PRAVASI

മില്‍പിറ്റാസ് ഇരട്ടക്കൊലപാതകത്തില്‍ ദുരൂഹത

Blog Image

കലിഫോര്‍ണിയ: ഓണാഘോഷത്തിന്റെ മാധുര്യം മാറും മുന്‍പേയാണ് അമേരിക്കന്‍ മലയാളി സമൂഹത്തെയും കേരളത്തെയും നടുക്കിയ ആ ഇരട്ടക്കൊലപാതകം അരങ്ങേറിയത്. തൃശൂര്‍ മണ്ണുത്തി സ്വദേശിനി അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആന്‍ മേരി മാത്യു എന്നിവരുടെ ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ ഒപ്പം താമസിച്ചിരുന്ന അനില എന്ന സുഹൃത്താണെന്ന വാര്‍ത്ത വിശ്വസിക്കാന്‍ പ്രവാസി മലയാളി സമൂഹത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല.

കലിഫോര്‍ണിയയിലെ മില്‍പിറ്റാസിലുള്ള 'മില്‍ ക്രീക്ക് അപ്പാര്‍ട്ട്മെന്റ്' സമുച്ചയത്തില്‍ ഓഗസ്റ്റ് 28-നായിരുന്നു നാടിനെ വിറപ്പിച്ച സംഭവം നടക്കുന്നത്. അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് ആന്‍ മേരിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം, അഞ്ജനയെ ഫോണില്‍ വിളിച്ച് പാര്‍ക്കിങ് ഏരിയയിലേക്ക് വരുത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ജനയെ വാഹനം ഇടിച്ചുവീഴ്ത്തി ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം അപ്പാര്‍ട്ട്മെന്റില്‍ തന്നെ തുടര്‍ന്ന തൃശൂര്‍ പീച്ചി സ്വദേശിനിയായ അനിലയെ അമേരിക്കന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 

കൊലപാതകം നടന്ന ഓഗസ്റ്റ് 28-ന് ഉച്ചയോടെയാണ് മില്‍പിറ്റാസ് പോലീസിന് അപകടസന്ദേശം ലഭിക്കുന്നത്. മില്‍ ക്രീക്ക് അപ്പാര്‍ട്ട്മെന്റ് പാര്‍ക്കിങ് ലോട്ടില്‍ അഞ്ജനയെ വാഹനം ഇടിച്ചുവീഴ്ത്തിയ നിലയിലാണ് പോലീസ് കണ്ടെത്തിയത്. ജീവന്റെ ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന അഞ്ജന സംഭവസ്ഥലത്തുതന്നെ മരിച്ചതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്യമായ കേടുപാടുകളോടെ അടുത്തുള്ള മറ്റൊരു പാര്‍ക്കിങ് സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ നീല നിറത്തിലുള്ള വാഹനം കണ്ടെത്തിയത്. അന്വേഷണം അപ്പാര്‍ട്ട്മെന്റിനുള്ളിലേക്ക് വ്യാപിപ്പിച്ചപ്പോഴാണ് ആന്‍ മേരിയുടെ മൃതദേഹം ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

ആസൂത്രിതമായ നീക്കങ്ങളാണ് കൊലപാതകത്തിനായി അനില നടത്തിയതെന്നാണ് സൂചന. ആന്‍ മേരിയെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം യാതൊരു പതര്‍ച്ചയുമില്ലാതെയാണ് അഞ്ജനയെ പാര്‍ക്കിങ് ഏരിയയിലേക്ക് ഫോണ്‍ വിളിച്ചു വരുത്തിയത്. തങ്ങളെ കാത്തിരിക്കുന്നത് മരണമാണെന്നറിയാതെ താഴേക്കിറങ്ങിവന്ന അഞ്ജനയെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. ഒന്നിച്ച് ഓണം ആഘോഷിച്ച് ദിവസങ്ങള്‍ക്കകം സുഹൃത്തുക്കളുടെ ജീവനെടുക്കാന്‍ അനിലയ്ക്ക് എങ്ങനെ സാധിച്ചുവെന്നത് പ്രവാസി മലയാളി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്.

പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അമേരിക്കന്‍ പോലീസ് വ്യക്തമാക്കി. ഫോണ്‍ രേഖകളും ഇവരുടെ സാമ്പത്തിക-സോഷ്യല്‍ മീഡിയ ഇടപാടുകളും പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ജോലി പോയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ അതോ വ്യക്തിപരമായ മറ്റെന്തെങ്കിലും ഭീഷണികളാണോ ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.
ഉറ്റസുഹൃത്തുക്കളായിരുന്ന രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെടുകയും ഒരാള്‍ അഴിക്കുള്ളിലാകുകയും ചെയ്തതോടെ മൂന്ന് മലയാളി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് ഒറ്റ രാത്രികൊണ്ട് ഇരുളടഞ്ഞത്.

പ്രതീക്ഷകളോടെ പ്രവാസം തിരഞ്ഞെടുത്ത യുവതികളുടെ ദുരന്തപൂര്‍ണ്ണമായ മടക്കം ജന്മനാടായ കേരളത്തെയും ആഴത്തില്‍ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തദ്ദേശീയ മലയാളി സംഘടനകളുടെയും ഇന്ത്യന്‍ എംബസിയുടെയും നേതൃത്വത്തില്‍ നടന്നുവരികയാണ്. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.