PRAVASI

കൊൽക്കത്തക്കാർക്ക് മാത്രമായി സിംഗിൾ മാൾട്ട് വിസ്കി പുറത്തിറക്കി

Blog Image

കൊൽക്കത്തക്കാർക്ക് മാത്രമായി സിംഗിൾ മാൾട്ട് വിസ്കി പുറത്തിറക്കി ലോകത്തിലെ ഏറ്റവും മികച്ച വിസ്കി നിർമ്മാതക്കളായ അമൃത് ഡിസ്റ്റിലറീസ്. കൊൽക്കത്തയുടെ സാംസ്കാരികവും ചരിത്രപരവുമായ സമ്പന്നതയെ ആഘോഷിക്കുന്ന ‘സിറ്റി ഓഫ് ജോയ്’ എന്ന ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ട് വിസ്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. കൊൽക്കത്ത നഗരത്തിൽ മാത്രമാണ് ഇത് ലഭ്യമാകുക. ഒരു നിർദ്ദിഷ്ട നഗരത്തിൽ മാത്രമായി വിൽപ്പന നടത്തുന്ന അമൃതിൻ്റെ ആദ്യ ഉൽപ്പന്നവും ഇതാണ്.

ഹൗറ പാലം, വിക്ടോറിയ മെമ്മോറിയൽ, റിക്ഷാ തൊഴിലാളികള്‍ എന്നിവയടക്കം പശ്ചിമ ബംഗാളിലെ ഐക്കണിക് ലാൻഡ്‌മാർക്കുകൾ അടയാളപ്പെടുത്തിയാണ് ‘’സിറ്റി ഓഫ് ജോയ്’യുടെ പാക്കിംഗ്. ഫ്രഞ്ച് എഴുത്തുകാരനായ ഡൊമിനിക് ലാപിയറിന്റെ പ്രസിദ്ധമായ നോവലാണ് സിറ്റി ഓഫ് ജോയ് (City of Joy). ഈ നോവലിൽനിന്നാണ് കൊൽക്കത്തയ്ക്ക് ‘സിറ്റി ഓഫ് ജോയ്’ (സന്തോഷത്തിൻ്റെ നഗരം) എന്ന് വിളിപ്പേരുണ്ടായത്.

പശ്ചിമ ബംഗാൾ സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കൊൽക്കത്തയിലെ പർസൻ എൻ്റർപ്രൈസസിനൊപ്പം ചേർന്നാണ് പുതിയ സിംഗിൾ മാൾട്ട് അമൃത് പുറത്തിറക്കിയിരിക്കുന്നത്. 48 ശതമാനം വീര്യമാണ് (Alcohol By Volume/ABV) ഈ ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ടിൻ്റെ പ്രധാന പ്രത്യേകത. ഗോൾഡൻ സിറപ്പ്, വാനില, സിട്രസ്, ഓക്ക് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച രുചിക്കൂട്ട് ആസ്വാദനത്തിൻ്റെ നിലവാരം ഉയർത്തുമെന്നും കമ്പനി അവകാശപ്പെടുന്നു.

1948ൽ രാധാകൃഷ്ണ ജഗ്ദാലെ കർണാടകയിൽ സ്ഥാപിച്ചതാണ് അമൃത് ഡിസ്റ്റിലറീസ്. സിൽവർ കപ്പ് ബ്രാണ്ടിയായിരുന്നു ആദ്യ ഉല്‍പ്പന്നം. പിന്നീട് സിംഗിൾ മാൾട്ട് വിസ്കി, ബ്രാണ്ടി, റം, വോഡ്ക, ജിൻ, ബ്ലെൻഡഡ് വിസ്കി, സിൽവർ ഓക്ക് ബ്രാണ്ടി, ഓൾഡ് പോർട്ട് റം തുടങ്ങിയവയെല്ലാം കമ്പനി നിർമ്മിക്കാൻ ആരംഭിച്ചു. 2004 ലാണ് സിംഗിൾ മാൾട്ട് വിസ്കികളിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ലോകപ്രശസ്ത എഴുത്തുകാരനും വിസ്കി നിരൂപകനുമായ ജിം മുറെ, 2005ലും 2010ലും 100 ൽ 82 എന്ന റേറ്റിങ് അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്കിക്ക് നൽകിയതിന് ശേഷമാണ് ബ്രാൻഡ് ആഗോള തലത്തിൽ ശ്രദ്ധ നേടുന്നത്. 2010 ൽ അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്കിയെ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിസ്കിയായി മുറെ തിരഞ്ഞെടുത്തു. 2019 ൽ, അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കി ‘വേൾഡ് വിസ്‌കി ഓഫ് ദ ഇയർ’ അവാർഡും അമൃത് ഡിസ്റ്റിലറീസ് 2019ലെ സാൻ ഫ്രാൻസിസ്‌കോയിലെ ബാർട്ടെൻഡർ സ്പിരിറ്റ്‌സ് അവാർഡിൽ ‘വേള്‍ഡ് വിസ്‌കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ’ അവാർഡും നേടിയിട്ടുണ്ട്.

അടുത്തിടെ ഇന്ത്യന്‍ വിസ്‌കി ബ്രാന്‍ഡായ ‘‘ഇൻഡ്രി ഡ്രു’’ ലോകത്തെ അതിവേഗ വളര്‍ച്ച നേടുന്ന ബ്രാന്‍ഡായി മാറിയിരുന്നു. പുറത്തിറക്കി രണ്ടു വര്‍ഷം കൊണ്ട് ഒരു ലക്ഷം കുപ്പികളാണ് വിറ്റഴിച്ചത്. ജപ്പാൻ, നെതർലാൻഡ്സ്, നോർവേ, സിംഗപ്പൂർ, സ്പെയിൻ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, സ്വിറ്റ്സർലൻഡ്, തായ്വാന്‍, യുകെ, യുഎസ് എന്നിവയുൾപ്പെടെ 23 രാജ്യങ്ങളിൽ അമൃത് ഡിസ്റ്റിലറീസിന്‍റെ വിസ്കി ബ്രാൻഡുകൾ നിലവില്‍ വിൽപന നടത്തുന്നുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.