ഒരിക്കൽ ഒരു യാത്രക്കാരൻ വനത്തിലെ കാഴ്‌ചകൾ കണ്ടുകൊണ്ട് നടക്കുന്നതിനിടെ വഴിതെറ്റിപ്പോയി. കുറെ മണിക്കൂറുകൾ അലഞ്ഞതിന്റെ ഫലമായി ദാഹവും വിശപ്പും മൂലം അദ്ദേഹം ഏറെ ക്ഷീണിതനായി. എന്തെങ്കിലും ഭക്ഷിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിൽ ശക്തമായി. പക്ഷേ കാട്ടിൽ എവിടെ ഭക്ഷണം കിട്ടും?
ഒരു മരത്തിന്റെ മുകളിൽ കയറി നോക്കിയപ്പോൾ, ദൂരെയായി ഒരു വീട് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞു.
ഒരുവിധത്തിൽ ഏറെ ക്ലേശം സഹിച്ച് വീടിന്റെ മുമ്പിലെത്തിയപ്പോൾ, കുറെയധികം ബോർഡുകൾ തൂങ്ങിക്കിടക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. വലിയ ബോർഡുകളിൽ മനോഹരമായി എഴുതിയിരുന്നത് അദ്ദേഹം വായിച്ചു: “ഹോട്ടൽ അന്നപൂർണ്ണ”. സന്തോഷത്തോടെ അദ്ദേഹത്തിന് തുള്ളിച്ചാടണമെന്ന തോന്നി — “വേണ്ടുവോളം ഭക്ഷിക്കാമല്ലോ!”
ഭിത്തിയിൽ ചെറിയ ബോർഡുകളും തൂങ്ങിക്കിടക്കുന്നു: “ഊണ് റെഡി”, “ഇന്നത്തെ സ്‌പെഷ്യൽ”, “ബിരിയാണി റെഡി”, “കപ്പയും ഇറച്ചിയും ഇവിടെ കിട്ടും” എന്നിവ.
അദ്ദേഹം വേഗം വാതിൽ തുറന്ന് അകത്ത് പ്രവേശിച്ചു. എന്നാൽ അവിടെ കണ്ടത് പഴയ ഒരു ബെഞ്ചും മേശയും മാത്രമായിരുന്നു. കുറെ പെയിന്റ് ബ്രഷുകളും പഴന്തുണികളും ചിതറിക്കിടക്കുന്നു. ഒരുപക്ഷേ കടയിൽ പെയിന്റിംഗ് നടക്കുകയാണെന്ന് യാത്രക്കാരൻ കരുതി.
സമയം കളയാതെ മേശപ്പുറത്ത് അടിച്ച് അദ്ദേഹം ഭക്ഷണം ഓർഡർ ചെയ്തു. രണ്ട് മൂന്ന് തവണ ഉറക്കെ വിളിച്ചപ്പോൾ അകത്ത് നിന്ന് ഒരാൾ പുറത്തുവന്നു.
“നിങ്ങൾ ആരാണ്? ഇവിടെ എന്ത് കാര്യമാണ്?” എന്ന് അദ്ദേഹം ചോദിച്ചു.
അപ്പോൾ യാത്രക്കാരൻ അല്പം ദേഷ്യത്തോടെ പറഞ്ഞു:
“നിങ്ങൾ എന്താ ഇങ്ങനെ സംസാരിക്കുന്നത്? പുറത്ത് ഹോട്ടലിന്റെ ബോർഡ് കണ്ട് അകത്ത് കയറിയപ്പോൾ ഇങ്ങനെയാണോ പെരുമാറ്റം? വേഗം ഭക്ഷണം കൊണ്ടുവരൂ. ഞാൻ വിശപ്പിൽ പൊരിഞ്ഞിരിക്കുകയാണ്!”
അപ്പോൾ വീട്ടുടമയ്ക്ക് കാര്യം മനസ്സിലായി.
