ദേവഗിരി കോളേജിൽ ഗസ്റ്റ് അധ്യാപകനാണ് അന്ന് നിഷാദ്. റഫിയുടേയും മുകേഷിന്റേയുമൊക്കെ അനശ്വരഗാനങ്ങൾ അവതരിപ്പിക്കുമ്പോൾ അന്ധമായ ശബ്ദാനുകരണത്തെക്കാൾ ഗാനത്തിൽ അന്തർലീനമായ ഭാവം പുനരാവിഷ്കരിക്കുന്നതിലായിരുന്നു നിഷാദിന് താല്പര്യം. പാട്ടിനെ അതിന്റെ സംഗീത ശില്പിയുടെ കണ്ണുകളിലൂടെ നോക്കിക്കാണാനുള്ള ശ്രമം.
ആദ്യം കാണുമ്പോൾ നിഷാദിന്റെ മുഖത്തുണ്ടായിരുന്ന കുട്ടിത്തം ഇന്നുമുണ്ടവിടെ; വിനയം കലർന്ന ആ കോഴിക്കോടൻ ചിരിയും.
രണ്ടു പതിറ്റാണ്ടു മുൻപ് അമൃത ടി വിയിൽ സോഹൻലാലിന്റെ സംവിധാനത്തിൽ ഞാൻ അവതരിപ്പിച്ചിരുന്ന അഞ്ജലി എന്ന ഹിന്ദി ഗാനപരിപാടിയിൽ പാടാനെത്തിയപ്പോഴാവണം നിഷാദിനെ ആദ്യം കണ്ടത്. ദേവഗിരി കോളേജിൽ ഗസ്റ്റ് അധ്യാപകനാണ് അന്ന് നിഷാദ്. റഫിയുടേയും മുകേഷിന്റേയുമൊക്കെ അനശ്വരഗാനങ്ങൾ അവതരിപ്പിക്കുമ്പോൾ അന്ധമായ ശബ്ദാനുകരണത്തെക്കാൾ ഗാനത്തിൽ അന്തർലീനമായ ഭാവം പുനരാവിഷ്കരിക്കുന്നതിലായിരുന്നു നിഷാദിന് താല്പര്യം. പാട്ടിനെ അതിന്റെ സംഗീത ശില്പിയുടെ കണ്ണുകളിലൂടെ നോക്കിക്കാണാനുള്ള ശ്രമം.
പാടുന്ന പാട്ടിൽ, അതാരുടേതുമാവട്ടെ, വ്യക്തിത്വമാർന്ന സ്വന്തം ആലാപന മുദ്ര ഇന്നും ഉറപ്പുവരുത്തുന്നു നിഷാദ്. ആൾക്കൂട്ടത്തിൽ നിന്ന് അതുകൊണ്ടുതന്നെ വേറിട്ടു നിൽക്കുന്നു ഈ ഗായകൻ.
പാടിയ സിനിമാപ്പാട്ടുകൾ അധികമില്ലെങ്കിലും ഗദ്ദാമയിലെ "നാട്ടുവഴിയോരത്തും" (റഫീക്ക് അഹമ്മദ് -- ബെന്നറ്റ് വീത് രാഗ്) തിരക്കഥയിലെ "പാലപ്പൂവിതളും" (റഫീക്ക് അഹമ്മദ് -- ശരത്), നോട്ടത്തിലെ മയങ്ങിപ്പോയിയും ( കൈതപ്രം - എം ജയചന്ദ്രൻ) ഓമനേ ഉണ്ണീ (ആർ കെ ദാമോദരൻ - എം ജയചന്ദ്രൻ)യും ഒന്നാന്തരം. പേമാരി എന്ന ആൽബത്തിന് വേണ്ടി സുജേഷ് ഹരിയും വിശ്വജിത്തും ചേർന്നൊരുക്കിയ 'തുമ്പപ്പൂപോലെ ചിരിച്ചും പുഞ്ചപ്പാടക്കാറ്റു വിതച്ചും''മറ്റൊരു മറക്കാനാവാത്ത ശ്രവ്യാനുഭവം....
ഭാവദീപ്തമായ ആ ആലാപന ശൈലി മലയാള സിനിമ വേണ്ടവിധം പ്രയോജനപ്പെടുത്തിയോ എന്ന കാര്യത്തിലേ ഉള്ളൂ സംശയം. പക്‌ഷേ നിരാശനാകേണ്ടതില്ല നിഷാദ്. സിനിമാപ്പാട്ടുകളിലൂടെ ഓർക്കപ്പെടുന്നവരുടെ കാലം ഏറെക്കുറെ അസ്തമിച്ചുവരികയാണല്ലോ. സിനിമക്ക് പുറത്തെ വിശാലമായ സംഗീത ലോകത്തിൽ അഭിരമിച്ചുകൊണ്ടേയിരിക്കുക....
സംഗീതനാടക അക്കാദമിയുടെ മികച്ച ഗായകനുള്ള അവാർഡ് നേടിയ നിഷാദിന് ഹൃദയം നിറഞ്ഞ ആശംസകൾ.
--രവിമേനോൻ