PRAVASI

'എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം?'; കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ നിയമനം സുപ്രീം കോടതി റദ്ദാക്കി

Blog Image
സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച മുഖമടച്ച അടിയാണ് ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കല്‍. അധികാരം ദുര്‍വിനിയോഗം നടത്തുന്ന ഭരണാധികാരികള്‍ക്കുള്ള താക്കീതാണ് കോടതി വിധി. സിപിഎം നേതാവും എംഎല്‍എയുമായിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് നല്‍കിയ ആശ്രിത നിയമനമാണ് കോടതി റദ്ദാക്കിയത്.

സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്ന് ലഭിച്ച മുഖമടച്ച അടിയാണ് ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കല്‍. അധികാരം ദുര്‍വിനിയോഗം നടത്തുന്ന ഭരണാധികാരികള്‍ക്കുള്ള താക്കീതാണ് കോടതി വിധി. സിപിഎം നേതാവും എംഎല്‍എയുമായിരുന്ന കെകെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് നല്‍കിയ ആശ്രിത നിയമനമാണ് കോടതി റദ്ദാക്കിയത്. ഇല്ലാത്ത അധികാരം സ്ഥാപിച്ചുകിട്ടാനായി ഖജനാവില്‍ നിന്ന് ലക്ഷങ്ങളാണ് സര്‍ക്കാര്‍ ചിലവാക്കിയത്. സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് ഹാജരായത്.

സംസ്ഥാനത്തു തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലടക്കം പാര്‍ട്ടി താല്‍പര്യം അനുസരിച്ചുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമായി നടക്കുമ്പോള്‍ നോക്കുകുത്തിയാക്കുന്നത് ലക്ഷക്കണക്കിന് തൊഴിലന്വേഷകര്‍ പ്രതീക്ഷയോടെ നോക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇടതുമുന്നണിക്കും പ്രത്യേകിച്ച് സിപിഎമ്മിനും വേണ്ടപ്പെട്ട ഒരു ലക്ഷത്തി എണ്‍പതിനായിരം പേര്‍ക്കാണ് പിന്‍വാതില്‍ നിയമനം നല്‍കിയത്. എട്ടു വര്‍ഷത്തിനിടയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി താല്‍ക്കാലിക നിയമനം നടന്നത് 80,227 എണ്ണം മാത്രമാണ്. ഇത്തരത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം തന്നെ ഇഷ്ടക്കാര്‍ക്ക് പതിച്ചു നല്‍കുന്നത് ഭരണക്കാരുടെ അവകാശമാണെന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനാണ് സുപ്രീം കോടതി മൂക്കുകയറിട്ടത്. പ്രശാന്തിനും അത്തരമൊരു പിന്‍വാതില്‍ നിയമനമാണ് സര്‍ക്കാര്‍ നല്‍കിയത്. 26 ലക്ഷം പേര്‍ തൊഴില്‍ രഹിതരായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും മറ്റും രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുമ്പോഴാണ് ഇത്തരം വിഐപി മക്കള്‍ക്കു വേണ്ടി പിന്‍വാതില്‍ നിയമനങ്ങള്‍.

ഒരു മുന്‍ എംഎല്‍എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്നാണ് സുപ്രീം കോടതി പ്രധാനമായി ഉന്നയിച്ച ചോദ്യം. എന്നാല്‍, മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്. കേരള ഹൈക്കോടതി ആശ്രിത നിയമനം റദ്ദാക്കിയിരുന്നു. 2018ലെ മന്ത്രിസഭാ തീരുമാന പ്രകാരമാണ് ആര്‍ പ്രശാന്തിന് പൊതുമ രാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി നിയമനം നല്‍കിയത്.

പാലക്കാട് സ്വദേശി അശോക് കുമാറാണ് നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. എംഎല്‍എ സര്‍ക്കാര്‍ ജീവനക്കാരനല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും പിതാവിന്റെ മരണത്തെ തുടര്‍ന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാനുമാണ് മകന് ജോലി നല്‍കിയതെന്നും അശോക് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ നിര്‍ദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരം വിനിയോഗിച്ചാണ് നിയമനം നല്‍കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് ഹൈക്കോടതി അംഗീകരിക്കാതെ നിയമനം റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

2016 ല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ ബന്ധു നിയമനങ്ങള്‍ അല്ലെങ്കില്‍ പിന്‍വാതില്‍ നിയമനം തുടങ്ങിയിരുന്നു. വ്യവസായ വകുപ്പിന് കീഴിലെ സ്ഥാപനത്തില്‍ തന്റെ ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി ഇപി ജയരാജന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മന്ത്രിസ്ഥാനം തന്നെ രാജിവെയ്‌ക്കേണ്ടി വന്നു. പിന്‍വാതില്‍ ബന്ധു നിയമനങ്ങളിലൂടെ അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് പേര്‍ക്കാണ് താല്‍ക്കാലിക ജോലി പോലും കിട്ടാതാവുന്നത്.പിഎസ്‌സിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ആയിരിക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ നിലകൊള്ളുമ്പോഴാണ് എംഎല്‍എ യുടെ മകനും പാര്‍ട്ടി ബന്ധുക്കള്‍ക്കും നിയമനങ്ങള്‍ ഇഷ്ടം പോലെ നല്‍കുന്നത്.2016ല്‍ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാമചന്ദ്രന്‍ നായര്‍ കരള്‍ രോഗത്തെത്തടര്‍ന്ന് 2018 ജനുവരിയില്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.