എത്രമേൽ ശാന്തമീ പ്രഭാതം
ഇലച്ചാർത്തുകളണിയുന്നു തുഷാരകണങ്ങൾ
ദളങ്ങളെ തലോടും രശ്‌മികൾ
നിശ്ശബ്ദതയുടെ അപാരത...
സ്വർഗ്ഗം വിടർന്നപോൽ
വിശുദ്ധ പള്ളിപ്പരിസരം.
ചുറ്റും അന്ത്യവിശ്രമംകൊള്ളും മഹിതരുടെ
കൊതി തോന്നും ഖബറിടങ്ങൾ...
യുദ്ധഭൂമിയിൽ, എവിടെയും ബോംബു-
സ്ഫോടനങ്ങൾ, അഗ്നിഗോളങ്ങൾ ആർത്തനാദങ്ങൾ…
പിന്നെ കഴുകുകൾ കൊത്തിവലിക്കുന്ന മൃതദേഹങ്ങൾ!
ചേതനയറ്റു ചിതറിക്കിടക്കുന്ന അവയവങ്ങൾ…
യുദ്ധത്തിൽ നിന്നൊഴു കുന്ന നിണച്ചാലുകൾ!
ശേഷക്രിയക്കുപോലും ഒരുടൽ
ലഭിക്കാതെ കേഴുന്ന ബന്ധുക്കൾ!
ഓരോ പൊട്ടിത്തെറിയും ഭ്രാന്തമാം
പകപോക്കലും ഹത്യോത്സവവും
കേൾക്കുമ്പോഴറിയാതെ നനയുന്നു നേത്രങ്ങൾ...
ക്ഷിതിയിലെ ക്ഷണികമാം ജീവിതാന്ത്യം
എവിടെ- യെങ്ങനെയെന്നാരറിവൂ...!

അബ്ദുൾ പുന്നയൂർക്കുളം

