സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്ദിറിൽ നടന്ന സമരത്തിൽ സജീവ സാന്നിധ്യമായിരുന്നു അവതാരകയും ഇൻഫ്ലുവൻസറുമായ രഞ്ജിനി ഹരിദാസ്. നടി സിജ റോസ്, ജാൻമണി തുടങ്ങിയവർക്കൊപ്പമാണ് രഞ്ജിനി സമരവേദിയിലെത്തിയത്. സോഷ്യൽ മീഡിയയിലൂടെ തുടക്കം മുതൽ സമരം വിജയിക്കുന്നത് വരെ നിരന്തരം ശബ്ദമുയർത്തിയ രഞ്ജിനിക്ക് വലിയ രീതിയിലുള്ള വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
ഇതിനിടെ, ഡൽഹിയിലെത്തിയത് പണം വാങ്ങിയാണെന്നും രഞ്ജിനി ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസർമാർക്കെതിരെ എൻഐഎ അന്വേഷണത്തിന് ഹർജി നൽകിയെന്നുമുള്ള വാർത്ത് പ്രചരിച്ചു. ഈ വാർത്തയ്ക്ക് താഴെ രഞ്ജിനി നൽകിയ തഗ് മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “അവരോട് അടുത്ത മാസം 20-ന് ശേഷം വരാൻ പറയാൻ പറ്റുമോ? അതുവരെ ഞാൻ കുറച്ച് തിരക്കിലാണ്, എന്തായാലും അറിയിച്ചതിന് നന്ദി” എന്നായിരുന്നു രഞ്ജിനിയുടെ പ്രതികരണം.
ധർമേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ സിജെപിയെയും രാജ്യത്തെ യുവാക്കളെയും രഞ്ജിനി അഭിനന്ദിച്ചിരുന്നു. അധികാരത്തിലുള്ളവർ തെറ്റ് ചെയ്യുമ്പോൾ ചോദ്യം ചെയ്യാൻ കഴിയുമെന്ന് യുവാക്കൾ തെളിയിച്ചെന്നും അത് എല്ലാവർക്കും വലിയ ധൈര്യവും പ്രചോദനവുമാണെന്നും രഞ്ജിനി വ്യക്തമാക്കിയിരുന്നു.

