അർലിംഗ്ടൺ (ടെക്സസ്): ഡാലസ് സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ എൺപതിനായിരത്തിലധികം വരുന്ന ആരാധകരെ സാക്ഷിനിർത്തി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ജോർദാനെ തകർത്തുവിട്ടു. കളി അവസാനത്തോടടുത്തപ്പോൾ പകരക്കാരനായി ഇറങ്ങി ലയണൽ മെസ്സി നേടിയ അവിശ്വസനീയമായ ഫ്രീകിക്ക് ഗോൾ മത്സരത്തിന്റെ മാറ്റുകൂട്ടി.
(3-1) സ്കോർബോർഡിനപ്പുറം, ടെക്സസ് നഗരത്തിന്റെ തെരുവുകളിൽ അർജന്റീന-ജോർദാൻ ആരാധകർ തീർത്ത സൗഹൃദത്തിന്റെ ഫുട്ബോൾ പൂരം ചരിത്രതാളുകളിൽ ഇടംപിടിക്കുന്നതായിരുന്നു.
മത്സരം നടന്ന അർലിംഗ്ടണിലെ ഡാലസ് സ്റ്റേഡിയം പൂർണ്ണമായും ആകാശനീലയും വെള്ളയും അണിഞ്ഞ അർജന്റീന ആരാധകരെക്കൊണ്ട് വീർപ്പുമുട്ടിയിരുന്നു. സ്റ്റേഡിയത്തിനകത്തും പുറത്തും എവിടെ നോക്കിയാലും ലയണൽ മെസ്സിയുടെ പത്താം നമ്പർ ജേഴ്സിയണിഞ്ഞ ആരാധകർ മാത്രമായിരുന്നു കാഴ്ച.
സ്റ്റേഡിയത്തിന് വെളിയിൽ ഡാലസിലെയും അർലിംഗ്ടണിലെയും തെരുവുകൾ അർജന്റീന, ജോർദാൻ ആരാധകർ ഒന്നിച്ച് കൈയടക്കി. തോൽവിയിലും തലയുയർത്തിപ്പിടിച്ച് പരമ്പരാഗത അറബിക് ഗാനങ്ങളുമായി നൃത്തം ചെയ്ത ജോർദാൻ ആരാധകർക്കൊപ്പം 'മെസ്സി.. മെസ്സി..' വിളികളുമായി അർജന്റീന ആരാധകരും ചേർന്നതോടെ തെരുവുകൾ ഒരു വലിയ കാർണിവലിന് വേദിയായി മാറി. ലാറ്റിനമേരിക്കൻ താളങ്ങളും മിഡിൽ ഈസ്റ്റേൺ ഡ്രംസും ഒത്തുചേർന്ന അത്യപൂർവ്വമായ ഫുട്ബോൾ സൗഹൃദത്തിനാണ് കളിക്ക് ശേഷം തെരുവുകൾ സാക്ഷ്യം വഹിച്ചത്.
‘കേറിവാടാ മക്കളെ’... ഡാലസ് സ്റ്റേഡിയത്തിൽ കൗതുകമായി മലയാളി ബാനറുകൾ :
മത്സരം നടന്ന ഡാലസ് സ്റ്റേഡിയത്തിനകത്തും മലയാളികളുടെ ആവേശം പ്രകടമായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ഫുട്ബോൾ ക്ലബുകളും ആരാധകരും വലിയ ആവേശത്തോടെയാണ് സ്റ്റേഡിയത്തിൽ ഒത്തുകൂടിയത്. ‘വാമോസ് അർജന്റീന’ മുദ്രാവാക്യങ്ങൾക്കൊപ്പം തികച്ചും കേരളീയ ശൈലിയിലുള്ള ‘കേറിവാടാ മക്കളെ’ എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളും സ്റ്റേഡിയത്തിൽ ഉയർത്തിപ്പിടിച്ചാണ് മലയാളികൾ കളം നിറഞ്ഞത്.
അർലിംഗ്ടണിലെ ലെവിറ്റ് പവിലിയനിൽ നടന്ന 'വിസിറ്റ് ജോർദാൻ എക്സ്പീരിയൻസ്' ഫാൻ ഫെസ്റ്റിൽ ഒത്തുകൂടിയ പതിനായിരക്കണക്കിന് ജോർദാൻ ആരാധകർ നിറഞ്ഞ കയ്യടികളോടെയാണ് തങ്ങളുടെ പ്രിയ പോരാളികൾക്ക് വിട നൽകിയത്. ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും മെസ്സിപ്പടയോട് പൊരുതി വീണ തങ്ങളുടെ പ്രിയപ്പെട്ട 'അൽ-നഷാമ' ടീമിനെ ഓർത്ത് അവർ ഏറെ അഭിമാനിച്ചു.
