കോട്ടയം: അമേരിക്കൻ മലയാളി ഗാനരചയിതാവും കവിയും മജീഷ്യനുമായ ജെയിംസ് ചെട്ടിയാത്തിൻ്റെ കവിതാ സമാഹരമായ " ആത്മസഖിയുടെ പ്രകാശനം ആഗസ്റ്റ് 9 ന് 2 മണിക്ക് മുൻ ഡ ജി പി ശ്രീ. ഋഷിരാജ് സിംഗ് ഐ. പി. എസ് നിർവ്വഹിച്ചു. റിട്ടയർമെൻ്റ് ജീവിതം എഴുത്തിലൂടെ പ്രശോഭിക്കുവാൻ കവിതയുടെ വഴി തെരഞ്ഞെടുത്ത ജെയിംസ് ചെട്ടിയാത്തിൻ്റെ കവിതകൾ ഏറെ വായിക്കപ്പെടട്ടെ എന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. അമ്മയുടേയും ഭാര്യയുടെയും ഓർമ്മകൾ വാക്കുകളായി വരുന്നത് സന്തോഷമാണ്. പലരും മന:പൂർവ്വം മറന്നു പോകുന്ന കാര്യങ്ങളെ വീണ്ടും ഓർമ്മയിൽ കൊണ്ടുവരുന്ന ജെയിംസ് ചെട്ടിയാത്ത് ഏവരുടെയും ബഹുമാനം അർഹിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ രചനകൾക്ക് ആശംസകൾ . അമേരിക്കൻ മലയാളി എഴുത്തുകാരൻ കോരസൺ വർഗീസ് പുസ്തകം സ്വീകരിച്ചു. പ്രണയവും വിരഹവുമെല്ലാം കൂടിച്ചേർന്ന ആത്മസഖി എന്ന പുസ്തകത്തെ തൻ്റെ നേരും നോവും എന്ന പുസ്തകത്തിൻ്റെ തലക്കട്ടുമായി താരതമ്യപ്പെടുത്തിയാണ് കോരസൺ വർഗ്ഗീസ് ആശംസകൾ നേർന്നത്. ജീവിതത്തിൻ്റെ നേരും നോവും ജെയിംസ് ചെട്ടിയാത്തിൻ്റെ ആത്മസഖിയിൽ കാണാമെന്നും അദ്ദേഹം കൂട്ടി ചേർത്തു. മുൻ ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. മാമ്മൻ സി. ജേക്കബ് , മുൻ ഫൊക്കാന പ്രസിഡൻ്റ് ജോർജി വർഗീസ് , ട്രാവൻകൂർ ഫൗണ്ടേഷൻ ചെയർമാനും ദീപിക എക്സലൻസ് പുരസ്കാര ജേതാവുമായ ജിജി ഫിലിപ്പ് , ഡോ.രേണു എബ്രഹാം ,എഴുത്തുകാരി സരോജ വർഗീസ് , ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ്ബ് പ്രസിഡൻ്റ് വർഗീസ് ജേക്കബ്ബ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ജെയിംസ് ചെട്ടിയാത്തിൻ്റെ മറുപടി പ്രസംഗം വളരെ വൈകാരികമായി. അമ്മയുടെ മരണം തന്നെ വ്യക്തിപരമായി തളർത്തിയപ്പോഴാണ് അമ്മയുടെ ഓർമ്മകൾ കവിതകൾ ആയത്. അവ പല ഗായകരെക്കൊണ്ടും പാടിക്കുകയും ആൽബമാക്കുകയും ചെയ്തു. ഭാര്യയുടെ മരണശേഷം തൻ്റെ പ്രിയപ്പെട്ടവൾക്ക് വേണ്ടി എഴുത്ത് തുടർന്നു. ജീവിച്ചിരിക്കുമ്പോൾ ഇവരുടെയൊന്നും മഹത്വം മനസിലാക്കാൻ ആരും ശ്രമിക്കാറില്ല. മരണം വേണ്ടി വരുന്നു അത്തരം കണ്ടെത്തലുകൾക്ക് . ആത്മസഖി പുസ്തകമായതിൽ അതിയായ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണുക്കര സ്വാഗതവും ഫിലിപ്പ് ജോൺ നന്ദിയും പറഞ്ഞു.
എൺപതിലധികം കവിതകൾ ഉൾപ്പെടുത്തിയ ആത്മസഖി കവിതാ സമാഹാരം ജെയിംസ് ചെട്ടിയാത്തിൻ്റെ സാഹിത്യ ജീവിതത്തിൻ്റെ സാക്ഷ്യപത്രമാണ്. കേരളാ എക്സ്പ്രസ്സിൽ പ്രസിദ്ധീകരിച്ച എല്ലാ കവിതകളും ഈ കവിതാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻ്റെ വ്യക്തിഗത അനുഭവത്തിൻ്റെ പ്രതിബിംബമാണ് ആത്മസഖിയിലെ കവിതകൾ എല്ലാം തന്നെ. കോട്ടയം കൂടല്ലൂർ സ്വദേശിയായ ജെയിംസ് ചെട്ടിയാത്ത് കാലിഫോർണിയിലാണ് താമസം.












