PRAVASI

ക്രിസ്മസ് സകല ജനങ്ങള്‍ക്കുമായുള്ള സദ്വാര്‍ത്ത

Blog Image

ക്രിസ്തുവിന്‍റെ ജനനം ചരിത്രത്തെ എ.ഡി. എന്നും ബി.സി. എന്നും  വിഭജിച്ച് ചരിത്രാതീതമായ് നിലകൊള്ളുന്നതിന്‍റെ രഹസ്യം എന്താണ്? .  നിരവധി ദൈവങ്ങള്‍ ഈ ഭൂമുഖത്ത് ജനിച്ച് മരിച്ച് അന്ത്യം പ്രാപിച്ചെങ്കിലും ക്രിസ്തു മാത്രമാണ് മരിച്ചിട്ടും ഉയര്‍ത്തെഴുന്നേറ്റ ലോക രക്ഷിതാവ്, അതുകൊണ്ടാണ് കിസ്ത്യാനികളും അക്രൈസ്തവരുമെല്ലാം ക്രിസ്മസിനെ         വരവേല്‍ക്കുന്നത്. ക്രിസ്തുവിന്‍റെജനനവും,മരണവും,ഉയര്‍ത്തെഴുന്നേല്‍പ്പും എല്ലാ പ്രവചനങ്ങളുടെയും പൂര്‍ത്തീകരണം കൂടിയാണ്.
ക്രിസ്തുവിന്‍റെ ജനനം ബേത്ലഹേമില്‍ സംഭവിക്കുമെന്ന് മീഖപ്രവചിച്ചിരുന്നു (മീഖ 5 ന്‍റെ 2). ക്രിസ്തുജനിക്കുന്നത് കന്യകയില്‍ക്കൂടിയാണെന്ന് യെശയ്യാവ്പ്രവാചകന്‍ മുന്നവേ അറിയിച്ചിരുന്നു (യെശയ്യാവ് 7 ന്‍റെ 14). ക്രൂശീകരണത്തിന് ശേഷം ക്രിസ്തു ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് യെശയ്യാവിന് ദൈവീക അരുളപ്പാട് ലഭിച്ചിരുന്നു (യെശയ്യാവ് 53 ന്‍റെ 10). വര്‍ത്തമാന കാലഘട്ടത്തില്‍ സന്തോഷവും സമാധാനവും അനുദിനം  നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.   വര്‍ദ്ധിച്ചുവരുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക തകര്‍ച്ചകള്‍, കുടുംബ തകര്‍ച്ചകള്‍, തീരാരോഗങ്ങള്‍, അനീതി, അതിക്രമങ്ങള്‍ തുടങ്ങിയ അടിസ്ഥാന ഘടകങ്ങളാണ് അസന്തുഷ്ടിയുടെയും അസമാധാനത്തിന്‍റെയും പ്രധാന കാരണങ്ങള്‍. സമ്പത്ത് ഘടനയില്‍ മുതലാളിത്വം വര്‍ദ്ധിക്കുകയും, ഇല്ലാത്തവരുടെ ഉള്ളതും നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ ഭരണ തന്ത്രങ്ങള്‍, ഭാഷയിലും, വര്‍ഗ്ഗത്തിലും, മതങ്ങളിലും വ്യത്യസ്ഥ രൂപങ്ങളും ഭാവങ്ങളും സൃഷ്ടിച്ച് മനുഷ്യര്‍ പരസ്പരം ചൂഷണം ചെയ്യുന്ന പ്രവണതകളാണ് ഇന്ന് നാം അഭിമുഖീകരിക്കുന്ന മറ്റൊരു സാമൂഹ്യ തിന്മ.  ഇവിടെയാണ് ഒരു ഉദ്ധാരകന്‍റെ പ്രസക്തി. പാപിയായ മനുഷ്യനെ രക്ഷിപ്പാനായി ക്രിസ്തു താഴ്മ ധരിച്ച് ജനിച്ചിരിക്കുന്നു എന്നതാണ് ക്രിസ്മസ്സിന്‍റെ കാതലായ  സന്ദേശം. രക്ഷ എന്ന മൂലപദത്തിന്‍റെ അര്‍ത്ഥം-വിടുതല്‍, സൂക്ഷിപ്പ്, സൗഖ്യം,  എന്നാകുന്നു. ആത്മാവിനോടുള്ള ബന്ധത്തില്‍ പാപത്തില്‍ നിന്നുള്ള വിടുതലാണ് രക്ഷ. അപ്പോള്‍ തന്നെ അത് ശിക്ഷാ വിധിയില്‍ നിന്നുള്ള  വിടുതലാകുന്നു. ഏക മനുഷ്യനാല്‍ പാപവും, പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു ( റോമര്‍ 5 ന്‍റെ 12),  അതുകൊണ്ടാണ് സര്‍വ്വ   ജനങ്ങള്‍ക്കും പാപത്തില്‍ നിന്ന് മോചനം ആവശ്യമായിരിക്കുന്നത്. സല്‍പ്രവര്‍ത്തികൊണ്ട് പാപത്തില്‍ നിന്ന് മോചനം ലഭിക്കുകയും ഇല്ല. കര്‍ത്താവായ യേശുക്രിസ്തുവില്‍ക്കൂടി മാത്രമാണ് രക്ഷ ലഭിക്കുന്നത്. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് സൗജന്യമായ രക്ഷ ലഭിക്കുന്നതാണ്. ബേത്ലഹേമില്‍ പിറന്ന യേശു നമ്മില്‍ ജനിക്കണം. യേശു എന്ന പദത്തിനര്‍ത്ഥം യഹോവ രക്ഷയാകുന്നു. നമ്മുടെ ക്രിസ്മസ്സ്    ആഘോഷം താല്ക്കാലികമാകരുത്, പ്രസ്തുത അത് നിത്യതവരെ പിന്‍തുടരുന്നതായിരിക്കണം.

