PRAVASI

ബേസിൽ മലയാള സിനിമയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും നൈസായ അട്ടിമറി

Blog Image

പണ്ടൊക്കെ സ്‌ക്രീനിൽ ആണുങ്ങൾക്കൊരു നിലയും വിലയും ഉണ്ടായിരുന്നു. അവനുനേരെ ഒരു പെണ്ണിന്റെ കൈ പൊങ്ങില്ലായിരുന്നു, അഥവാ പൊങ്ങിയാൽ അതിനെ തടുക്കാനും ഇനിയൊരു ആണിന്റെ നേർക്ക് നിന്റെ കൈ പൊങ്ങത്തില്ലെന്ന് പറഞ്ഞു ഇംഗ്ലീഷ് കടിച്ചു പൊട്ടിക്കാനും ഇവിടെ ആണുങ്ങൾ ഉണ്ടായിരുന്നു. 
എന്നാൽ ഇപ്പോൾ അതാണോ സ്ഥിതി, മേടിച്ചു കൂട്ടുന്നത് കണ്ടാൽ പെറ്റ തള്ള സഹിക്കൂല്ല!
ജയ ജയ ഹോയിൽ ബേസിലിനൊക്കെ കിട്ടുന്നത് കണ്ടാൽ ആണായിപ്പിറന്ന ആർക്കെങ്കിലും സഹിക്കാൻ പറ്റ്വോ. എമ്മാതിരി കീറായിരുന്നു, ഒരു നായകനും സർവോപരി ഒരു ഭർത്താവും ആണെന്നു മറന്നുള്ള ഒടുക്കത്തെ കീറ്! ഏതൊരു ഭർത്താവിനും ഉൾക്കിടിലത്തോടെ മാത്രമേ ഇന്നും ആ സീനുകൾ ഓർക്കാൻ കഴിയൂ!!
അതൊരു തുടക്കമായിരുന്നു ഗയ്‌സ്. പിന്നീട് വന്ന സിനിമകൾ പലതിലും ആണിനു നേരെ യാതൊരു സങ്കോചവും ഇല്ലാതെ കൈയുയർത്തുന്ന പെണ്ണുങ്ങളെ നമ്മൾ കണ്ടു, കണ്ണുകൾ ഇറുക്കിയടച്ചു.
ഏറ്റവും അവസാനമായി കണ്ട രണ്ടു സിനിമകളിലും അവരുടെ കൈത്തരിപ്പിനു കുറവൊന്നും ഉണ്ടായിരുന്നില്ല. ബൊഗൈൻ വില്ല അമൽ നീരദിന്റെ പടം ആയതിനാൽ അല്പസ്വല്പം അടി ഇടി വെടി പുക ഒക്കെ സ്വാഭാവികം. എന്നാലും ജ്യോതിർമയി കുഞ്ചാക്കോ ബോബനെ എടുത്ത് പഞ്ഞിക്കിടുന്ന കണ്ടപ്പോൾ അടി ഉടനെ ഒന്നും തീരില്ല, തുടങ്ങിയിട്ടേ ഉള്ളൂ എന്നു മനസ്സിലായി ഗയ്‌സ്.
സൂക്ഷ്‌മദർശിനി കണ്ടപ്പോൾ ഇവരുടെ കൈയീന്ന് ഇടികൊള്ളാൻ വെള്ളിത്തിരയിൽ ആണുങ്ങളുടെ ജീവിതം ഇനിയും ബാക്കി എന്നുതോന്നിപ്പോയി. പണ്ടൊക്കെ വില്ലനു അടി കൊടുത്ത് മാസ്സായിരുന്നത് നായകൻ ആയിരുന്നെങ്കിൽ, ഇപ്പോൾ നായകനു കൊടുക്കേണ്ടത് കൊടുത്ത് മാസ്സാവുന്നത് നായിക ആണ് ഗയ്‌സ്!! 
പണ്ടത്തെ അടിയെല്ലാം പലിശ തീർത്തു ഏറ്റവും കൂടുതൽ മേടിച്ചു കൂട്ടുന്നത് ബേസിലും. ഒന്നോർത്തു നോക്കിയാൽ ഓന്റെ കാര്യം കഷ്ടമാണ്.
എന്നാലും ഇങ്ങനെ പെണ്ണുങ്ങളുടെ അടികൊള്ളാനും അവരുടെ കൈയൂക്കിനു മുന്നിൽ മടിയൊന്നുമില്ലാതെ തോറ്റുകൊടുക്കാനും കാണിക്കുന്ന ഈ സന്നദ്ധത ഉണ്ടല്ലോ, അതാണ് ബേസിൽ നിങ്ങൾ മലയാള സിനിമയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും നൈസായ അട്ടിമറി.


ഷിബു ഗോപാലകൃഷ്ണൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.