ദാസേട്ടന്റെയും ജയേട്ടന്റെയും പാട്ടുകൾ കേട്ട് വളരാൻ സാധിച്ചതാണ് ഈ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യം എന്ന് വിശ്വസിക്കുന്ന എണ്ണമറ്റ മലയാളികൾ ഭൂമി മലയാളത്തിൽ ഉണ്ടാകും. യേശുദാസ് സൂര്യനെങ്കിൽ ജയചന്ദ്രൻ ഉദിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രനായിരുന്നു. ഭാവ ഗായകന്റെ ആദ്യത്തെ ചലച്ചിത്ര ഗാനത്തിലെ ആദ്യ വരികളിലും 'മധുമാസ ചന്ദ്രിക' ഉണ്ടായിരുന്നു. പിന്നീട് എത്രയെത്ര അനശ്വരമായ ഗാനങ്ങളിൽ അദ്ദേഹം മധുമാസ ചന്ദ്രികയെ പാടി പുകഴ്ത്തിയിരിക്കുന്നു. കള്ളിച്ചെല്ലമ്മയിലെ കരിമുകിൽ കാട്ടിലെ എന്ന് തുടങ്ങുന്ന പാട്ടിലെ
"കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്ന് നോക്കീടാത്ത
മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരിൽ"
എന്ന വരികൾ മൂളാത്തവർ ആരും ഉണ്ടാവില്ല. അതുപോലെ അനാച്ഛാദിനത്തിലെ "മധുചന്ദ്രികയുടെ ചായത്തളികയിൽ" എന്ന് തുടങ്ങുവന്ന ഗാനത്തിലും , ചന്ദ്രകാന്തത്തിലെ "രാജീവനയനെ നീ ഉറങ്ങൂ" എന്ന ഗാനത്തിലും ആലിബാബയും 41 കള്ളന്മാരും എന്ന സിനിമയിലെ "റംസാനിലെ ചന്ദ്രികയോ" എന്ന ഗാനത്തിലും എല്ലാം ഭാവഗായകന്റെ മുഗ്ദ്ധമധുരമായ ആലാപന മികവ് പൂർണ്ണ ചന്ദ്രനെപ്പോലെ പ്രശോഭിതമായിരുന്നു. 70 കളിൽ ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ പാടിയിട്ടുള്ള ജയചന്ദ്രൻ എന്തൊകൊണ്ടോ എൺപതുകളുടെ മധ്യത്തോടെ മലയാള ചലച്ചിത്ര ഗാനശാഖയിലെ നിന്നും പിൻവലിയുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു. തമിഴ് സിനിമയിൽ "രാസാത്തി ഒന്ന് കാണാതെ നെഞ്ച്" എന്ന സൂപ്പർ ഹിറ്റ് ഗാനം പാടി ശ്രദ്ധേയനായപ്പോഴും സ്വന്തം തട്ടകത്തിൽ അദ്ദേഹത്തിന് അർഹിക്കുന്ന അവസരങ്ങൾ ലഭിച്ചില്ല എന്നത് ഒരു യാഥാർഥ്യമാണ് . എന്നാൽ 90- കളുടെ രണ്ടാം പകുതിയിൽ പി ജയചന്ദ്രൻ തന്റെ രണ്ടാം വരവ് അനശ്വരമാക്കി. എന്നും പ്രണയ ഗാനങ്ങളെ ഭാവസാന്ദ്രമാക്കിയിട്ടുള്ള ജയേട്ടൻ ദേവരാഗം എന്ന ഭരതൻ സിനിമയിൽ "ശിശിരകാല മേഘമിഥുന രതി പരാഗമോ" എന്ന ഗാനം പാടി ശക്തമായി തിരിച്ചു വന്നു. പിന്നാലെ നിറം എന്ന കമൽ സിനിമയിലെ "പ്രായം തമ്മിൽ മോഹം തമ്മിൽ" എന്ന ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായതോടെ ജയചന്ദ്രൻ തന്റെ സാന്നിധ്യം വീണ്ടും അരിക്കിട്ടുറപ്പിച്ചു. സമാനമായ രീതിയിൽ ഒരു രണ്ടാം വരവിലൂടെ ശ്രദ്ധ നേടിയ സുജാതയുമായി ചേർന്ന് ജയേട്ടൻ പാടിയ എല്ലാ പാട്ടുകളും വമ്പൻ ഹിറ്റുകളായി മാറി. ക്രോണിക് ബാച്ചിലറിലെ 'സ്വയംവരചന്ദ്രികേ' അതുപോലെ പെരുമഴക്കാലത്തിലെ "കല്ലായി കടവത്ത് കാറ്റൊന്നും മിണ്ടീല്ലേ" തുടങ്ങിയ പാട്ടുകളിലൂടെ അദ്ദേഹം വീണ്ടും മലയാള സിനിമ ഗാന ശാഖയുടെ സജ്ജീവ സാന്നിദ്ധമായി. പഴകും തോറും വീഞ്ഞിന് വീര്യം കൂടും എന്ന പഴമൊഴി ഓർമ്മപ്പെടുത്തുന്നതുപോലെ പ്രായം ഏറുമ്പോഴും പി ജയചന്ദ്രന്റെ ശബ്ദം കൂടുതൽ സ്ഫുടം ചെയ്യപ്പെട്ടു... കൂടുതൽ യുവത്വം കൈവരിച്ചു. കാലത്തെയും ആരോഗ്യത്തെയും തോൽപ്പിക്കുന്ന ശബ്ദ സൗകുമാര്യം കൊണ്ട് മലയാളിയെ വിസ്മയിച്ച പ്രിയപ്പെട്ട ജയേട്ടന് കണ്ണീർ പ്രണാമം...