PRAVASI

അപ്പന്‍ മദ്ഹായില്‍ മകന്‍ മരുഭൂമിയില്‍

Blog Image

ബൈബിളിലെ പഴയനിയമ പശ്ചാത്തലത്തില്‍ ദൈവസന്നിധിയില്‍ ജനത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുവാനും മധ്യസ്ഥത ചെയ്യുവാനും ദൈവം പ്രത്യേകമായി നിയമിച്ച ഒരു വിഭാഗമാണ് പൗരോഹിത്യം. മോശെയുടെ സഹോദരനായ അഹരോന്‍റെയും ലേവി ഗോത്രത്തില്‍ കൂടെയുമാണ് യിസ്രായേലില്‍ പൗരോഹിത്യം ആരംഭിച്ചത്. യാക്കോബിന്‍റെ 12 മക്കളില്‍ ഒരു മകനാണ് ലേവി. ഈ ഗോത്രത്തെ ആണ് ദൈവം തിരഞ്ഞെടുത്തു അഭിഷേക ചെയ്തു ജനങ്ങളുടെ പാപപരിഹാരത്തിനായി യാഗങ്ങള്‍ അര്‍പ്പിക്കുകയും ദൈവത്തിന്‍റെ കല്‍പ്പനകളും പ്രമാണങ്ങളും ജനത്തിന് ഉപദേശിച്ചു കൊടുക്കുകയും ചെയ്തിരുന്ന ചുമതല ലേവി ഗോത്രത്തിനു ആയിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ അതായത് പാപപരിഹാര ദിവസം മാത്രം ജനങ്ങളുടെ പാപങ്ങള്‍ക്ക് വേണ്ടിയും സ്വന്ത പാപത്തിന്‍റെ പരിഹാരത്തിനുമായി ദൈവം പറയപ്പെട്ട രക്തവുമായി ആലയത്തിലെ അതിപരിശുദ്ധ സ്ഥലത്ത് പ്രവേശിച്ച് ദൈവത്തിന്‍റെ കൃപാസനത്തില്‍ വ്യവസ്ഥ പ്രകാരമുള്ള രക്തവുമായി പുരോഹിതന്‍ കൃപാസനത്തിലേക്ക് പ്രവേശിക്കും. ഇവിടെ പ്രവേശിക്കാന്‍ മഹാപുരോഹിതന് മാത്രമേ അവകാശമുള്ളൂ എന്നാല്‍ യേശുക്രിസ്തുവിന്‍റെ ക്രൂശ് മരണം മൂലം ഇങ്ങനെയുള്ള യാഗങ്ങള്‍ക്ക് പരിഹാരം വന്നു. പഴയനിയമ പൗരോഹിത്യം താല്‍ക്കാലികവും വരാനിരിക്കുന്ന നിത്യ പൗരോഹിത്യത്തിന്‍റെ നിഴിലും മാത്രമായിരുന്നു. പുതിയ നിയമത്തില്‍ യേശുക്രിസ്തു തന്‍റെ സ്വന്തം യാഗത്തിലൂടെ ഈ പഴയനിയമ താല്‍ക്കാലിക യാഗ ക്രമീകരണങ്ങളെ പൂര്‍ണ്ണമാക്കി. പഴയ നിയമത്തിലെ അവസാനത്തെ പുരോഹിതനായി കാണപ്പെടുന്നത് സ്നാപകയോഹന്നാന്‍റെ പിതാവായ സഖറിയ പുരോഹിതന്‍ ആണ്. 24 കൂറുള്ള പൗരോഹിത്യത്തില്‍ എട്ടാമത്തെ കൂറ് പ്രകാരം സഖറിയ പുരോഹിതന് നറുക്കു വീണു. ഈ പുരോഹിതന്‍ ശുശ്രൂഷിക്കുന്ന വിഷയത്തെപ്പറ്റി ദൈവവചത്തില്‍ പറഞ്ഞിരിക്കുന്നത് ലൂക്കോസിന്‍റെ സുവിശേഷത്തില്‍ ഉണ്ട്. അഹരോന്‍റെ പുത്രിമാരില്‍ ഒരുത്തിയായ എലിസബത്ത്  ആയിരുന്നു സഖറിയാവിന്‍റെ ഭാര്യ. അവര്‍ ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്‍റെ സകല കല്‍പ്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. മക്കള്‍ ഇല്ലായിരുന്നു. യേശുവിന്‍റെ അമ്മ മറിയയുടെ അടുത്ത ബന്ധുകൂടിയായിരുന്നു സഖറിയാവ്. ദേവാലയത്തില്‍ ധുപം അര്‍പ്പിക്കുന്ന സമയത്ത് ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ട് അവര്‍ക്ക് ഒരു പുത്രന്‍ ജനിക്കുമെന്നും യോഹന്നാന്‍ എന്ന പേരിടണം എന്ന് അറിയിച്ചു. വയസ്സ് ചെന്നവര്‍ ആയിരുന്നതിനാല്‍ ദൂതന്‍റെ വാക്കിനെ സംശയിച്ചു. ഇതിന്‍റെ ഒരു അടയാള സൂചക മായി കുട്ടി ജനിക്കുന്നത് വരെ തന്‍റെ സംസാരശേഷി നഷ്ടപ്പെട്ടു. അതിപരിശുദ്ധ സ്ഥലത്ത് നിന്ന് പുരോഹിതന്‍റെ മടങ്ങിവരവിനുവേണ്ടി കാത്തിരുന്ന ജനങ്ങള്‍ കണ്ടത് തങ്ങളുടെ പുരോഹിതന്‍റെ സംസാരശേഷി നഷ്ടപ്പെട്ട് ആംഗ്യങ്ങള്‍ മാത്രം കാണിക്കുന്ന അവസ്ഥയായി. ഇതിന്‍റെ പിന്തുടര്‍ച്ച എന്നോണം ആണ് പുരോഹിതന്മാര്‍ പലപ്പോഴും ആംഗ്യങ്ങള്‍ ശുശ്രൂഷ മധ്യേ കാണിക്കുന്നത്. ദൈവീക അരൂളപാട് പോലെ യോഹന്നാനെ പ്രസവിച്ചു ശേഷമായിരുന്നു സഖറിയാവു സംസാരിച്ചത്. സന്തോഷവും ഉല്ലാസവും ഉണ്ടാകും അവന്‍റെ ജനനത്തിങ്കല്‍ പലരും സന്തോഷിക്കും കര്‍ത്താവിന്‍റെ സന്നിധിയില്‍ വലിയവന്‍ ആകും വീഞ്ഞും മദ്യവും കുടിക്കുകയില്ല അമ്മയുടെ ഗര്‍ഭത്തില്‍ വച്ച് പരിശുദ്ധാത്മാവില്‍ നിറയും ഇത് മറിയയുടെ  സന്ദര്‍ശന സമയത്ത് സംഭവിച്ചു. അവന്‍ യിസ്രയേല്‍ മക്കളില്‍ പലരെയും അവരുടെ ദൈവമായ കര്‍ത്താവിലേക്ക് തിരിച്ചുവരുത്തും അവന്‍ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്ത വരെ നീതിമാരുടെ ബോധത്തിലേക്ക് തിരിച്ചുകൊണ്ടു ഒരുക്കമുള്ള ഒരു ജനത്തെ കര്‍ത്താവിന് വേണ്ടി ഒരുക്കുവാന്‍ അവന്‍റെ മുമ്പായി ഏലിയാവിന്‍റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. അനന്തരം സംഭവിച്ച വിഷയങ്ങളാണ്ചിന്തനീയം. യോഹന്നാനെ പ്രസവിച്ചു കഴിഞ്ഞപ്പോള്‍ പൈതലിന് പേരിടുന്ന വിഷയത്തെക്കുറിച്ച് ആലോചിച്ചിട്ട് അപ്പന്‍റെ പേര് പോലെ സഖറിയ എന്ന് വിളിക്കാന്‍ തുടങ്ങി. ഇത് പരിഛെദന ദിവസം സംഭവിച്ചതാണ്. എന്നാല്‍ എലിസബത്ത് ഉത്തരവാദിത്തപ്പെട്ടവരോട്  അല്ല യോഹന്നാന്‍ എന്ന് പേരിടണം എന്ന് പറഞ്ഞു. അവര്‍ അവളോട് നിന്‍റെ ചാര്‍ച്ചയില്‍ ഈ പേരുള്ള ആരും ഇല്ലല്ലോ എന്ന് പറഞ്ഞു. അവനെ എന്ത് പേര്‍ വിളിക്കണം എന്ന് അപ്പനായ സഖറിയാവിനോട് ആംഗ്യം കാട്ടി ചോദിച്ചു.  
