PRAVASI

ഗാന്ധിഭവന്റെ പ്രിയമകൾ ചൈതന്യ വിവാഹിതയായി ; വധൂവരന്മാർ അയർലൻഡിലേക്ക്

Blog Image

പത്തനാപുരം ഗാന്ധിഭവന്റെ പ്രിയമകൾ ചൈതന്യയ്ക്ക് വിവാഹം. തിരുവനന്തപുരം പാറശാല ആടുമൻകാട് കമൽ നിവാസിൽ കമലാസനന്റെയും സരസ്വതിയുടെയും മകൻ അഖിൽ എസ്. കമൽ ആണ്  വരൻ. തിങ്കളാഴ്ച പകൽ 11-ന് പത്തനാപുരം ഗാന്ധിഭവനിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.

കുട്ടിക്കാലത്ത് മാതാപിതാക്കളെ നഷ്ടപ്പെട്ട ചൈതന്യയുടെയും രണ്ട് സഹോദരിമാരുടെയും ബാല്യകാലം ഏറെ ദുരിതപൂർണ്ണമായിരുന്നു. നാലു മുളക്കമ്പുകളിൽ ഷീറ്റ് വലിച്ചുകെട്ടിയ വീട്ടിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. അകന്ന ബന്ധുവിന്റെ വീട്ടിൽ വീട്ടുജോലികൾ ചെയ്തു ജീവിക്കുമ്പോഴും പഠനം ഉപേക്ഷിക്കാൻ ചൈതന്യ തയ്യാറായില്ല. എന്നാൽ അപ്രതീക്ഷിതമായി അവിടെനിന്നും പുറത്താക്കപ്പെട്ടതോടെ മൂന്നു സഹോദരിമാരും ഒറ്റപ്പെട്ടു.

എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിന്ന ഇവരെ ആലപ്പുഴ എസ്.ഡി.വി. സ്കൂളിലെ കൗൺസിലർമാർ ഇടപെട്ട് ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു. ഗാന്ധിഭവന്റെ തണലിലെത്തിയതോടെ മൂവരുടെയും മുടങ്ങിയ പഠനം പുനരാരംഭിച്ചു. മുത്തസഹോദരി സ്പെഷ്യൽ സ്കൂൾ ട്രെയിനിംഗ് കോഴ്സും, രണ്ടാമത്തെ സഹോദരി ജനറൽ നഴ്സിംഗും പൂർത്തിയാക്കി. ഇരുവരുടെയും വിവാഹവും ഗാന്ധിഭവന്റെ നേതൃത്വത്തിൽ നേരത്തെ നടത്തിയിരുന്നു.

ജനറൽ നഴ്സിംഗിനുശേഷം പോസ്റ്റ് ബി.എസ്.സി നഴ്സിംഗും മികച്ച നിലയിൽ പൂർത്തിയാക്കിയ ചൈതന്യ, കൊല്ലം ഉപാസന നഴ്സിംഗ് കോളേജിൽ ലെക്ചററായി ജോലി ചെയ്തുവരുന്നതിനിടയിലാണ് അയർലൻഡിലേക്ക് പോയത്. വരൻ അഖിലും അയർലൻഡിൽ നഴ്സായി ജോലി ചെയ്യുകയാണ്.

വിവാഹച്ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനും ഭാര്യ പ്രസന്നയും മറ്റ് പ്രമുഖരും പങ്കെടുത്തു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.