നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ടിനി ടോമിനെതിരെ പ്രഥമ ദൃഷ്ടിയാൽ തെളിവുണ്ടെന്നും, കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണമെന്നും ഉത്തരവിട്ട എറണാകുളം ഫസ്റ്റ് ക്ലാസ്സ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ അടിസ്ഥാനത്തിൽ, നടനെതിരെ പൊലീസ് ഉടൻ കേസെടുക്കും.
ടിനി ടോം നടത്തിയ ജിഹാദി പരാമർശങ്ങൾ ഉൾപ്പെടെ ‘തമാശ’ എന്ന് ലഘൂകരിച്ചായിരുന്നു കടവന്ത്ര പൊലീസിന്റെ മുൻ റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ട് അപൂർണ്ണമാണെന്ന് വ്യക്തമാക്കിയ കോടതി, ടിനി ടോമിനെതിരെ പ്രഥമ ദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് നിരീക്ഷിച്ചു. തുടർന്ന്, വകുപ്പ് 173 പ്രകാരം കേസെടുക്കാൻ പൊലീസിന് കോടതി നിർദ്ദേശം നൽകുകയായിരുന്നു.
ഈ വിഷയത്തിൽ പൊലീസിനെതിരെ അൻസിബ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കോടതി ഉത്തരവ് ലഭിച്ചാൽ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് കടവന്ത്ര എസ്.എച്ച്.ഒ അറിയിച്ചു. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളാണ് ഈ കേസ് കോടതിയിലെത്തുന്നതിലേക്ക് നയിച്ചത്. തനിക്കെതിരായ ആരോപണങ്ങൾ ടിനി ടോം നിഷേധിച്ചിട്ടുണ്ട്. അതേസമയം, ‘അമ്മ’ മുൻ പ്രസിഡന്റ് ശ്വേത മേനോൻ, മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവർക്കെതിരെയും അൻസിബ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.

