PRAVASI

ചിക്കാഗോ സോഷ്യല്‍ ക്ലബിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

Blog Image

ചിക്കാഗോ: കായികവിനോദ രംഗത്തു മാത്രമല്ല ജീവകാരുണ്യ രംഗത്തും ചിക്കാഗോ സോഷ്യല്‍ക്ലബ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്ന് കോണ്‍ഗ്രസ് നേതാവും കാസര്‍കോഡ് എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രസ്താവിച്ചു. ചിക്കാഗോ സോഷ്യല്‍ക്ലബ് ഹാളില്‍ നടന്ന പ്രസ്മീറ്റില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ ക്ലബ് അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് സ്വതസിദ്ധമായ ശൈലിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ മറുപടി പറഞ്ഞു.
ഭാരതത്തിന്‍റെ 79-ാം സ്വാതന്ത്ര്യദിനം അമേരിക്കയിലെ വിവിധ സംഘടനകള്‍ ആഘോഷിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതിന്‍റെ ഭാഗമായിട്ടാണ് അമേരിക്കയിലെത്തിയത്. ജീവിതത്തില്‍ ആദ്യമായിട്ടാണ് അമേരിക്കയില്‍ വരുന്നത്. 2020-ല്‍ അമേരിക്ക സന്ദര്‍ശിക്കുവാനുള്ള വിസ കിട്ടി. ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടും ലഭിച്ചു. ടിക്കറ്റും എടുത്തതാണ്. എന്നാല്‍, യാത്ര തിരിക്കുന്നതിനു മൂന്നു ദിവസം മുമ്പ് കോവിഡ് ലോകമെമ്പാടും വ്യാപിച്ചു. രാജ്യാന്തര വിമാനത്താവളങ്ങള്‍ അടക്കപ്പെട്ടു. അങ്ങനെ യാത്ര മുടങ്ങി. പിന്നീട് ഇപ്പോഴാണ് വീണ്ടും ഒരു അവസരമുണ്ടായത്. ഇതിനോടകം ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, വാഷിങ്ടണ്‍ എന്നീ സ്ഥലങ്ങളിലെ നിരവധി പ്രോഗ്രാമുകളില്‍ പങ്കെടുത്തതിനു ശേഷമാണ് ഇപ്പോള്‍ ചിക്കാഗോയില്‍ എത്തിയത്. കഴിഞ്ഞ 12 വര്‍ഷക്കാലമായി ചിക്കാഗോ സോഷ്യല്‍ ക്ലബ് നടത്തുന്ന അന്താരാഷ്ട്ര വടംവലി മത്സരത്തെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. നാട്ടില്‍നിന്നും ഇതില്‍ പങ്കെടുത്തിട്ടുള്ള നേതാക്കന്മാരുമായി ആശയവിനിമയം നടത്തിയിട്ടുമുണ്ട്. നാട്ടില്‍ ഓണക്കാലത്ത് പല സ്ഥലങ്ങളിലും വടംവലി മത്സരങ്ങള്‍ നടത്താറുണ്ട്. ജന്മനാടിനോടുള്ള സ്നേഹമാണ് ഈ രാജ്യത്തും ഈ കായികവിനോദം സംഘടിപ്പിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. സോഷ്യല്‍ ക്ലബ് ചെയ്തിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെപ്പറ്റിയും ധാരാളം കേട്ടിട്ടുണ്ട്. ആഗസ്റ്റ് 31-ന് ഞായറാഴ്ച നടക്കുവാന്‍ പോകുന്ന വടംവലി മത്സരത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു. രാജ്മോഹന്‍ ഉണ്ണിത്താന്‍റെ  സരസഗംഭീരമായ സംസാരശൈലി ശ്രോതാക്കളെ വളരെയധികം ആകര്‍ഷിച്ചു.
സോഷ്യല്‍ ക്ലബ് പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍ അദ്ധ്യക്ഷത വഹിച്ചു. വടംവലി മത്സരം വന്‍ വിജയമാക്കി മാറ്റുവാന്‍ അണിയറയില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന എല്ലാവരെയും അദ്ദേഹം അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ലോകമെമ്പാടുമുള്ള കായികപ്രേമികളെ പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍ ആഗസ്റ്റ് 31-ാം തീയതി ചിക്കാഗോയിലേക്ക് സ്വാഗതം ചെയ്തു.
ടൂര്‍ണമെന്‍റ് ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ മത്സരത്തിന്‍റെ നടപടിക്രമങ്ങളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും വിശദീകരിച്ചു. വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, സെക്രട്ടറി രാജു മാനുങ്കല്‍, ജോയിന്‍റ് സെക്രട്ടറി തോമസ് പുത്തേത്ത്, മുന്‍ പ്രസിഡണ്ടും ഫൈനാന്‍സ് ചെയറുമായ ബിനു കൈതക്കതൊട്ടിയില്‍, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം തുടങ്ങിയവര്‍ ചോദ്യങ്ങള്‍ക്ക് വിശദീകരണം നല്കി. ഇന്ത്യാ ഫുഡ്ഫെസ്റ്റ് ചെയര്‍മാന്‍ ജോസ് മണക്കാട്ട് സ്വാഗതവും ട്രഷറര്‍ ബിജോയ് കാപ്പന്‍ കൃതജ്ഞതയും പറഞ്ഞു. മുന്‍ പ്രസിഡണ്ടുമാരായ സൈമണ്‍ ചക്കാലപ്പടവില്‍, സാജു കണ്ണമ്പള്ളി, അലക്സ് പടിഞ്ഞാറേല്‍, സിബി കദളിമറ്റം എന്നിവരും സന്നിഹിതരായിരുന്നു.
ആകര്‍ഷകമായ സമ്മാനത്തുകയാണ് ഈ വടംവലി മത്സരത്തിന്‍റെ പ്രത്യേകത. ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്പോണ്‍സര്‍. രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്പോണ്‍സര്‍.
മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. അറിയപ്പെടുന്ന സ്ഥാപനമായ എലൈറ്റ് ഗെയിമിംഗിനു വേണ്ടി റ്റോണി & ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് സ്പോണ്‍സര്‍ ചെയ്തിരിക്കുന്നു. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ചിക്കാഗോ മംഗല്യ ജൂവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവരാണ് സ്പോണ്‍സര്‍മാര്‍.
ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പുതിയ അഡ്രസ് ശ്രദ്ധിക്കുക: 
MORTON GROVE PARK DISTRICT STADIUM
6834 DEMPSTER ST, MORTON GROVE,
ILLINOIS 60053.

വിശദവിവരങ്ങള്‍ക്ക്: റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡണ്ട്)-(630) 935-9655
സിറിയക് കൂവക്കാട്ടില്‍ (ടൂര്‍ണമെന്‍റ് ചെയര്‍മാന്‍)-(630) 673-3382


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.