അമേരിക്കയിൽ ജൂൺ മാസം ആരംഭിക്കുമ്പോൾ തന്നെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വേനലവധിയിലേക്ക് കടക്കുന്നു. പല സംസ്ഥാനങ്ങളിലെയും സ്കൂളുകൾ മെയ് അവസാനവാരമോ ജൂൺ ആദ്യവാരമോ അടയ്ക്കുകയും ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ മാത്രമാണ് വീണ്ടും തുറക്കുകയും ചെയ്യുന്നത്. അതായത് ഏകദേശം 75 മുതൽ 100 ദിവസം വരെ നീളുന്ന ഒരു ദീർഘ അവധിക്കാലം. പല സ്കൂൾ ജില്ലകളിലും പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ വാക്സിനേഷനുകൾ, ആരോഗ്യരേഖകൾ, മെഡിക്കൽ പരിശോധനകൾ എന്നിവ പുതുക്കി സമർപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വേനലവധി കുട്ടികൾക്ക് വിശ്രമത്തിന്റെയും കുടുംബങ്ങൾക്ക് ആസൂത്രണത്തിന്റെയും കാലമായി മാറുന്നു.
ന്യൂജേഴ്‌സി, ന്യൂയോർക്ക്, മേരിലാൻഡ്, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സാധാരണയായി ജൂൺ മധ്യത്തിലോ അവസാനത്തിലോ സ്കൂളുകൾ അടയ്ക്കുമ്പോൾ ടെക്സസ്, ജോർജിയ, ഫ്ലോറിഡ തുടങ്ങിയ സംസ്ഥാനങ്ങളിൽ മെയ് അവസാനത്തോടെ തന്നെ അവധി ആരംഭിക്കാറുണ്ട്. ചില പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ഓഗസ്റ്റ് ആദ്യവാരം തന്നെ ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്യുന്നു. സംസ്ഥാനങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ കലണ്ടറുകളിൽ വ്യത്യാസമുണ്ടെങ്കിലും ഒരു കാര്യം എല്ലായിടത്തും ഒരുപോലെയാണ്—മാതാപിതാക്കളുടെ മനസ്സിൽ ഉയരുന്ന ചോദ്യം: “ഈ നൂറുദിവസം കുട്ടികൾ എന്ത് ചെയ്യും?”
ഈ ചോദ്യം ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധം പ്രസക്തമാണ്. കാരണം ഇന്നത്തെ മാതാപിതാക്കളും കുട്ടികളും രണ്ട് വ്യത്യസ്ത ലോകങ്ങളിൽ വളർന്നവരാണ്. ഇന്നത്തെ മാതാപിതാക്കളിൽ ഭൂരിഭാഗവും Generation X (1965–1980) അല്ലെങ്കിൽ Millennials അഥവാ Generation Y (1981–1996) വിഭാഗത്തിൽപ്പെടുന്നവരാണ്. അവരുടെ മക്കൾ സാധാരണയായി Generation Z (1997–2012), Generation Alpha (2013–2024) അല്ലെങ്കിൽ ഇനി ജനിച്ചുതുടങ്ങുന്ന Generation Beta (2025 മുതൽ) തലമുറകളിലാണ്. ടെലിവിഷനും പുസ്തകങ്ങളും കളിസ്ഥലങ്ങളും കൂട്ടുകാരും നിറഞ്ഞ ലോകത്താണ് Generation X വളർന്നത്. എന്നാൽ കൃത്രിമ ബുദ്ധിയും സോഷ്യൽ മീഡിയയും വീഡിയോ ഗെയിമുകളും വിർച്വൽ ലോകങ്ങളും നിറഞ്ഞ അന്തരീക്ഷത്തിലാണ് Generation Alpha വളരുന്നത്. അതുകൊണ്ടുതന്നെ പല വീടുകളിലും വേനലവധി തുടങ്ങുമ്പോൾ ഒരേ സംഭാഷണം ആവർത്തിക്കപ്പെടുന്നു: “ഇത് ഞങ്ങളുടെ അവധിയാണ്. എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും. ഞങ്ങളെ നിയന്ത്രിക്കരുത്.”
