PRAVASI

ശ്രീജയ്ക്ക് സിവിൽ സർവീസ് ആദ്യശ്രമത്തിൽ 57-ാം റാങ്ക്; കണ്ണീരണിഞ്ഞ് കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും

Blog Image

തിരുവനന്തപുരം: സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ, ആദ്യ ശ്രമത്തിൽ തന്നെ 57-ാം റാങ്ക് നേടി അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുകയാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനി ശ്രീജ. കൂലിപ്പണിക്കാരനായ അച്ഛനും അമ്മയും നിറകണ്ണുകളോടെയാണ് ഈ സന്തോഷ വാർത്ത കേട്ടത്. ഇന്ത്യൻ ഫോറിൻ സർവീസിൽ ചേരാനാണ് ശ്രീജയുടെ ആഗ്രഹം.
'ആദ്യശ്രമത്തിൽ തന്നെ എന്നെ കൊണ്ട് പറ്റുമെന്ന് അച്ഛനും അമ്മയും പറയുമായിരുന്നു. ഇന്ത്യൻ ഫോറിൻ സര്‍വീസിൽ എത്തുമെന്ന് എപ്പോഴും അധ്യാപകരും ചർച്ചിലുള്ളവരും പറയാറുണ്ടായിരുന്നു. അന്നന്നുള്ളത് പഠിച്ചിട്ടേ ഉറങ്ങാറുള്ളൂ. കഴിയാത്ത ദിവസം ആ ഭാഗങ്ങള്‍ വെള്ളിയാഴ്ചത്തേക്കോ ശനിയാഴ്ചത്തേക്കോ മാറ്റിവക്കും. പഠിച്ച ഫോർച്യൂൺ അക്കാഡമിയിൽ‌ ഞായറാഴ്ച പരീക്ഷ എഴുതാൻ പോകുന്നതിന് മുന്നേ എല്ലാം പഠിച്ചെന്ന് ഉറപ്പുവരുത്തുമായിരുന്നു. ഈ രീതി പ്രിലിംസിലും മെയിൻ പരീക്ഷയിലു ഒത്തിരി സഹായിച്ചു'- ശ്രീജ പറയുന്നു.
മെന്റേർസ് നൽകുന്ന ഉപദേശങ്ങളും നിർദേശങ്ങളുമെല്ലാം പാലിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. നല്ല മാർക്ക് നേടുക എന്നതായിരുന്നു ലക്ഷ്യമിട്ടത്. ഫലം കാത്തിരിക്കുന്ന സമയം നല്ല ടെൻഷനുണ്ടായിരുന്നു. ആ സമയമെല്ലാം ഒപ്പമുണ്ടായിരുന്ന അച്ഛനും അമ്മയും ആത്മവിശ്വാസം നൽകിയെന്നും ശ്രീജ പറഞ്ഞു.കൂലിപ്പണിക്കാരനായ ശ്രീജയുടെ അച്ഛൻ ചിട്ടി പിടിച്ചും വായ്പയടുത്തുമൊക്കെയാണ് മകളുടെ പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. ഏറെ കഷ്ടതകളുണ്ടായിരുന്നെങ്കിലും മകളുടെ പഠനാവശ്യങ്ങൾക്ക് പണം കണ്ടെത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. മകളുടെ അധ്വാനത്തിന്റെ ഫലം ദൈവം കൊടുത്തുവെന്ന് അമ്മ പറഞ്ഞു.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.