ഹൂസ്റ്റണ്‍: ഇലപ്പച്ചകളില്‍ വെയില്‍ത്തുണ്ടുകള്‍ നെയ്‌തെടുക്കുന്ന മിഥുനമാസത്തിലെ ഉഷ്ണകാലം വീണ്ടുമെത്തിയിരിക്കുന്നു. വസന്തത്തിന്റെ മധുര സ്മരണകളില്‍ നിന്നും വേനലിന്റെ അത്യുഷ്ണത്തിലേക്ക് പ്രകൃതി വഴിമാറുമ്പോള്‍, ആ മാറ്റം താല്‍ക്കാലികമായ ചില അസ്വാസ്ഥ്യങ്ങള്‍ സമ്മാനിച്ചേക്കാം. എങ്കിലും, വീട്ടുപടിയ്ക്കപ്പുറത്തെ കൊച്ചുതോട്ടത്തിലേക്ക് കണ്ണെത്തിക്കുമ്പോള്‍ ഉള്ളില്‍ നിറയുന്നത് വല്ലാത്തൊരു ആനന്ദമാണ്. കൊമ്പുകളില്‍ പഴുത്തുപാകമായ പഴങ്ങളും, മാമരങ്ങളില്‍ കൂടുകൂട്ടി ചിലയ്ക്കുന്ന വൈവിധ്യമാര്‍ന്ന പക്ഷികളും, മരച്ചില്ലകളിലൂടെ ഓടിത്തിമിര്‍ക്കുന്ന അണ്ണാറക്കണ്ണന്‍മാരും ഈ ഗ്രീഷ്മകാലത്തും നാളെയെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ് നമുക്ക് പകര്‍ന്നുനല്‍കുന്നത്.
ഈ ഋതുഭേദങ്ങളുടെ പശ്ചാത്തലത്തില്‍, കലയും സംസ്‌കാരവും സര്‍വോപരി സാഹിത്യവും നെഞ്ചിലേറ്റുന്ന കേരള റൈറ്റേഴ്‌സ് ഫോറത്തിലെ പ്രിയ അംഗങ്ങള്‍ പതിവുപോലെ തങ്ങളുടെ പ്രതിമാസ യോഗത്തിനായി സ്റ്റാഫോര്‍ഡിലുള്ള 'മസാല ഹട്ട്' കേരള റെസ്റ്റോറന്റില്‍ വീണ്ടുമെത്തി. കനത്ത ഹൂസ്റ്റണ്‍ ചൂടിനും ഇടയ്ക്കിടെ പെയ്തിറങ്ങുന്ന വേനല്‍മഴയ്ക്കും ഇടിമിന്നലിനും മധ്യേയും, സാഹിത്യ പ്രേമികളായ അംഗങ്ങള്‍ ഒത്തുചേരുകയും ഹൃദ്യമായ ചര്‍ച്ചകളില്‍ പങ്കാളികളാവുകയും ചെയ്തു.
മുഖ്യ ചര്‍ച്ചാവിഷയം അവതരിപ്പിച്ചത് ചരിത്രകാരനും ഇതിഹാസ ഗവേഷകനുമായ ഡോളി കാച്ചപ്പിള്ളി ആയിരുന്നു. ഭാരതീയ ഇതിഹാസങ്ങളും മറ്റു നാടുകളിലെ സമാന കഥകളിലും പഠനം നടത്തിക്കൊണ്ടിരിക്കയാണ് കാച്ചപ്പിള്ളി. ഭാരതീയ ഇതിഹാസമായ രാമായണം അടിസ്ഥാനപരമായി ഒരു ഇന്ത്യന്‍ കാവ്യമാണെങ്കിലും, അതിന്റെ ചില ഘടകങ്ങളും കഥാപാത്രങ്ങളും സമാനമായ പ്രമേയങ്ങളും കെനിയ, സുഡാന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ വായ്‌മൊഴി പാരമ്പര്യങ്ങളിലും പ്രാദേശിക സാഹിത്യങ്ങളിലും കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവ രാമായണത്തിന്റെ നേരിട്ടുള്ള പുനരാവിഷ്‌കാരങ്ങളല്ല, മറിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള പുരാതനമായ കപ്പല്‍പ്പാതകളും വ്യാപാരബന്ധങ്ങളും വഴി രൂപപ്പെട്ട ചരിത്രപരമായ സ്വാധീനങ്ങളാണ്.