"ഞങ്ങൾ കളി തോറ്റിരിക്കാം, പക്ഷേ ലോകത്തെ ഏറ്റവും മികച്ച ടീമിനോടാണ് ഞങ്ങൾ കളിച്ചത്. മെസ്സിയുടെ കളി നേരിട്ട് കാണാനും, ഞങ്ങളുടെ സംസ്കാരം ഈ അമേരിക്കൻ മണ്ണിൽ ഇത്രയും വലിയ രീതിയിൽ ആഘോഷിക്കാനും കഴിഞ്ഞതുതന്നെയാണ് ജോർദാന്റെ വിജയം," ഫാൻ ഫെസ്റ്റിൽ കളി കണ്ട ഒരു ആരാധകൻ പറഞ്ഞു.
നോക്കൗട്ട് റൗണ്ട് ഇതിനകം തന്നെ ഉറപ്പാക്കിയതിനാൽ അർജന്റീന കോച്ച് ലയണൽ സ്കലോണി ആദ്യ ഇലവനിൽ പ്രധാന മാറ്റങ്ങൾ വരുത്തിയിരുന്നു. ഡാലസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽക്കേ അർജന്റീനയ്ക്കായിരുന്നു മേധാവിത്വം. ജൂലിയൻ അൽവാരസ് അടക്കമുള്ള മുൻനിര താരങ്ങളെ സ്റ്റാർട്ടിങ് ഇലവനിൽ നിലനിർത്തിക്കൊണ്ട് ഇറങ്ങിയ അർജന്റീനയ്ക്ക് തുടക്കം മുതൽക്കേ മത്സരത്തിൽ മേധാവിത്വമുണ്ടായിരുന്നു. ജോർദാൻ പ്രതിരോധനിര മികച്ച ചില സേവുകളിലൂടെ നാണക്കേടിന്റെ ഭാരം കുറച്ചെങ്കിലും അർജന്റീനയുടെ ആക്രമണ മൂർച്ചയ്ക്ക് മുന്നിൽ അവർക്ക് മറുപടിയുണ്ടായിരുന്നില്ല. എങ്കിലും തോൽവിയിലും കൈയടി നേടുന്ന പോരാട്ടവീര്യമാണ് ജോർദാൻ പുറത്തെടുത്തത്.
എന്നാൽ സ്റ്റേഡിയം കാത്തിരുന്ന നിമിഷം പിറന്നത് മത്സരത്തിന്റെ രണ്ടാം പകുതിയിലാണ്. ലയണൽ മെസ്സി പകരക്കാരനായി മൈതാനത്തേക്ക് ഇറങ്ങിയതോടെ ഗാലറി ആവേശക്കടലായി. തുടക്കത്തിൽ ലഭിച്ച ഒരു ഫ്രീകിക്ക് അവസരം മെസ്സിക്ക് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ആരാധകരെ നിരാശരാക്കാൻ താരം തയ്യാറല്ലായിരുന്നു. ഒടുവിൽ മത്സരത്തിന്റെ 80-ാം മിനിറ്റിൽ ബോക്സിന് വെളിയിൽ നിന്ന് ലഭിച്ച മറ്റൊരു ഫ്രീകിക്ക്, ജോർദാൻ പ്രതിരോധമതിലിനെയും ഗോൾകീപ്പറെയും അമ്പരപ്പിച്ച് മെസ്സി അവിശ്വസനീയമായ രീതിയിൽ വലയിലെത്തിച്ചു. ഈ ലോകകപ്പിലെ മെസ്സിയുടെ ആറാമത്തെ ഗോളായിരുന്നു ഇത്.
തങ്ങളുടെ പ്രിയ താരത്തിന്റെ വിശ്വരൂപവും ഫ്രീകിക്ക് മാജിക്കും നേരിട്ട് കാണാൻ കഴിഞ്ഞതിന്റെയും, രണ്ട് വ്യത്യസ്ത സംസ്കാരങ്ങൾ ഫുട്ബോളിലൂടെ ഒന്നിച്ചതിന്റെയും ആവേശത്തിലാണ് ടെക്സസിലെ മലയാളി ഫുട്ബോൾ പ്രേമികളും സ്റ്റേഡിയത്തിൽ നിന്നും മടങ്ങിയത്.








