ചിക്കാഗോ: ഛത്തീസ്ഗഢില്‍ അനീതിപരവും അകാരണവും അന്യായവുമായി നടത്തിയ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ ചിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ ശക്തമായി പ്രതിഷേധിക്കുകയും സംഭവത്തെ അപലപിക്കുന്ന പ്രമേയം പാസാക്കുകയും ചെയ്തു.
ഓഗസ്റ്റ് 12-ന് സെന്‍റ് മേരീസ് മലങ്കര കാത്തലിക് ദേവാലയത്തില്‍ കൂടിയ കൗണ്‍സില്‍ മീറ്റിംഗില്‍ എക്യുമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡണ്ട് റവ.ഫാ. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് റവ. ബിജു യോഹന്നാന്‍റെ പ്രാരംഭപ്രാര്‍ത്ഥനയ്ക്കുശേഷം ബെഞ്ചമിന്‍ തോമസ് (ജോ. സെക്രട്ടറി) ഏവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷപ്രസംഗത്തില്‍ ഫാ. തോമസ് മാത്യു, കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിനെ അപലപിച്ചു സംസാരിച്ചു. മതവിശ്വാസങ്ങള്‍ അനുഷ്ഠിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും ഭരണഘടന അവകാശം നല്കുന്നുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റിലൂടെ ഭരണഘടനയുടെ ലംഘനവും മതസ്വാതന്ത്ര്യത്തിന്‍റെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റവുമാണ് നടന്നിരിക്കുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതും സംഭവത്തെ അപലപിക്കുന്നതുമായ പ്രമേയം റവ. ബിജു യോഹന്നാന്‍ അവതരിപ്പിച്ചു.
ഇന്ത്യാ മഹാരാജ്യത്തിലെ പൗരന്മാരെ സംരക്ഷിക്കുക എന്നത് രാജ്യത്തെ ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്. ഭാരതത്തിലെ വര്‍ഗ്ഗീയ ശക്തികള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുക, വസ്തുവകകള്‍ നശിപ്പിക്കുക, മതചടങ്ങുകള്‍ തടസ്സപ്പെടുത്തുക, ശാരീരികവും മാനസികവുമായി പീഡിപ്പിക്കുക, അപമാനിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഒരു കാരണവശാലും അനുവദനീയമല്ല. ഓരോ വര്‍ഷവും ഏതാണ്ട് എണ്ണൂറോളം അക്രമങ്ങളാണ് ക്രൈസ്തവര്‍ക്കു നേരെ നടന്നിരിക്കുന്നത്. സംസ്കാരം, പൈതൃകം, ഭാഷ, ജാതി, മത, വര്‍ഗ്ഗം എന്നിവകൊണ്ട് ഭാരതം വ്യത്യസ്തമാണ്. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന് ഏറ്റ വലിയൊരു പ്രഹരമാണ് ഈ അതിക്രമത്തിലൂടെ നടന്നത്. ക്രൈസ്തവരുടെമേല്‍ നടക്കുന്ന അതിക്രമത്തെയും കന്യാസ്ത്രീകളുടെ അറസ്റ്റിനെയും ശക്തമായി അപലപിക്കുന്ന പ്രമേയം ഐകകണ്ഠ്യേന പാസാക്കി. പ്രമേയം ഇന്ത്യന്‍ കോണ്‍സല്‍ ജനറലിനും ഇല്ലിനോയി സെനറ്റേഴ്സിനും സമര്‍പ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
റവ. ജെയിംസ് തോമസ്, സാം തോമസ് എന്നിവര്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ചു സംസാരിച്ചു. ജോര്‍ജ് പണിക്കര്‍ മീറ്റിങ്ങില്‍ സംബന്ധിച്ച എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു. റവ. ജെയിംസ് തോമസ് സമാപനപ്രാര്‍ത്ഥന നടത്തി. കൗണ്‍സില്‍ സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു മീറ്റിങ്ങിന്‍റെ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.
.jpeg)