“സുഹൃത്തേ, നിങ്ങൾ കരുതുന്നതുപോലെ ഇത് ഹോട്ടലല്ല. ബോർഡ് എഴുതുകയാണ് എന്റെ ജോലി. വനത്തിൽ ആരുടെയും ശല്യമില്ലാതെ എഴുതാൻ കഴിയുന്നതിനാൽ ഇവിടെ വന്നതാണ്. ഇപ്പോൾ ഒരു പുതിയ ഹോട്ടലിനുവേണ്ടി ബോർഡുകൾ തയ്യാറാക്കുകയാണ്. അവ പുറത്തു ഉണക്കാൻ വെച്ചതാണു. അതാണ് നിങ്ങൾ തെറ്റിദ്ധരിച്ചത്.”
ഇത് കേട്ടതുമാത്രം, വിശന്നിരുന്ന യാത്രക്കാരൻ ബോധംകെട്ട് നിലത്ത് വീണു.
വളരെ ആത്മാർത്ഥമായി ഒരു ചോദ്യം ചോദിക്കട്ടെ — വീണ്ടും ജനിച്ചു എന്നു അവകാശപ്പെടുന്ന ക്രിസ്ത്യാനികളോടാണ് ഇത്.
നാം പല സ്ഥലങ്ങളിലും പോയി പറയുന്നില്ലേ:
“എന്റെ സഭയിൽ വന്നാൽ സമാധാനം ലഭിക്കും, സന്തോഷം ലഭിക്കും, ആശ്വാസം ലഭിക്കും, നിരാശ മാറും, ഭാരം മാറും” എന്നൊക്കെ?
എന്നാൽ ആരെങ്കിലും അവിടെ എത്തിയാൽ, മുകളിൽ പറഞ്ഞ യാത്രക്കാരന്റെ അവസ്ഥയാണോ അവർക്കുണ്ടാകുന്നത്?
നമ്മുടെ സഭകളിൽ സമാധാനമില്ലാതെ വരുന്നവർ സമാധാനത്തോടെ മടങ്ങുന്നുണ്ടോ?
ക്രിസ്തു നൽകുന്ന ആനന്ദം അവർക്കു പകർന്നു നൽകാൻ നമുക്ക് കഴിയുന്നുണ്ടോ?
നാളുകളായി അലട്ടുന്ന ഭാരങ്ങൾക്കും വേദനകൾക്കും വിടുതൽ ലഭിക്കുന്നുണ്ടോ?
വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന ആത്മീയ ആകർഷണം നമ്മുടെ ആരാധനകൾക്കുണ്ടോ?
ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന ഫാമിലി കോൺഫറൻസുകളുടെ അവസ്ഥയും പലപ്പോഴും ഇതിൽനിന്ന് വ്യത്യസ്തമല്ല.
അതിലും പ്രധാനമായി — നമ്മുടെ കുടുംബങ്ങൾ ദൈവിക സമാധാനത്തോടെ നിറഞ്ഞിട്ടുണ്ടോ?
‘കള്ള് ഷാപ്പ്’ എന്ന ബോർഡ് കണ്ടാൽ അകത്ത് കള്ള് കിട്ടും.
‘അങ്ങാടിക്കട’ എന്ന് എഴുതിയാൽ അങ്ങാടി സാധനങ്ങൾ കിട്ടും.
തുണിക്കടയോ, ഷൂ ഷോറൂമോ, ആഭരണക്കടയോ — എന്ത് സ്ഥാപനമായാലും പുറത്തെ പേരിൽ സൂചിപ്പിക്കുന്നതേ അകത്ത് ലഭ്യമാകൂ. ഇല്ലെങ്കിൽ ആ സ്ഥാപനം നിലനിൽക്കില്ല.
എന്നാൽ ‘ക്രിസ്ത്യാനി’ എന്ന ബോർഡ് തൂക്കി നടക്കുന്ന നമ്മിൽ, അന്വേഷിച്ചു വരുന്നവർക്ക് ക്രിസ്തുവിനെ കണ്ടെത്താൻ കഴിയുന്നുണ്ടോ?
വരൂ സഹോദരങ്ങളേ — ബോർഡുകൾ മാത്രമല്ല, ശരിക്കും അന്നം നൽകുന്ന അന്നപൂർണ്ണരായി നമുക്ക് മാറാം.
“അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ, അവൻ നടന്നതുപോലെ തന്നേ നടക്കേണ്ടതാകുന്നു.”(1 യോഹന്നാൻ 2:6)
.jpg)
തോമസ് മുല്ലയ്ക്കൽ