നമ്മുടെ രാമായണത്തിനു സമാനമായ കഥകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ കെനിയ, സുഡാന്‍, എത്യോപ്യ തുടങ്ങിയ ദേശങ്ങളിലും ഉണ്ടെന്ന് ഉദാഹരണസഹിതം അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെ സംഭവിച്ച കാലാകാലങ്ങളിലൂടെ വിവിധ ജനതതികളുടെ സഞ്ചാരങ്ങളിലൂടെയും കുടിയേറ്റങ്ങളിലൂടെയും കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിട്ടുണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കെനിയ സ്വാഹിലി കവിതകള്‍ ഒരു ഉദാഹരണമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡവും കിഴക്കന്‍ ആഫ്രിക്കന്‍ തീരവും തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സമുദ്രവ്യാപാരം കാരണം, സ്വാഹിലി സാഹിത്യത്തില്‍ ഇന്ത്യന്‍ സാംസ്‌കാരിക ശൈലികളുടെ വലിയ സ്വാധീനമുണ്ട്. 1728-ല്‍ എഴുതപ്പെട്ട സ്വാഹിലി ഭാഷയിലെ ഏറ്റവും പ്രശസ്തമായ ഇതിഹാസ കാവ്യങ്ങളില്‍ ഒന്നായ 'ഉതെന്‍സി വാ തമ്പുക' എന്ന കൃതിയില്‍ പറയുന്ന വീരഗാഥകളും, തട്ടിക്കൊണ്ടുപോകലുകളും, സാഹസികാന്വേഷണങ്ങളും രാമായണം പോലുള്ള ആഫ്രോ-യൂറേഷ്യന്‍ ഇതിഹാസങ്ങളുമായി ഏറെ സാമ്യമുള്ളവയാണ്.
പടിഞ്ഞാറന്‍, വടക്കന്‍ സുഡാന്‍ പ്രദേശങ്ങളിലെ വായ്‌മൊഴി കഥകളിലും പ്രാദേശിക നാടോടിക്കഥകളിലും രാമായണത്തിന് സമാനമായ പ്രധാന കഥാതന്തുക്കള്‍ കാണാം. ഉദാഹരണത്തിന്, വിശ്വസ്തയായ ഒരു ഭാര്യയെ ഒരു അന്യദേശ മന്ത്രവാദി തട്ടിക്കൊണ്ടുപോകുന്നതും, അവളെ രക്ഷിക്കാന്‍ ഭര്‍ത്താവ് നടത്തുന്ന കഠിനമായ പോരാട്ടങ്ങളും അന്വേഷണങ്ങളും ഇതിന് ഉദാഹരണമാണ്. ചെങ്കടല്‍ പാതകള്‍ വഴി പുരാതന സാമ്രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന പങ്കുവെക്കപ്പെട്ട പുരാണ പശ്ചാത്തലങ്ങളില്‍ നിന്നാണ് ഇത്തരം കഥകള്‍ രൂപപ്പെട്ടത്.
പരമ്പരാഗത എത്യോപ്യന്‍ ചരിത്രമനുസരിച്ച്, അവിടുത്തെ ഭരണാധികാരികള്‍ തങ്ങളെ 'കുഷിന്റെ' വംശപരമ്പരയായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഭാരതീയ വേദങ്ങളിലും പുരാണങ്ങളിലും ശ്രീരാമന്റെ ഇരട്ടക്കുട്ടികളില്‍ ഒരാളുടെ പേര് 'കുശന്‍' എന്നാണ്. ഈ സമാനത മുന്‍നിര്‍ത്തി, എത്യോപ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഹെയ്‌ലി സെലാസി എത്യോപ്യക്കാര്‍ക്കും ശ്രീരാമന്റെ വംശപരമ്പരയ്ക്കും തമ്മില്‍ പുരാതനമായ ഒരു ചരിത്രബന്ധമുണ്ടെന്ന് ഔദ്യോഗികമായി നിരീക്ഷിച്ചിട്ടുണ്ട്.
ചരിത്രവും ശാസ്ത്രവും ഭാവനയും ലേശം നര്‍മ്മവും കലര്‍ത്തിയുള്ള അദ്ദേഹത്തിന്റെ അവതരണം കൗതുകകരമായിരുന്നു. മാത്യു വെള്ളമറ്റം, മാത്യു നെല്ലിക്കുന്ന്, കുര്യന്‍ മ്യാലില്‍, എ.സി ജോര്‍ജ്, ജോര്‍ജ് ജോസഫ്, സജി കൊല്ലന്തറ, ബോബി മാത്യു, സുരേന്ദ്രന്‍ നായര്‍, ജോണ്‍ മാത്യു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
റൈറ്റേഴ്‌സ് ഫോറത്തിന്റെ മുന്‍ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട്, മുന്‍ പ്രസിഡന്റ് സുഗുണന്‍ ഞെക്കാടിന്റെ സഹധര്‍മ്മിണി ഭവാനി സുഗുണന്‍, റൈറ്റേഴ്‌സ് ഫോറത്തിന്റെ അഭ്യുദയകാംക്ഷിയും ഹൂസ്റ്റണിലെ ഒരു സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ജോസഫ് സി ജോസഫ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
കുര്യന്‍ മ്യാലില്‍ രചിച്ച രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. സുരേന്ദ്രന്‍ നായരും ബോബി മാത്യുവും പുസ്തകങ്ങള്‍ യഥാക്രമം ഏറ്റുവാങ്ങി. യോഗത്തില്‍ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി മോട്ടി മാത്യു അദ്ധ്യക്ഷനായിരുന്നു. സാഹിത്യ ചര്‍ച്ചയുടെ മോഡറേറ്ററായി ജോണ്‍ മാത്യു പ്രവര്‍ത്തിച്ചു. ട്രഷറര്‍ മാത്യു വെള്ളമറ്റത്തിന്റെ നന്ദി പ്രകടനത്തോടെ യോഗം സമാപിച്ചു.








