ALF2024 ആയിരുന്നു വേദി.ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അദ്ദേഹത്തിന്റെ പ്രഭാഷണവും കവിതാപാരായണവും. ഇതിനുമുൻപ് ഒരിക്കലേ കണ്ടിട്ടുള്ളു. പ്രീഡിഗ്രി കാലഘട്ടത്തിലെപ്പോഴോ . അന്ന് 'നീയേതാ' എന്നൊരു ഒറ്റവരി കവിത ചൊല്ലിത്തന്നു എനിക്ക് . ഒരിക്കൽ വീട്ടിൽ പോയി..കോളേജ് ഫൈൻ ആർട്ട്സ് ഉൽഘാടനത്തിന് ക്ഷണിക്കാൻ.
ALF2024 ആയിരുന്നു വേദി.ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അദ്ദേഹത്തിന്റെ പ്രഭാഷണവും കവിതാപാരായണവും.
ഇതിനുമുൻപ് ഒരിക്കലേ കണ്ടിട്ടുള്ളു. പ്രീഡിഗ്രി കാലഘട്ടത്തിലെപ്പോഴോ . അന്ന് 'നീയേതാ' എന്നൊരു ഒറ്റവരി കവിത ചൊല്ലിത്തന്നു എനിക്ക് .
ഒരിക്കൽ വീട്ടിൽ പോയി..കോളേജ് ഫൈൻ ആർട്ട്സ് ഉൽഘാടനത്തിന് ക്ഷണിക്കാൻ. വിജയലക്ഷ്മി പറഞ്ഞു, ബാലൻ ഇവിടെ ഉണ്ടായിരുന്നുന്നെങ്കിൽ ഓടിച്ചേനെ എന്ന് . ഏതോ കോളേജിലെ ഉൽഘാടന മഹാമഹത്തിലെ ദുരനുഭവം.
ചുള്ളിക്കാടിനെ കേൾക്കുകയായിരുന്നു..
അദ്ദേഹം മോഡറേറ്ററായ എതിരനോട് പറയുന്നു..കവികൾ അറിഞ്ഞതിലും കൂടുതൽ അറിയാത്തകാര്യങ്ങൾ ആയിരിക്കും എന്ന് ... എനിക്ക് തോന്നി, എങ്ങിനെ കൊലപാതകം നടത്താം എന്ന് കവികൾക്ക് കൃത്യമായി അറിയാം . അത്രയും കൃത്യതയോടെ മറ്റൊന്നിനെക്കുറിച്ചും അവർക്കറിവുണ്ടാവില്ല . ചിലപ്പോൾ ഒട്ടും ചോര പൊടിയാതെ , മറ്റു ചിലപ്പോൾ രക്തം വാർന്ന് , പക്ഷെ വേദനിപ്പിച്ചു തന്നെ പലയാവർത്തി കൊല്ലും.
അല്ലെങ്കിൽ വീടുപേക്ഷിക്കേണ്ടി വന്ന ഓരോരുത്തരും പറയട്ടെ .. 'പാതി ചാരിയ ആ പടിയിൽ' തട്ടി വീണു മരിച്ചിട്ടില്ലെന്ന്.
നിരർത്ഥകജീവിതം ഒരു ‘എക്സിസ്റ്റെൻഷ്യൽ ക്രൈസിസ് ‘ ആവുമ്പോൾ, ആത്മഹത്യക്കും കൊലയ്ക്കും ഇടയിലൂടാർത്ത നാദം പോലെ പായുന്ന ജീവിതം എന്ന വരികൾക്ക് എന്ത് മൂർച്ചയാണെന്ന് .
ഒന്നോർത്തു നോക്ക് ...കമിതാവിന്റെ അസാന്നിധ്യത്തെക്കാൾ വീണ്ടും വീണ്ടും കൊന്നത് ആ വരികളല്ലേ..