സമൂഹത്തില്‍ ദരിദ്രാവസ്ഥയില്‍ കഴിയുന്ന ജനങ്ങളുടെ താല്ക്കാലിക ഭവനങ്ങളാണ് പുല്ല്കൊണ്ട് നിര്‍മ്മിക്കുന്നത്. ക്രിസ്തു ജനിച്ചതും പുല്‍ക്കൂട്ടിലാണ്. അതും വഴിയമ്പലത്തില്‍. നാം  ഇവിടെ  പരദേശികളാണെന്ന  ചിന്തയാണ് നമ്മെ ഭരിക്കേണ്ടത്. ഇവിടെ നമ്മളുടെ ജീവിതം വഴിയമ്പലത്തിന് തുല്യം. ഏറെയായാല്‍ ഭൂമിയിലെ വാസം എഴുപത്  അല്ലെങ്കില്‍ എണ്‍പത് സംവത്സരം.  പുല്‍ക്കൂട് നല്‍കുന്ന സന്ദേശവും  ഇതാണ്. താല്‍ക്കാലിക ഭവനം വിട്ട് നിങ്ങള്‍ ഒരുനാള്‍ ഈ ലോകത്തോട് വിടപറയും. അതുകൊണ്ട് നിങ്ങള്‍ നിത്യതയ്ക്കായി ഒരുങ്ങുക. പുല്‍ക്കൂട് സ്നേഹത്തിന്‍റെയും, സഹനത്തിന്‍റെയും, താഴ്മയുടേയും ഉറവിടമാണ്. സാമൂഹ്യതലത്തില്‍ ക്രിസ്തുവിന്‍റെ മാതൃകയായിരിക്കട്ടെ നമ്മുടെ ജീവിതത്തിലും അനുവര്‍ത്തീകരിക്കേണ്ടത്.
യേശുവിന്‍റെ ജനനത്തിന്നടയാളമായി ഉദിച്ച നക്ഷത്രത്തെ പിന്‍തുടര്‍ന്ന്, യാത്രയില്‍ വിദ്വാന്‍മാര്‍ ലക്ഷ്യം തെറ്റിയതുമൂലം ചെന്നെത്തിയത് ഹെരോദരാജാവിന്‍റെ കൊട്ടാരത്തിലാണ്. യേശുവിനെ കാണുന്നതിനായിട്ട് യാത്ര പുറപ്പെട്ട അവര്‍ നക്ഷത്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടതുമൂലം അന്ധകാരത്തില്‍ തപ്പിതടയുന്ന അനുഭവത്തിലായി തീര്‍ന്നു അവരുടെ യാത്ര. ഇന്നും അനേകരുടേയും ക്രിസ്തീയ ജീവിതം ഇതുപോലെ ആയിത്തീര്‍ന്നിരിക്കുകയാണ്. ജീവിതത്തിന് എപ്പോഴും ലക്ഷ്യബോധം  ഉണ്ടായിരിക്കേണം.  നമ്മുടെ ക്രിസ്മസ് സുദിനം പ്രൗഢ  ഗംഭീരമായി ആഘോഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സ്വയം ആത്മ പരിശോധന ചെയ്യുന്നത് ഉചിതമായിരിക്കും. നാം തെരെഞ്ഞെടുക്കുന്ന സഞ്ചാരപാത ഏതു വിധം? വഴിതെറ്റി ഹെരോദ രാജാവിന്‍റെ കൊട്ടാരത്തില്‍ ആയിരിക്കയാണോ? അങ്ങനെയെങ്കില്‍ ക്രിസ്മസ് സുദിനത്തില്‍ ഒരു മടങ്ങിവരവ് ആവശ്യമാണ്.

ക്രിസ്തു നമ്മില്‍ജനിക്കണം.അത് സന്തോഷത്തിന്‍റെയും, സമാധാനത്തിന്‍റെയും, അതിലുപരി നിത്യതയുടേയും പാന്ഥാവാകുന്നു. സമര്‍പ്പണത്തില്‍ നിന്ന് ഉരുവാകുന്ന സന്തോഷവും സമാധാനവുമാണ് യഥാര്‍ത്ഥ ക്രിസ്മസ്.      

രാജു തരകൻ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.