കേരളത്തിൽ വളർന്ന തലമുറയ്ക്ക് വേനലവധി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് മുത്തശ്ശിയുടെ വീടും അമ്മാവന്റെ വീടും നാട്ടിൻപുറത്തെ പാടങ്ങളും കുളങ്ങളും കൂട്ടുകാരും മാവിൻതോപ്പുകളും ആണ്. സ്കൂൾ അടച്ചാൽ ദിവസങ്ങളോ ആഴ്ചകളോ ബന്ധുവീടുകളിൽ ചെലവഴിക്കുക എന്നത് സാധാരണമായിരുന്നു. എന്നാൽ അമേരിക്കയിലെ ജീവിതരീതിയിൽ അത് പലപ്പോഴും പ്രായോഗികമല്ല. ബന്ധുക്കൾ പലപ്പോഴും നൂറുകണക്കിന് മൈൽ അകലെയായിരിക്കും. ജോലിത്തിരക്കുകൾ കാരണം കുട്ടികളെ മറ്റൊരാളുടെ വീട്ടിൽ ആഴ്ചകളോളം താമസിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. അതിലുപരി, കുട്ടികളുടെ സുരക്ഷയും നിയമപരമായ ഉത്തരവാദിത്തങ്ങളും സംബന്ധിച്ച അമേരിക്കൻ നിയമങ്ങൾ വളരെ കർശനമാണ്. അതിനാൽ തന്നെ പലരും മറ്റുള്ളവരുടെ കുട്ടികളെ ദീർഘകാലം നോക്കാൻ മടിക്കുന്നു.
അമേരിക്കയിലെ മാതാപിതാക്കളുടെ ആശങ്കകൾ പലപ്പോഴും ഒരു പാൻഡോറ ബോക്സ് തുറക്കുന്നതുപോലെയാണ്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം, വീഡിയോ ഗെയിം അടിമത്തം, അപകടകരമായ ഓൺലൈൻ ചലഞ്ചുകൾ, സൈബർ ബുള്ളിയിംഗ്, മയക്കുമരുന്നുകളെക്കുറിച്ചുള്ള കൗതുകം, ഓൺലൈൻ അപരിചിതരുമായി ബന്ധങ്ങൾ, അശ്ലീല ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം, സോഷ്യൽ മീഡിയയിൽ കാണുന്ന വിചിത്ര പരീക്ഷണങ്ങൾ അനുകരിക്കാനുള്ള ശ്രമങ്ങൾ—ഇങ്ങനെ നൂറുകണക്കിന് ആശങ്കകളാണ് മാതാപിതാക്കളുടെ മനസ്സിൽ നിറയുന്നത്. ഒരു കുട്ടി മണിക്കൂറുകളോളം സ്വന്തം മുറിയിൽ ഇരിക്കുമ്പോൾ അവൻ പഠിക്കുകയാണോ, ഗെയിം കളിക്കുകയാണോ, മറ്റെന്തെങ്കിലും അപകടകരമായ കാര്യങ്ങളിലാണോ ഏർപ്പെട്ടിരിക്കുന്നത് എന്ന് പോലും പലപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ല.
ഇത്തരം സാഹചര്യങ്ങളിൽ പല കുടുംബങ്ങളും Summer Camps എന്ന പരിഹാരത്തിലേക്ക് തിരിയുന്നു. അമേരിക്കയിലെ മിക്ക നഗരങ്ങളിലും Sports Camps, STEM Camps, Robotics Camps, Coding Camps, Art Camps, Music Camps, YMCA Programs, Church Vacation Bible Schools, Scout Camps, Leadership Camps, Nature Camps തുടങ്ങിയ നിരവധി അവസരങ്ങൾ ലഭ്യമാണ്. എന്നാൽ ഇവയിൽ പലതിന്റെയും ചെലവ് കുടുംബങ്ങൾക്ക് വലിയ വെല്ലുവിളിയാണ്. ഒരു കുട്ടിക്ക് ഒരാഴ്ചത്തെ ക്യാമ്പിന് 150 മുതൽ 300 ഡോളർ വരെ ചെലവാകാം. പ്രത്യേക STEM അല്ലെങ്കിൽ ടെക്‌നോളജി ക്യാമ്പുകൾക്ക് 500 മുതൽ 1500 ഡോളർ വരെ ചെലവാകാറുണ്ട്. രണ്ടോ മൂന്നോ കുട്ടികളുള്ള കുടുംബങ്ങൾക്ക് ഇത് ഒരു വലിയ സാമ്പത്തിക ബാധ്യതയായി മാറുന്നു. അതിനാൽ തന്നെ എല്ലാ കുടുംബങ്ങൾക്കും ക്യാമ്പുകൾ ഒരു പ്രായോഗിക പരിഹാരമല്ല.
