തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ സ്ഥാനത്തേക്ക് ബി.ജെ.പി എം.എൽ.എ ബി.ബി ഗോപകുമാർ മത്സരിക്കും. ഇതോടെ സ്പീക്കർ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ നേർക്കുനേർ വരുന്ന ത്രികോണ മത്സരത്തിനാണ് സഭ സാക്ഷ്യം വഹിക്കുന്നത്. കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായാണ് എൻ.ഡി.എ സ്പീക്കർ സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്തുന്നത്.
ചാത്തന്നൂരിൽ നിന്നുള്ള എം.എൽ.എയായ ബി.ബി ഗോപകുമാർ നിയമസഭാ സെക്രട്ടറി ഷാജി സി. ബേബിക്ക് പത്രിക സമർപ്പിച്ചു. എ.സി മൊയ്തീൻ (LDF), തിരുവഞ്ചൂർ രാധാകൃഷ്ണൻ (UDF) എന്നിവരാണ് മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥികൾ. സഭയിൽ മൂന്ന് എം.എൽ.എമാരുള്ള ബി.ജെ.പി വലിയ ആവേശത്തോടെയാണ് സഭാനടപടികളിലേക്ക് കടന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം പ്രകടനമായാണ് ബി.ജെ.പി അംഗങ്ങൾ സഭയിലെത്തിയത്. ബി.ബി ഗോപകുമാർ സഭയിലെ 33-ാമത്തെ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. വി. മുരളീധരൻ 64-ാമതായി സത്യപ്രതിജ്ഞ ചൊല്ലി. രാജീവ് ചന്ദ്രശേഖർ 83-ാമതായി സത്യപ്രതിജ്ഞ ചെയ്തു. മുപ്പത് ലക്ഷം ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

