PRAVASI

ചിക്കാഗോ ഗീതാമണ്ഡലം ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 22 ന്

Blog Image

കേരളത്തനിമയുടെ പ്രൗഢിയും പൈതൃകവും നെഞ്ചോടുചേർത്ത്, ചിക്കാഗോ ഗീതാമണ്ഡലം അതിന്റെ ചരിത്രത്തിലെ 49-ാമത് ഓണാഘോഷത്തിന് തിരിതെളിയിക്കുന്നു. 2026 ആഗസ്റ്റ് 17-ന് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികൾ, ആഗസ്റ്റ് 22-ന് നടക്കുന്ന തിരുവോണ മഹോത്സവത്തോടെ സമാപിക്കുന്നു. ഈ മഹത്തായ ആഘോഷത്തിലേക്ക് ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

ഏകദേശം അഞ്ച് പതിറ്റാണ്ടായി ചിക്കാഗോയിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരിക പൈതൃകവും കേരളീയ പാരമ്പര്യവും തലമുറകളിലേക്ക് പകർന്നുനൽകിക്കൊണ്ടിരിക്കുന്ന ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ 49-ാമത് ഓണാഘോഷം, വെറും ഒരു ആഘോഷമല്ല; അത് നമ്മുടെ സംസ്കാരത്തിന്റെയും കൂട്ടായ്മയുടെയും അഭിമാനകരമായ തുടർച്ചയാണ്.

ഗ്രഹാതുരതകൾ ഉണർത്തുന്ന പാടവരമ്പുകളിൽ സമൃദ്ധിയുടെ വരവറിയിച്ചുകൊണ്ട് വീണ്ടും ഒരു തിരുവോണം വന്നെത്തിയിരിക്കുന്നു. മാനവസൗഹാർദത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടെയും സന്ദേശമാണ് ഓരോ ഓണവും നമുക്ക് സമ്മാനിക്കുന്നത്. ലോകത്തിന്റെ ഏത് കോണിലായിരുന്നാലും ഓരോ മലയാളിയുടെയും മനസ്സിൽ കേരളത്തിന്റെ മണ്ണിനോടും പൈതൃകത്തോടുമുള്ള ആത്മബന്ധം ഉണർത്തുന്ന സുദിനങ്ങളാണ് ഓണനാളുകൾ.

ഈ പാരമ്പര്യം പുതിയ തലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ, കൂട്ടുകുടുംബങ്ങളിലെ ഓണാഘോഷങ്ങളുടെ സുന്ദരമായ ഓർമ്മകൾ പങ്കുവെച്ചും, കേരളത്തിന്റെ സംസ്കാരവും ആചാരങ്ങളും ഓണത്തിന്റെ മഹത്വവും പരിചയപ്പെടുത്തിയും, 2026 ആഗസ്റ്റ് 22-ന് രാവിലെ 10 മണി മുതൽ ചിക്കാഗോ ഗീതാമണ്ഡലം തറവാടിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നു.

ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും പൂക്കളവും പൂവട്ടിയും മാവേലി വരവേൽപ്പും വിഭവസമൃദ്ധമായ ഓണസദ്യയും കലാപരിപാടികളുമായി, കേരളത്തിന്റെ ഗ്രാമീണ ഓണത്തിന്റെ എല്ലാ മനോഹര മുഹൂർത്തങ്ങളും ചിക്കാഗോ തറവാട് ക്ഷേത്രാങ്കണത്തിൽ പുനഃസൃഷ്ടിക്കപ്പെടുന്നു. ഏഴാം കടലിനിക്കരെയാണെങ്കിലും, കേരളത്തിന്റെ മണ്ണിന്റെ മണവും ഓണത്തിന്റെ ആത്മാവും അനുഭവിക്കാവുന്ന അപൂർവ അവസരമാണിത്.

49 വർഷങ്ങളുടെ അഭിമാനപാരമ്പര്യം ആഘോഷിക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിൽ, പഴയ ഓണക്കാല ഓർമ്മകൾ പുതുക്കാനും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒത്തുചേർന്ന് ഓണാശംസകൾ പങ്കിടാനും, നമ്മുടെ സംസ്കാരത്തിന്റെ മഹത്വം പുതുതലമുറയ്ക്ക് കൈമാറാനും എല്ലാ സ്നേഹിതരെയും ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ 49-ാമത് തിരുവോണ മഹോത്സവത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം ചെയ്യുന്നു.
"ഓണം ഒരുമയുടെ ഉത്സവം; 49 വർഷങ്ങളുടെ പാരമ്പര്യത്തിന്റെ ആഘോഷം."

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.