PRAVASI

ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി :63ാമത് സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് തുടങ്ങി

Blog Image

തിരുവനന്തപുരം: 63ാമത് സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസം​ഗമധ്യേ ചൂണ്ടിക്കാട്ടി. കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 5 നാൾ നീളുന്ന കൗമാരകലാമേളയിൽ അനന്തപുരി ആവേശഭരിതമാകും. സെൻട്രൽ സ്റ്റേഡിയത്തിലെ ഏഷ്യാനെറ്റ് ന്യൂസ് പവിലിയൻ ​കവിയും ​ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി ഉ​ദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസിന് അദ്ദേഹം എല്ലാ വിധ ആശംസകളും നേർന്നു. 25 വേദികളിലായി നടക്കുന്ന 249 മത്സരങ്ങളിൽ പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. 

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ അഞ്ച് നൃത്തരൂപങ്ങൾ കൂടി മത്സരയിനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച വെള്ളാര്‍മല ജിഎച്ച്സിലെ വിദ്യാര്‍ത്ഥികള്‍ ഉദ്ഘാടന വേദിയില്‍ സംഘനൃത്തം അവതരിപ്പിച്ചു. 

'കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള പരസ്പരസ്നേഹവും സാഹോദര്യവും സഹവർത്തിത്വവും ഐക്യവും എല്ലാം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ്. കലാപ്രകടനങ്ങൾക്കുള്ള വേദിയായിരിക്കുമ്പോൾ തന്നെ അത്തരം കാഴ്ചപ്പാടുകൾക്കു കൂടി ഇവിടെ പ്രാധാന്യം കൈവരണം. ചിലപ്പോഴെല്ലാം കലോത്സവ വേദികൾ കിടമത്സരങ്ങളുടെയും തർക്കങ്ങളുടെയും എല്ലാം വേദിയാകാറുണ്ട്. അതുണ്ടാവാതെ ഇരിക്കാനും കലാപരമായ കഴിവുകളുടെ പ്രകാശനത്തിനു കൈവരുന്ന അവസരമായി ഇതിനെ കാണാനും എല്ലാവരും ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.' എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.