എന്നാൽ കുട്ടികളെ സജീവമായി നിലനിർത്താൻ ചെലവേറിയ പരിപാടികൾ മാത്രമല്ല മാർഗം. പലപ്പോഴും ഏറ്റവും വിലപ്പെട്ട പഠനങ്ങൾ സൗജന്യമായ അനുഭവങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. നീന്തൽ പഠിക്കുക, സൈക്കിൾ പരിപാലനം പഠിക്കുക, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, സംഗീതോപകരണങ്ങൾ, ചെസ്, തോട്ടം പരിപാലിക്കൽ, പാചകം, പൊതുപ്രസംഗം, സാമ്പത്തിക സാക്ഷരതയുടെ അടിസ്ഥാനങ്ങൾ, കുടുംബചരിത്രം രേഖപ്പെടുത്തൽ എന്നിവ പോലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് പുതിയ ജീവിതകഴിവുകൾ സമ്മാനിക്കും. പ്രാദേശിക ലൈബ്രറികളിലെ സൗജന്യ പരിപാടികൾ, Khan Academy, NASA Education, Smithsonian Learning പോലുള്ള ഓൺലൈൻ പഠനസ്രോതസ്സുകൾ എന്നിവയും വലിയ സഹായമാണ്.
ഇവിടെ ഒരു വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കാതെ വയ്യ. ഞങ്ങളുടെ കുട്ടിക്കാലത്ത് വേനലവധി എന്നത് കളിയുടെയും സ്വാതന്ത്ര്യത്തിന്റെയും കാലമായിരുന്നു. പക്ഷേ അതിനൊപ്പം ചില നിബന്ധനകളും ഉണ്ടായിരുന്നു. എന്റെ പിതാവ് എത്ര തിരക്കിലായിരുന്നാലും രാത്രിയിൽ വീട്ടിലെത്തിയാൽ ഒരു കാര്യം ചോദിക്കാൻ മറക്കാറില്ലായിരുന്നു—അന്ന് പഠിച്ച പത്ത് പുതിയ ഇംഗ്ലീഷ് വാക്കുകൾ. കളിസ്ഥലത്തേക്കോ പാടത്തേക്കോ പോകാനുള്ള അനുമതി ലഭിക്കാൻ അതായിരുന്നു ഞങ്ങളുടെ “കരാർ”. ആദ്യം പത്ത് പുതിയ വാക്കുകൾ, പിന്നെ കളി. മറ്റൊരു നിബന്ധന കൂടി ഉണ്ടായിരുന്നു. അവധിക്കാലത്ത് ഏതെങ്കിലും ബന്ധുവീട്ടിലോ സുഹൃത്തിന്റെ വീട്ടിലോ പോയാൽ മടങ്ങിവന്ന ഉടൻ അതിനെക്കുറിച്ച് ഒരു യാത്രാവിവരണം എഴുതി നൽകണം. സത്യത്തിൽ പറഞ്ഞാൽ ചിലപ്പോൾ ആ എഴുത്തുപണി ഒഴിവാക്കാൻ വേണ്ടി തന്നെ ചില യാത്രകൾ ഞങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇന്ന് പിന്നോട്ടു നോക്കുമ്പോൾ ആ ചെറിയ ശീലങ്ങൾ തന്നെയായിരിക്കാം ഭാഷാപരമായ കഴിവുകളും നിരീക്ഷണശേഷിയും ആശയവിനിമയ നൈപുണ്യവും വളർത്താൻ സഹായിച്ചത്. ജീവിതത്തെയും തൊഴിൽജീവിതത്തെയും രൂപപ്പെടുത്തുന്നതിൽ വലിയ തീരുമാനങ്ങളേക്കാൾ ബാല്യത്തിൽ വളർത്തിയെടുത്ത ചെറിയ ശീലങ്ങൾക്കാണ് പലപ്പോഴും കൂടുതൽ സ്വാധീനമുള്ളത്.
ഇന്നത്തെ കുട്ടികൾക്ക് അയൽക്കൂട്ടങ്ങളിലെ കളികളും പുറത്തുള്ള പ്രവർത്തനങ്ങളും തിരിച്ചുകൊണ്ടുവരേണ്ട സമയം കൂടിയാണിത്. ബാസ്കറ്റ്ബോൾ, സോക്കർ, സൈക്കിൾ യാത്ര, ഹൈക്കിംഗ്, മീൻപിടിത്തം, പാർക്ക് സന്ദർശനം, പ്രകൃതി നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമാണ്. എല്ലാം ഡിജിറ്റൽ സ്ക്രീനുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുന്ന ഒരു തലമുറയ്ക്ക് പ്രകൃതിയുമായുള്ള ബന്ധം അത്യാവശ്യമാണ്.
