PRAVASI

ഷിക്കാഗോ സീറോ മലബാർ രൂപത രജത ജൂബിലി കൺവൻഷൻ : കൺവൻഷൻ നഗരിയിൽ “ജറൂസലേം” പുന:സൃഷ്ടിക്കുന്നു !!

Blog Image

ഷിക്കാഗോ: ഇന്ത്യക്കു പുറത്തു സ്‌ഥാപിതമായ ആദ്യ സീറോ മലബാർ രൂപതയായ  ഷിക്കാഗോ സെയിന്റ തോമസ്  സീറോ മലബാർ എപ്പാർക്കിയുടെ രജത ജൂബിലിയോടനുബന്ധിച്ചു നടക്കുന്ന കൺവൻഷനിൽ   പൗരാണിക "ജറൂസലേം" പുന:സൃഷ്ടിക്കുന്നു!  കൺവൻഷൻ നടക്കുന്ന മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് (McCormick Place) ലാണ് അറുപതിലധികം കലാകാരൻമാർ ചേർന്നൊരുക്കുന്ന "ജറുസലേം" അരങ്ങേറുന്നത്. ഇതിൽ പകുതിയോളം കലാകാരൻമ്മാർ അമേരിക്കക്കാരാണ് എന്ന പ്രത്യേകതയും ഉണ്ട്. റോമിയോ  കാട്ടൂക്കാരനാണ് ഈ  കലാസൃഷ്ടിയുടെ സംവിധാനം  നിർവ്വഹിച്ചിരിക്കുന്നത്. കൺവൻഷനിൽ പങ്കെടുക്കനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും ജൂലൈ 9-)o തീയതി വ്യാഴാഴ്ച രാവിലെമുതൽ മക്കോർമിക് സെന്ററിൽ വരുന്ന പ്രതിനിധികൾ ആസ്വദിക്കുന്നത്  പൗരാണിക ജറൂസലേമിൽ എത്തിച്ചേർന്ന  അനുഭവമായിരിക്കും. അവിടെ നിങ്ങളോടു കുശലം ചോദിക്കുന്നത്  ക്രിസ്തു ശിഷ്യൻമാരോ, ജറൂസലേം സ്ത്രീകളോ, ഒരുപക്ഷേ ഭാരത സഭയുടെ അപ്പസ്തോലനായ തോമാസ്ലീഹാതന്നെയോ ആയിരിക്കാം! കഴുതപ്പുറത്തു സഞ്ചരിക്കുന്ന ക്രിസ്തുവിനേയും,  ശിഷ്യൻമാരേയും അവിടെ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല!. ഒപ്പം, കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് ഇവരുമായി സംവദിക്കുന്നതിനുള്ള അവസരവും ഉണ്ട്.  
ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിൽ (McCormick Place)ജൂലൈ 9,10,11,12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിലാണ് സിറോ മലബാർ കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു. 
കൺവൻഷൻ  ദിവസങ്ങളിൽ,  സീറോ മലബാർ സഭാ മേജർ ആർച്ച്  ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ട്,  ആർച്ച്  ബിഷപ്പ് കാർഡിനൽ  ബ്ലേസ്‌ കുപിച്,  ആർച്ച്  ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച്  ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, ബിഷപ്പ് ഏൾ ഫെർണാണ്ടസ്, റവ. ഫാ. സേവ്യർഖാൻ വട്ടായിൽ, റവ. ഡോ. ജോസഫ് തടത്തിൽ,  റവ. ഫാ. ജോസഫ് പുത്തൻപുരയിൽ, ഫാ. ടിം അനസ്‌റ്റോസ്, റവ.  ഫാ. ജോൺ കര്ടജേ, ഡോ. എഡ്‌വേഡ് ശ്രീ, സി. ജോസ്‌ലിൻ ഇടത്തിൽ തുടങ്ങി നിരവധി പ്രമുഖർ  വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിക്കും.        
കൺവൻഷൻറെ സായാഹ്നങ്ങളെ  കൂടുതൽ ആകർഷകമാക്കാൻ നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു. ഇതിൽ, കൺവൻഷൻ തുടങ്ങുന്ന ജൂലൈ 9, വ്യാഴാഴ്ച രാത്രി ഗസ്റ്റ് ആർട്ടിസ്റ്റുകളായ പ്രസിദ്ധ സിനിമ താരം പദ്‌മശ്രീ ജയറാമും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സീറോമലബാർ കലാകാരന്മാരും  ചേർന്നൊരുക്കുന്ന "താള വിസ്മയം" എടുത്തുപറയേണ്ടതാണ്. കൂടാതെ വിവിധ ദിവസങ്ങളിൽ അരങ്ങേറുന്ന മെഗാ മാർഗ്ഗംകളി, ഡാൻസ് മത്സരം, എന്നിവയിൽ താൽപ്പര്യമുള്ളവർക്ക്  പങ്കെടുക്കാൻ അവസരം ഉണ്ട്.  വെള്ളിയാഴ്ച നടക്കുന്ന പാരിഷ് ഫെസ്റ്റ്   പരിപാടിയിൽ ഇടവക തലത്തിലുള്ള പരിപാടികൾ ഒരുങ്ങുന്നു. കുട്ടികൾക്കും യുവ ജനങ്ങൾക്കും വിവിധങ്ങളായ സ്പോർട്സ് , ഡാൻസ് പരിപാടികളിലും പങ്കെടുക്കാം. കൂടാതെ ലീഡർഷിപ്പ് പ്രോഗ്രാമുകൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളും യുവജനങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ജൂബിലി കമ്മിറ്റി കൺവീനർ റവ. ഫാ. ജോൺ മേലേപ്പുറം,   ചെയർമാൻ ജോസഫ് ചാമക്കാല, കൺവൻഷൻ കമ്മിറ്റി കൺവീനർ  റവ. ഫാ. തോമസ് കടുകപ്പിള്ളിൽ, ചെയർമാൻ ബിജി സി. മാണി, ജോയിൻറ്  കൺവീനർ റവ. ഫാ. ജോയൽ പയസ്, കൺവൻഷൻ യൂത്ത് കൺവീനർ റവ. ഫാ. മെൽവിൻ പോൾ, സെക്രട്ടറി ബീന വള്ളിക്കളം,  ഫിനാൻസ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂ  തോമസ്, ഫസിലിറ്റി ചെയർമാൻ ജോണി വടക്കുംചേരി, പ്രോഗ്രാം ചെയർമാൻ ജോഷി കുഞ്ചെറിയ, മാർക്കറ്റിങ് ചെയർമാൻ സജി വർഗീസ് , ജോയിൻ്റ് സെക്രട്ടറി ആനി മാനാട്ട്, എന്നിവരോടൊപ്പം ഫോക്കസ് ട്രാക്ക്(യൂത്ത്) ലീഡ്സ് മാത്യു തോമസ്, കെന്നിറ്റാ ജോസ് കുമ്പിളുവേലി ലിയ ജോസഫ്, എന്നിവരടങ്ങുന്ന  വിപുലമായ കമ്മിറ്റികൾ സിൽവർ ജൂബിലി കൺവൻഷൻറെ വിജയത്തിനായി  അക്ഷീണം പ്രവർത്തിച്ചുവരുന്നു.

Romeo Kattukkaran

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.