്ദു ആർ .തമ്പി സ്വാഗതം ആശംസിച്ചു. ഗിരിജൻ നന്ദി പറഞ്ഞു . എ. ആർ രാജ രാജ വർമ്മയുടെ സ്‌മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പുസ്തക പ്രകാശന ചടങ്ങുകൾ നടന്നത്.

.jpeg)



.jpeg)
.jpeg)

.jpeg)