വേനലവധിക്ക് ശേഷം സ്കൂളിലേക്ക് മടങ്ങുമ്പോൾ കുട്ടികൾ നേരിടുന്ന സാമൂഹിക സമ്മർദ്ദവും അവഗണിക്കാനാവില്ല. പ്രത്യേകിച്ച് മിഡിൽ സ്കൂൾ പ്രായത്തിലുള്ള കുട്ടികളിൽ “അവധിക്കാലത്ത് എവിടെയൊക്കെ പോയി?” എന്ന ചോദ്യം വളരെ സാധാരണമാണ്. ചിലർ യൂറോപ്പ്, ഹവായ്, ഡിസ്നി, കരീബിയൻ ദ്വീപുകൾ തുടങ്ങിയ യാത്രകളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുമ്പോൾ മറ്റുചില കുട്ടികൾക്ക് പങ്കുവയ്ക്കാൻ അത്തരം അനുഭവങ്ങൾ ഉണ്ടാകണമെന്നില്ല. ചിലപ്പോൾ ഇത് അവരിൽ അപകർഷബോധമോ ഒറ്റപ്പെട്ടുപോകുന്ന വികാരമോ സൃഷ്ടിച്ചേക്കാം. ചില അതിസ്മാർട്ട് കുട്ടികൾ മറ്റുള്ളവരെ പരിഹസിക്കാനുള്ള അവസരമായും ഇത്തരം സാഹചര്യങ്ങളെ ഉപയോഗിക്കാറുണ്ട്. അതിനാൽ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കേണ്ടത് ഒരു നല്ല അവധിക്കാലത്തിന്റെ മൂല്യം ചെലവേറിയ യാത്രകളിലല്ല, മറിച്ച് അർത്ഥവത്തായ അനുഭവങ്ങളിലാണെന്നതാണ്.
വേനലവധി കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല അവസരങ്ങളിൽ ഒന്നാണ്. ആഴ്ചയിൽ ഒരു Family Game Night, Family Movie Night, ഒരുമിച്ചുള്ള പാചകം, ക്യാമ്പിംഗ്, പിക്‌നിക്, കുടുംബ ഫോട്ടോകൾ ക്രമപ്പെടുത്തൽ, കുടുംബചരിത്രം രേഖപ്പെടുത്തൽ, മുത്തശ്ശന്മാരിൽ നിന്നും കുടുംബകഥകൾ കേൾക്കൽ തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ പോലും തലമുറകളെ തമ്മിൽ കൂടുതൽ അടുപ്പിക്കാൻ സഹായിക്കും. കുടുംബമായി ഒരുമിച്ച് ചിലവഴിക്കുന്ന സമയം കുട്ടികളുടെ ആത്മവിശ്വാസവും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നുവെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രവാസി കുടുംബങ്ങൾക്ക് വേനലവധി സ്വന്തം വേരുകളുമായി കുട്ടികളെ ബന്ധിപ്പിക്കാനുള്ള അപൂർവ അവസരവുമാണ്. കേരള സന്ദർശനം, മുത്തശ്ശന്മാരോടൊപ്പം സമയം ചെലവഴിക്കൽ, മലയാളം പഠിക്കൽ, കുടുംബവംശാവലി മനസ്സിലാക്കൽ, സ്വന്തം ഗ്രാമം സന്ദർശിക്കൽ, കുടുംബചരിത്രം കേൾക്കൽ എന്നിവ കുട്ടികളിൽ സാംസ്കാരിക സ്വത്വബോധം വളർത്തും. അമേരിക്കയിൽ ജനിച്ച പല കുട്ടികൾക്കും അവരുടെ പൈതൃകത്തെക്കുറിച്ചുള്ള അറിവ് പരിമിതമായിരിക്കാം. അത്തരം കുട്ടികൾക്ക് ഈ അവധിക്കാലം സ്വന്തം വേരുകളെ കണ്ടെത്താനുള്ള ഒരു യാത്രയായി മാറാം.