ഒരു എഴുത്ത് പലക ആവശ്യപ്പെട്ടു. എന്നിട്ട് പേര് യോഹന്നാന്‍ എന്ന് എഴുതി. എല്ലാവരും ആശ്ചര്യപ്പെട്ടു. അപ്പോള്‍ അവന്‍റെ വായ് തുറന്നു സംസാരിച്ച് ദൈവത്തെ സ്തുതിച്ചു. ചുറ്റും പാര്‍ക്കുന്നവര്‍ക്കൊക്കെയും ഈ സംഭവം മൂലം ഭയമുണ്ടായി യഹൂദാ മലനാട്ടില്‍ എല്ലാം ഈ വര്‍ത്തമാനം പരന്നു.കേട്ട എല്ലാവരും അത് ഹൃദയത്തില്‍ നിക്ഷേപിച്ചു ഈ പൈതല്‍ എന്താവും എന്ന് പറഞ്ഞ് ആചര്യപ്പെട്ടു. കര്‍ത്താവിന്‍റെ കൈ അവനോട് കൂടെ ഉണ്ടായിരുന്നു. ഈ അവസരത്തില്‍ മറ്റൊരു സംഭവം അവിടെ ഉണ്ടായി, പുരോഹിതനായിരുന്ന സഖറിയാവ് പ്രവാചകനായി മാറ്റപ്പെട്ടു. ലൂക്കോസ് ഒന്നിന്‍റെ 67 മുതല്‍ ഉള്ള വാക്യങ്ങളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്, ഒരുപക്ഷേ പൗരോഹിത്യ പ്രകാരം മകനായ യോഹന്നാന്‍ പുരോഹിതന്‍ ആയി കാണുവാന്‍ മാതാപിതാക്കള്‍ ആഗ്രഹിച്ച് അതിനു വേണ്ട ക്രമീകരണങ്ങള്‍ ഒക്കെ ചെയ്യുവാനുള്ള താല്പര്യം തോന്നി കാണും,എന്നാല്‍ മറ്റൊന്നായിരുന്നു സംഭവിച്ചത്. അതിന് കാരണം ദൈവം അയച്ചിട്ട് വന്ന ഒരു മനുഷ്യനാണ് യോഹന്നാന്‍ എന്ന് യോഹന്നാന്‍റെ സുവിശേഷം ഒന്നാം അധ്യായം അതിന്‍റെ ആറില്‍ പറയുന്നുണ്ട് ദൈവത്തിന്‍റെ പദ്ധതി അത് മാത്രമായിരുന്നു. കര്‍ത്താവിന്‍റെ വഴി ഒരുക്കുവാനും ജനത്തെ മാനസാന്തരത്തിലേക്കു നയിക്കുവാനും ദൈവം അയച്ച വ്യക്തിയായിരുന്നു യോഹന്നാന്‍. യഹൂദ മരുഭൂമിയില്‍ സുവിശേഷം അറിയിച്ച പ്രവാചകനാണ് യോഹന്നാന്‍ സ്നാപകന്‍, ക്രിസ്തീയ വിശ്വാസം അനുസരിച്ച് പ്രവാചകന്മാരുടെ പരമ്പരയിലെ അവസാനത്തെ കണ്ണിയും പ്രവചനങ്ങള്‍ക്ക് പൂര്‍ത്തീകരണമായി കരുതപ്പെടുന്നു. പൗരോഹിതത്തോടെ താല്പര്യം ഇല്ലാതെ പാര്‍ത്തിരുന്ന ഒരു സമൂഹമാണ് ഐസീനുകള്‍. ഈ സമൂഹം  തീവ്ര ധാര്‍മ്മീകരായിരുന്നു. ഇവര്‍ ക്ഷാളന കര്‍മ്മങ്ങള്‍ക്ക് ആത്മീകമായ പുനര്‍ജന്മത്തെ സൂചിപ്പിക്കാന്‍ യോഹന്നാന്‍ നല്‍കിയ വെള്ളം കൊണ്ടുള്ള ജ്ഞാനസ്നാനവുമായി സാമ്യവും ഈ ഊഹത്തിന് ബലം പകരുന്നുണ്ട്. കുമ്രാന്‍ ഗുഹാ തീരത്ത് നിന്നും കിട്ടിയ ഐസ്സീന്‍ ലിഖിതങ്ങളില്‍ പ്രകടമാകാവുന്ന തരം തീവ്രയുഗാന്ത ചിന്ത യോഹന്നാന്‍റെയും മുഖ്യ വ്യഗ്രതയായിരുന്നു. ഐസീനുകളെ പോലെ യോഹന്നാനും ജറുസലേമിലെ പൗരോഹിത്യ ആരാധനകളില്‍ നിന്നും അകന്ന് നിന്നതായി കാണപ്പെടുന്നു. മാതാപിതാക്കള്‍ക്ക് വാര്‍ദ്ധക്യത്തില്‍ പിറന്ന യോഹന്നാനെ അവരുടെ മരണശേഷം ഐസ്സീനുകള്‍ ഏറ്റെടുത്ത് വളര്‍ത്തിയതാകാം എന്ന് ഓക്സ്ഫോര്‍ഡ് ബൈബിള്‍ സഹകാരി നിര്‍ദ്ദേശിക്കുന്നുണ്ട് എങ്കിലും വസ്ത്രധാരണം മുതലായ കാര്യങ്ങളില്‍ യോഹന്നാന്‍ വ്യത്യസ്തനായിരുന്നു. ഐസ്സീനുകള്‍ ശുഭ്ര വസ്ത്രധാരികള്‍ ആയിരുന്നപ്പോള്‍ യോഹന്നാന്‍ ഒട്ടകരോമം കൊണ്ടുള്ള വസ്ത്രം ആയിരുന്നു ധരിച്ചിരുന്നത്. ഇസ്ലാം മതത്തില്‍ യോഹന്നാനെയഹ്യ പ്രവാചകന്‍ എന്നാണ് അറിയപ്പെടുന്നത്. വിശ്വാസധാരകളിലും യോഹന്നാന്‍ ആദരിക്കപ്പെടുന്നുണ്ട്. അസ്സീരിയന്‍സഭ, റോമന്‍ കാത്തോലിക്കാ സഭ, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ, പൗരസ്ത്യ കത്തോലിക്കാ സഭകള്‍, ഓറിയന്‍റല്‍ ഓര്‍ത്തഡോക്സ് സഭകള്‍,  ലൂഥറെന്‍ സഭകള്‍ എന്നീ സമൂഹങ്ങള്‍ യോഹന്നാന്‍ സ്നാപകനെ വണങ്ങുന്നതില്‍ മുന്‍പന്തിയിലാണ്. യെരുശലേമില്‍ സ്നാപകയോഹന്നാന്‍റെ നാമത്തിലുള്ള പള്ളിയുണ്ട്. മത്തായി, മര്‍ക്കോസ്, ലൂക്കോസ് എന്നിവരുടെ സുവിശേഷങ്ങളില്‍ യോഹന്നാന്‍ സ്നാപകന്‍റെ മരണം രേഖപ്പെടുത്തിയിരിക്കുന്നു. ഗലീലയിലെ ഹെരോദാസ് അന്തിപ്പാസ് രാജാവിന്‍റെ ഭരണകാലത്താണ് യോഹന്നാന്‍ സ്നാപകന്‍റെ ശിരഛേദം ചെയ്യുന്നത്. സഹോദരന്‍ ഫിലിപ്പിന്‍റെ ഭാര്യയെ രഹസ്യമായി വിവാഹം ചെയ്തത് യോഹന്നാന്‍ പരസ്യമായി പ്രഖ്യാപിച്ചതിന്‍റെ പകപോക്കല്‍ ആയിരുന്നു യോഹന്നാന്‍ സ്നാപകന്‍റെ മരണത്തിനു കാരണമായത്. ഒരുപക്ഷേ സഖറിയ പുരോഹിതനും ഭാര്യ എലിസബത്തിനും വാര്‍ദ്ധക്യത്തില്‍ ലഭിച്ച സന്തതിയെ പരിപാവനമായ രീതിയില്‍ വളര്‍ത്തി പിതാവിന്‍റെ അനന്തരാവകാശിയായി തീര്‍ക്കണം എന്നുള്ള ചിന്ത അവരില്‍ വന്നതാണ്. പൗരോഹിത്യ വേഷഭൂഷാദികളോട് തങ്ങളുടെ മകന്‍ നില്‍ക്കുന്നത് കാണുവാന്‍ അവര്‍ ആഗ്രഹിച്ചതാണ്. എന്നാല്‍ ദൈവം അയച്ച മനുഷ്യന്‍ ആയതിനാല്‍ ദൈവിക ഉദ്ദേശം മാത്രമേ നടക്കുകയുള്ളൂ. ഒരു പക്ഷേ പലരും ചിന്തിക്കുന്നത് യോഹന്നാന്‍ കുറച്ചുനാള്‍ കൂടെ ജീവിച്ചിരുന്നാല്‍ നന്നായിരുന്നു എന്ന്. എന്നാല്‍ യേശുവിന്‍റെ വഴിയൊരുക്കാന്‍ മാത്രമായിരുന്നു ദൈവം യോഹന്നാന് ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. യോഹന്നാനെ ഏല്‍പ്പിച്ച ദൈവിക ദൗത്യം പൂര്‍ത്തിയായി. യോഹന്നാന്‍ സുവിശേഷം ഒന്നിന്‍റെ 29 ല്‍ യേശു തന്‍റെ അടുക്കല്‍ വരുന്നത് കണ്ടിട്ട് യോഹന്നാന്‍ വിളിച്ചു പറഞ്ഞു ഇതാ ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് എന്ന് പരിചയപ്പെടുത്തി. പിന്നീട് ഒരു അവസരത്തില്‍ യേശുവിനെ കണ്ടപ്പോള്‍ ഇതാ ദൈവത്തിന്‍റെ കുഞ്ഞാട് എന്ന് പറഞ്ഞു. ദൈവം യോഹന്നാനെ ഭൂമിയിലേക്ക് അയച്ചത് പിതാവിന്‍റെ പൗരോഹിത്യ പിന്‍തുടര്‍ച്ചക്ക് അല്ല. സഖറിയാവ് പഴയ നിയമത്തിന്‍റെ അവസാന പുരോഹി നായിരുന്നു, പിന്നെ ഒരു പ്രവാചകനായി മാറ്റപ്പെട്ടു പിതാവ് മദ്ഹ്യില്‍ ആയിരുന്നെങ്കില്‍ മകന്‍ മരുഭൂമിയില്‍ കര്‍ത്താവിന്‍റെ വഴിയൊരുക്കുന്നവനായി തന്‍റെ ശുശ്രൂഷ ചെയ്ത് പൂര്‍ത്തീകരിച്ചപ്പോള്‍ ദൈവം അയച്ച മനുഷ്യനെ ദൈവം തിരികെ വിളിച്ചു. പ്രിയരേ ദൈവ ഏല്‍പ്പിക്കുന്ന ശുശ്രൂഷകള്‍ നടപടിയായി തികച്ചെടുക്കുവാന്‍ സര്‍വ്വശക്തനായ ദൈവം ഏവര്‍ക്കും കൃപ ചെയ്യട്ടെ.

 പാസ്റ്റര്‍ പി. പി കുര്യന്‍ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.