അയ്യപ്പൻറെ, റോഡിൽ രക്തം വാർന്ന് മരിച്ചവന്റെ പോക്കറ്റിലെ അഞ്ചു രൂപയിലായിരുന്നു എന്റെ കണ്ണ് എന്നൊരൊറ്റ വരിയിൽ , ഒരു നിമിഷത്തേക്കെങ്കിലും ആത്മനിന്ദയാൽ ചത്ത് പോയെങ്കിൽ എന്ന് തോന്നിയിട്ടില്ലേ ( എഴുത്തുകാരൻ മരിക്കുന്നതിന്റെ അടുത്ത ദിവസം സമ്പൂർണകൃതികളുടെ പരസ്യം ചെയ്യുന്ന പ്രസാധകനെ ഒഴിവാക്കിയിരിക്കുന്നു)
എനിക്കുമുണ്ടൊരനുഭവം , ഞാൻ ഇന്നലെ അദ്ദേഹത്തോടത് പറഞ്ഞു.
തൊണ്ണൂറുകളുടെ അവസാനത്തിൽ ബൈക്കപകടത്തിൽ പെട്ട് സുഹൃത്ത് മരിക്കുന്നു..ആഫ്റ്റർ ഷോക്കിൽ പെട്ട് ജീവിക്കുന്ന കാലത്ത് പുതിയ പുസ്തകം തപ്പി ഇറങ്ങിയതാണ് . പ്രസ്സ് ക്ലബ് റോഡിലെ കറന്റിൽ, പുസ്തകറാക്കിൽ, വേട്ടക്കാരൻ ഇരയെ കാത്ത് ഒളിച്ചിരിക്കുന്നത് പോലെ, ചുള്ളിക്കാടിന്റെ 'ഡ്രാക്കുള' .. പേജ് മറിച്ച് ആദ്യം വായിച്ച കവിത, 'ബാധ'.
ബൈക്കപകടം ഒരു പുതുമയല്ല ,
തല തകർന്നു മരണം ഒരു പുതുമയല്ല
ഓൾഡ് മങ്ക് സായാഹ്നങ്ങൾക്ക് വിട ,
മാച്ചിസ്‌മോ വേഗങ്ങൾക്ക് വിട
ഇനിയുള്ള കാലം നിന്റെ മാംസത്തോട് പച്ചമണ്ണ് സംസാരിക്കും ..
ഓരോ തവണ വായിക്കുമ്പോഴും ഇപ്പൊഴും ഇഞ്ചിഞ്ചായി മരിച്ചു കൊണ്ടിരിക്കുന്നു..
എനിക്ക് തോന്നുന്നു..കവികൾക്ക് എല്ലാം അറിയാം ..
'വായനക്കാരെ കൊല്ലാനുള്ള ആയിരത്തിഒന്ന് വഴികൾ' എന്ന് പ്രബന്ധം എഴുതാനും മാത്രം അറിവ്..
ചുള്ളിക്കാടിനെ കേൾക്കുകയായിരുന്നു.. 'സ്റ്റോക്ക്ഹോമിലെ ഹേമന്തം' ... പിന്നെ ഒരുപാട് ചെറിയ കവിതകളും .
ഇടയ്ക്കെപ്പോഴോ കേട്ട വരികളിൽ പൊടിഞ്ഞ കണ്ണീരിന്റെ ജാള്യത മറയ്ക്കാൻ ഞാൻ പാടുപെടുന്നതിനിടയിൽ അടുത്ത കസേരയിൽ നിന്നൊരു ദീർഘനിശ്വാസം കേട്ടു .. ഭാഗ്യം ഞാൻ ഒറ്റയ്ക്കല്ല..
ചിത്രങ്ങളിൽ ചുള്ളിക്കാട് മാത്രമേയുള്ളൂ..സുന്ദരനാണ് ഇപ്പോഴും..എന്റെ ഉള്ളിലെ ഒരു പെൺകുട്ടിക്ക് കൗതുകം കൂട്ടാൻ മാത്രം സുന്ദരനായ കവി..
കൂടെ നിന്നൊരു പടം പിടിക്കണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഇനിയൊരിക്കലാവട്ടെ...
ബോബി ബാൽ