വേനലവധി എന്നത് കുട്ടികളെ മുഴുവൻ സമയവും പഠിപ്പിക്കാനുള്ള കാലമല്ല. അതുപോലെ അവരെ പൂർണമായും ഡിജിറ്റൽ ഉപകരണങ്ങൾക്കു വിട്ടുകൊടുക്കാനുള്ള സമയവുമല്ല. വിശ്രമത്തിനും വളർച്ചയ്ക്കും സ്വാതന്ത്ര്യത്തിനും ഉത്തരവാദിത്തത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥ കണ്ടെത്തുക എന്നതാണ് മാതാപിതാക്കളുടെ യഥാർത്ഥ വെല്ലുവിളി. ഈ നൂറുദിവസം കുട്ടികൾക്ക് ജീവിതകാലം മുഴുവൻ ഓർമ്മിക്കാവുന്ന അനുഭവങ്ങളും പുതിയ കഴിവുകളും കുടുംബസ്നേഹവും സാംസ്കാരിക മൂല്യങ്ങളും സമ്മാനിക്കാൻ കഴിഞ്ഞാൽ അതാണ് ഏറ്റവും വലിയ നേട്ടം. കാരണം കുട്ടികൾക്ക് നാം നൽകുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം വിലകൂടിയ ക്യാമ്പുകളോ വിദേശയാത്രകളോ അല്ല; മറിച്ച് അവരുടെ കൂടെ ചെലവഴിക്കുന്ന സമയവും അവർ ആരാണെന്ന് കണ്ടെത്താൻ സഹായിക്കുന്ന അവസരങ്ങളുമാണ്. അമേരിക്കയിലെ ഈ ദീർഘ വേനലവധി അതിനുള്ള ഒരു അപൂർവ വേദിയാണ്.
ഈ സാഹചര്യത്തിൽ വേൾഡ് മലയാളി കൗൺസിലിന്റെ (WMC) Students Engagement Platform പോലുള്ള സംരംഭങ്ങൾ ഏറെ പ്രസക്തമാകുന്നു. വേനലവധിക്കാലത്തെ കുട്ടികൾക്ക് ആനന്ദകരവും വിജ്ഞാനപ്രദവും വ്യക്തിത്വവികസനത്തിന് സഹായകരവുമായ അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാറ്റ്ഫോം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. പുസ്തകവായന, പൊതുപ്രസംഗ പരിശീലനം, സൃഷ്ടിപരമായ എഴുത്ത്, നേതൃത്വവികസനം, ശാസ്ത്ര-സാങ്കേതികവിദ്യാ അവബോധം, സംവാദവേദികൾ, സാംസ്കാരിക പരിപാടികൾ, സാമൂഹിക ഉത്തരവാദിത്തബോധം വളർത്തുന്ന പ്രവർത്തനങ്ങൾ, പൈതൃകവും മലയാള ഭാഷയും പരിചയപ്പെടുത്തുന്ന പരിപാടികൾ എന്നിവയിലൂടെ കുട്ടികളെ സജീവമായി പങ്കെടുപ്പിക്കാനാണ് പദ്ധതിയിടുന്നത്. സ്കൂൾ ക്ലാസ്മുറികൾക്ക് പുറത്തുള്ള യഥാർത്ഥ ജീവിതപാഠങ്ങൾ കുട്ടികൾക്ക് സമ്മാനിക്കാനും സമപ്രായക്കാരുമായി സൗഹൃദബന്ധങ്ങൾ സ്ഥാപിക്കാനും ആത്മവിശ്വാസം വളർത്താനുമുള്ള ഒരു വേദിയായി ഇത് മാറാൻ കഴിയും. “ഈ അവധിക്കാലം കുട്ടികൾ എന്ത് ചെയ്യും?” എന്ന ചോദ്യത്തിന് ഒരു പോസിറ്റീവ് മറുപടിയായി, “WMC Students Engagement Platform ഈ അവധിക്കാലം ആനന്ദകരവും വിജ്ഞാനപ്രദവുമാക്കാൻ നിങ്ങളുടെ കുട്ടികളോടൊപ്പമുണ്ട്; നിങ്ങൾ തയ്യാറാണോ?”.
വേനലവധിക്കാലത്തെ വിദ്യാർത്ഥി വികസന പദ്ധതികൾ, യുവജന നേതൃത്വ പരിശീലനങ്ങൾ, കോളേജ് പ്രിപറേഷൻ പ്രോഗ്രാമുകൾ, കുടുംബങ്ങൾക്ക് പ്രയോജനകരമായ കൂടുതൽ നിർദേശങ്ങൾ എന്നിവയുമായി അടുത്ത ആഴ്ച വീണ്ടും വായിക്കാം.


പിന്റോ കണ്ണംപള്ളി

